ഇടവയിൽ കായലിൽ ചാടിയ യുവാവിനായി തിരച്ചിൽ

പ്രതീകാത്മകചിത്രം
വർക്കല: ഇടവയിൽ എക്സൈസ് സംഘത്തെ കണ്ട് കായലിൽ ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു. ഇടവ നിരാല ജംഗ്ഷന് സമീപത്ത് കായൽ തീരത്ത് ഉണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാളാണ് കായലിൽ ചാടിയതെന്നാണ് വിവരം. തിങ്കൾ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. മദ്യപസംഘത്തിനെക്കുറിച്ച് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് വർക്കല എക്സൈസ് ഓഫീസിലെ നാലു പേർ മഫ്തിയിൽ ഇടവയിൽ എത്തിയതെന്നാണ് വിവരം.
ഇതിനിടെ സംഘത്തിലെ ഒരാൾ ഭക്ഷണം വാങ്ങാൻ റോഡിലേയ്ക്ക് ഇറങ്ങിയപ്പോൾ സ്ഥലത്ത് എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടു. ഉടൻ തന്നെ ഫോണിൽ ബാക്കിയുള്ളവർക്ക് സന്ദേശം നൽകുകയായിരുന്നു. വിവരം അറിഞ്ഞ് 2 പേർ ഓടി രക്ഷപ്പെട്ടു. മൂന്നാമൻ കായലിൽ ചാടി. എക്സൈസ് അറിയിച്ചതനുസരിച്ച് അയിരൂർ പൊലീസ് സ്ഥലത്തെത്തി. സ്കൂബ ടീം കായലിൽ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
ആറുമണി കഴിഞ്ഞതോടെ തിരച്ചിൽ അവസാനിപ്പിച്ചു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ബാഗിൽ നിന്ന് ഒരുതിരിച്ചറിയൽ കാർഡും 4 ഗ്രാം എംഡിഎംഎയും കഞ്ചാവും ലഭിച്ചു. അഭിജിത്ത് എന്നാണ് തിരിച്ചറിയൽ കാർഡിലുള്ള പേര്. ഇതിനടുത്ത് തന്നെ ലഹരിയ്ക്ക് അടിമയായി കിടന്ന വെട്ടൂർ സ്വദേശി മുഹമ്മദിനെ എക്‌സൈസ് കസ്റ്റഡിലെടുത്തു.









0 comments