വിതരണോദ്‌ഘാടനം 13ന് മുഖ്യമന്ത്രി നിർവഹിക്കും
print edition അടുത്ത അധ്യയന വർഷത്തെ സ്‌കൂൾ പാഠപുസ്‌തകങ്ങൾ റെഡി

തിരുവനന്തപുരം
അടുത്ത അധ്യയന വർഷത്തിലെ പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ സ്കൂള്‍ യുണിഫോം, കൈത്തറി യുണിഫോം പദ്ധതിയുടെയും സംസ്ഥാന ഉദ്ഘാടനം വെള്ളിയാഴ്‌ച നടക്കും. പകൽ 12 ന് പട്ടം സെന്റ് മേരീസ് സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൂന്നുമാസങ്ങൾ മുന്പേയാണ് പാഠപുസ്‌തക വിതരണം ആരംഭിക്കുന്നത്. ഒന്നു മുതൽ 10 വരെ ക്ലാസുകളിലേയ്ക്കായി 3.5 കോടി പാഠപുസ്തകങ്ങൾ ഒന്നാം വാല്യത്തിലും രണ്ടാം വാല്യത്തിൽ 1.9 കോടി പാഠപുസ്തകങ്ങളുമാണ് വേണ്ടത്. ഇതിൽ 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി കെബിപിഎസിൽ പൂർത്തിയായി. ഇതിൽ 55 ലക്ഷം പാഠപുസ്തകങ്ങൾ കെബിപിഎസ് വിവിധ ഹബ്ബുകളിൽ എത്തിച്ചു. മേയ് അവസാനവാരം എല്ലാ പുസ്തകങ്ങളും സ്‌കൂളുകളിൽ എത്തിക്കും. 8,00,193 കുട്ടികൾക്കാണ് കൈത്തറി യുണിഫോം നൽകേണ്ടത്.
അടുത്ത അധ്യയനവർഷം മുതൽ 11–-ാം ക്ലാസിൽ പുതുക്കിയ പുസ്തകങ്ങളാകും. തിങ്കളാഴ്‌ച ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയോഗം 41 ടൈറ്റിൽ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകി. 15 വർഷങ്ങൾക്കുശേഷമാണ് ഹയർസെക്കൻഡറി മേഖലയിൽ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത്. ആദ്യഘട്ടത്തിൽ എസ് സിഇആർടിയുടെ പുസ്തകങ്ങളാണ് പരിഷ്കരിക്കുന്നത്. എൻസിഇആർടിയുടെ 44 ടൈറ്റിൽ പാഠപുസ്തകങ്ങൾ കൂടി ഹയർസെക്കൻഡറിയിൽ ഉപയോഗിക്കുന്നുണ്ട്. ഈ പാഠപുസ്തകങ്ങൾ പുറത്തിറങ്ങിയശേഷം ഏത് രീതിയിൽ ഉൾക്കൊള്ളണമെന്ന് തീരുമാനിക്കും. പരിഷ്കരിച്ച പുസ്തകങ്ങളുടെ പ്രകാശനം താമസിയാതെ മുഖ്യമന്ത്രി നിർവഹിക്കും. ആകെ 20 ലക്ഷം പുസ്തകങ്ങളാണ് അച്ചടിച്ച് വിതരണം ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി, ഡയറക്ടർ എൻ എസ് കെ ഉമേഷ്, എസ്‌എസ്‌കെ ഡയറക്ടർ എ ആർ സുപ്രിയ, എസ്‌ഇആർടി ഡയറക്ടർ ആർ കെ ജയപ്രകാശ് തുടങ്ങിയവരും പങ്കെടുത്തു.










0 comments