Deshabhimani

print edition സ്‌കൂൾ ഗെയിംസ്‌; സംഘാടനത്തിൽ ഗുരുതര വീഴ്‌ച

school games apathy
avatar
കെ എൻ സനിൽ ​

Published on Oct 05, 2026, 02:32 AM | 1 min read

തൃശൂർ: സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗമായുള്ള ഗെയിംസ്‌ മത്സരങ്ങൾ സംഘടിപ്പിച്ചത്‌ മുന്നൊരുക്കമില്ലാതെ. ഗെയിംസ്‌ മത്സരങ്ങളിലെ 24 ഇനങ്ങൾ എട്ടുജില്ലകൾക്കായി വീതിച്ചുനൽകി ഏകോപനമില്ലാതെയാണ്‌ മത്സരങ്ങൾ നടത്തിയതെന്ന്‌ അധ്യാപകരും മത്സരാർഥികളുടെ രക്ഷിതാക്കളും പരിശീലകരും പറഞ്ഞു.


അതേസമയം, തൃശൂരിൽ നടന്ന സ്‌കൂൾ ഗെയിംസ്‌ മത്സരങ്ങളുടെ സംഘാടനം പാളിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമർശവുമായി തൃശൂർ എംഎൽഎ രാജൻ ജെ പല്ലൻ രംഗത്തുവന്നു. ഉത്തരവാദിത്വത്തിൽനിന്ന്‌ തലയൂരാൻ പരസ്‌പരം ആരോപണങ്ങൾ ഉയർത്തുകയാണ്‌ യുഡിഎഫ്‌ നേതൃത്വം. നീന്തൽ മത്സരവേദി തകർന്ന്‌ മത്സരാർഥികളുൾപ്പെടെ അഞ്ചുപേർക്ക്‌ പരിക്കേറ്റിട്ടും കേസെടുക്കാൻ പൊലീസ്‌ തയ്യാറായില്ല. ഇതുസംബന്ധിച്ച്‌ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.


സാധാരണ സംസ്ഥാന മത്സരങ്ങൾ സംഘടിപ്പിക്കുന്പോൾ ജില്ലയിലെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി സംഘാടകസമിതി രൂപീകരിച്ച്‌ ചുമതലകൾ വിവിധ കമ്മിറ്റികൾക്ക്‌ വീതിച്ചുനൽകുകയാണ്‌ പതിവ്‌. എന്നാൽ, തൃശൂരിൽ സംഘാടകസമിതി രൂപീകരണംപോലും നടന്നില്ല. സംഘാടകസമിതിക്കുപകരം കായികാധ്യാപകരുടെ നേതൃത്വത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചാൽ മതി എന്ന ധാരണയിലാണ്‌ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഉൾപ്പെടെയുള്ളവർ മുന്നോട്ടുപോയത്‌.


സാധാരണ സംസ്ഥാനതല സ്‌കൂൾ മത്സരങ്ങൾ ജില്ലയിൽ നടക്കുന്പോൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ്‌ ജനറൽ കൺവീനറായി പ്രവർത്തിക്കുക. ഇത്തവണ ഇ‍ൗ ചുമതലയും ഡിഡി ഏറ്റെടുത്തില്ല. കോ–ഓർഡിനേറ്റർക്ക്‌ ചുമതല നൽകി മത്സരം നടത്തുകയായിരുന്നു. സംഘാടകസമിതി ചെയർമാനാക്കിയത്‌ താൻപോലും അറിഞ്ഞില്ലെന്ന്‌ രാജൻ ജെ പല്ലൻ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. മത്സരങ്ങൾ നടത്തുന്പോൾ ആവശ്യമായ ലൈസൻസുകളൊന്നും എടുത്തിട്ടില്ലെന്ന്‌ മേയർ നിജി ജസ്‌റ്റിൻ കഴിഞ്ഞ ദിവസം ക‍ൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു.


ഗെയിംസ്‌ മത്സരങ്ങൾ നടത്തുന്നതിനുള്ള ഫണ്ട്‌ അനുവദിച്ചിരുന്നില്ലെന്ന്‌ അധ്യാപക സംഘടനാ പ്രതിനിധികൾ പറഞ്ഞു. സംഘാടനം സംബന്ധിച്ച്‌ ഒരുതരത്തിലുള്ള മാർഗനിർദേശവും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അക്വാട്ടിക്‌ കോംപ്ലക്‌സിൽ അപകടത്തിനിടയാക്കിയ പന്തൽ നിർമിക്കുന്നതിന്‌ ടെൻഡർപോലും ക്ഷണിച്ചിരുന്നില്ല. നീന്തൽ മൽസരവേദിക്കുസമീപം ആംബുലൻസ്‌, മെഡിക്കൽ ടീം, അഗ്‌നിരക്ഷാസേന തുടങ്ങിയവയുടെ സേവനം ലഭ്യമാക്കിയിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home