സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്: പുരുഷന്മാരിൽ മലപ്പുറം,വനിതകളിൽ തിരുവനന്തപുരം

തിരൂർ: സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ മലപ്പുറത്തിനും വനിതകളിൽ തിരുവനന്തപുരത്തിനും കിരീടം. തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഇരു വിഭാഗത്തിലും മലപ്പുറവും തിരുവനന്തപുരവും തമ്മിലായിരുന്നു കലാശപ്പോരാട്ടം. ആവേശകരമായ അഞ്ച് സെറ്റുകൾ നീണ്ട പുരുഷ വിഭാഗം ഫൈനലിൽ ആദ്യ സെറ്റ് കൈവിട്ട ആതിഥേയരായ മലപ്പുറം രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റിൽ ഗംഭീര തിരിച്ചുവരവ് നടത്തുകയും അഞ്ചാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കിരീടം സ്വന്തമാക്കുകയായിരുന്നു. സ്കോർ: 21-25, 26-24, 25-20, 19-25, 15-1-3.
വനിത വിഭാഗം ഫൈനലിൽ മലപ്പുറത്തെ നേരിട്ട മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം ജേതാക്കളായത്. സ്കോർ: 25-16, 25–9, 25-18. വിജയികൾക്കും റണ്ണേഴ്സപ്പിനുമുള്ള ട്രോഫികൾ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കൈമാറി. കുറുക്കോളി മൊയ്തീൻ എംഎൽഎ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ ആഷിഖ് കൈനിക്കര, സി കെ ഉസ്മാൻ ഹാജി, ഗഫൂർ പി ലില്ലീസ്, സെബാസ്റ്റ്യൻ ജോർജ്, ഇ. ഫൈസൽ ബാബു , വി. അഷ്റഫ്, ദാമോദരൻ എന്നിവർ സംസാരിച്ചു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ, സംസ്ഥാന-ജില്ല വോളിബോൾ ടെക്നിക്കൽ കമ്മിറ്റി, ഡൗൺ ബ്രിഡ്ജ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തിരൂർ എന്നിവർ സംയുക്തമായാണ് ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശവുമായാണ് സംസ്ഥാന സീനിയർ പുരുഷ, വനിത വോളിബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.










0 comments