print edition എസ്എസ്കെയിൽ ‘സെലക്ടീവ്’ പിരിച്ചുവിടൽ; പ്രതികാര നടപടി തുടർന്ന് സർക്കാർ


സ്വന്തം ലേഖകൻ
Published on Sep 14, 2026, 02:56 AM | 1 min read
തിരുവനന്തപുരം: സമഗ്ര ശിക്ഷ കേരളയിൽ (എസ്എസ്കെ) മുന്നറിയിപ്പില്ലാതെയാണ് പിരിച്ചുവിടൽ പ്രതികാര നടപടി തുടർന്ന് യുഡിഎഫ് സർക്കാർ. 2027 മാർച്ച് വരെ തുടരുന്ന നിപുൺ ഭാരത് മിഷൻ ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത് പദ്ധതിയുടെ കാലാവധി അവസാനിച്ചുവെന്ന് പറഞ്ഞാണ്. മൂന്നാംക്ലാസ്സ് വരെയുള്ള കുട്ടികളിൽ അടിസ്ഥാന സാക്ഷരത ഉറപ്പാക്കുകയാണ് മിഷന്റെ ലക്ഷ്യം.
എസ്എസ്കെയിൽ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ ജോലി ചെയ്യുന്ന ഓഫീസ് അറ്റൻഡർമാരെ ഒപ്പിടാൻ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. ദിവസ വേതനക്കാരായ ഇവരോട്, പുതിയ ആളുകൾ എത്തുമ്പോൾ പിരിഞ്ഞുപോകണം എന്നാണ് നിർദേശം. അതേസമയം, സംസ്ഥാന ഓഫീസിൽ ഒരേ തസ്തികയിൽ ജോലി ചെയ്യുന്നവരിൽ ചിലരെ നിലർത്തുകയും മറ്റുള്ളവരെ പറഞ്ഞു വിടുകയുമാണ്. 16 വർഷംവരെ സർവീസുള്ളവരോടാണ് രാഷ്ട്രീയ വിരോധത്താൽ പകപോക്കൽ. ക്ലർക്ക്, ഡ്രൈവർമാർ, സെക്യൂരിറ്റി തുടങ്ങി കുറഞ്ഞ വേതനം കൈപ്പറ്റുന്നരെയാണ് ഇത്തരത്തിൽ പറഞ്ഞു വിടുന്നത്.
നിലവിൽ എസ്എസ്കെയിലുണ്ടായിരുന്ന ട്രെയിനർമാർ വിദ്യാലയങ്ങളിലേക്ക് തിരിച്ചുപോയതോടെ കേരളത്തിലെ ബിആർസികൾ അനാഥമാണ്. ഒരു ബിആർസിയിൽ നാലു ട്രെയിനർമാരും ഒരു ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്ററും ആണുള്ളത്.
പരിമിതമായ ദിവസവേതനത്തിൽ ജോലിചെയ്യുന്ന ആയിരത്തോളം ക്ലസ്റ്റർ കോർഡിനേറ്റർമാരെ പകരം ആളെ നിയമിക്കാതെ പിരിച്ചുവിട്ടിരുന്നു. എസ്എസ്കെ വഴിയുള്ള വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, അക്കാദമിക് പിന്തുണ പരിപാടികൾ എന്നിവ ഏകോപിപ്പിക്കേണ്ടത് ക്ലസ്റ്റർ കോർഡിനേറ്റർമാരാണ്. ഭരണാനുകൂല സംഘടനകൾക്കിടയിലെ ഭിന്നതയാണ് എസ്എസ്കെയിലെ നിയമനങ്ങൾ വൈകിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്. കേന്ദ്രം രാഷ്ട്രീയ പകപോക്കലിൽ ഫണ്ട് തടഞ്ഞപ്പോഴും, സംസ്ഥാന വിഹിതം മുൻകൂറായി അനുവദിക്കാൻ എൽഡിഎഫ്എ സർക്കാർ ശ്രദ്ധിച്ചിരുന്നു.









0 comments