സ്കൂൾ ഒളിമ്പിക്സ്: വിദ്യാർഥികളുടെ പങ്കാളിത്തത്തിൽ തീം സോങ് പുറത്തിറക്കി

തിരുവനന്തപുരം: സ്കൂൾ ഒളിമ്പിക്സിന്റെ തീം സോങ് പുറത്തിറക്കി. സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായാണ് പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ പങ്കാളിത്തത്തിൽ തീം സോങ് പുറത്തിറക്കുന്നത്. കുട്ടികൾ തന്നെയാണ് ഗാനരചനയും, സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ചിരിക്കുന്നത്. സംസ്ഥാന സ്‌കൂൾ കായികമേള തീം സോംങ്ങിന്റെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സംസ്ഥാന സ്കൂള്‍ കായികമേളയുടെ കൈപ്പുസ്തകവും പ്രകാശനം ചെയ്തു.
പാലക്കാട് പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി പ്രഫുൽദാസ് വി ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചത് കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ശിവങ്കരി പി തങ്കച്ചി ആണ്.
കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ശിവങ്കരി പി തങ്കച്ചി, നവമി ആർ വിഷ്ണു, അനഘ എസ് നായർ, ലയ വില്യം, കീർത്തന എ പി, തൈയ്ക്കാട് മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികളായ നന്ദകിഷോർ കെ ആർ, ഹരീഷ് പി, അഥിത്ത് ആർ, എന്നിവരാണ് ഗാനം ആലപിച്ചത്. ഗിറ്റാർ: സുരേഷ് പരമേശ്വർ, കീബോർഡ് ആന്റ് മിക്‌സിംഗ്: രാജീവ് ശിവ, വീഡിയോ പ്രൊഡക്ഷൻ: കൈറ്റ് വിക്‌ടേഴ്‌സ്.
ഒളിമ്പിക്‌സ് മാതൃകയിലുള്ള 67ാമത് സംസ്ഥാന സ്‌കൂൾ കായികമേള തിരുവനന്തപുരത്ത് അരങ്ങേറാൻ ഇനി രണ്ട് നാൾ മാത്രം. ഒക്‌ടോബർ 21 മുതൽ 28 വരെയാണ് മേള സംഘടിപ്പിക്കുന്നത്. ഒളിമ്പിക്‌സ് മാതൃകയിലുള്ള രണ്ടാമത് കായികമേളയ്ക്കാണ് തലസ്ഥാനം ആതിഥ്യം അരുളുന്നത്. 21 ന് വൈകുന്നേരം 4ന് കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ് നടക്കും. തുടർന്ന് ഇന്ത്യൻ ഫുട്‌ബോളിന്റെ അഭിമാനതാരം ഐ എം വിജയൻ മന്ത്രി വി ശിവൻകുട്ടിയോടൊപ്പം ദീപശിഖ കൊളുത്തും. മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്യും.










0 comments