Deshabhimani

സ്‌കൂൾ സമയമാറ്റം: സർക്കാരിന്‌ പിടിവാശിയില്ല- മന്ത്രി വി ശിവൻകുട്ടി

shivankutty
വെബ് ഡെസ്ക്

Published on Jun 12, 2025, 09:51 PM | 1 min read

കൊല്ലം: സ്‌കൂൾ സമയമാറ്റത്തിൽ സർക്കാരിന്‌ പിടിവാശിയില്ലെന്ന്‌ മന്ത്രി വി ശിവൻകുട്ടി. പ്രതിപക്ഷ അധ്യാപക സംഘടനകൾ ഈ പ്രശ്നം ആവശ്യമില്ലാതെ വഷളാക്കി.കുട്ടികൾക്ക്‌ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയാണ്‌ പ്രധാനം. സമസ്‌തയുടെ പരാതിയെക്കുറിച്ച്‌ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി കൊല്ലത്ത്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനം പഠിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലാണ്‌ തീരുമാനം. റിപ്പോർട്ട് വേഗത്തിൽ നടപ്പാക്കണമെന്ന്‌ കോടതി പറഞ്ഞു.

അരമണിക്കൂർ കൂടുതൽ പഠിപ്പിച്ചാൽ എന്താണ് പ്രശ്നം. ഇപ്പോൾത്തന്നെ പല സ്കൂളുകളിലും ഈ സമയക്രമീകരണം ഉണ്ട്. സമയമാറ്റം ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകൂല്യത്തെ ബാധിക്കില്ല.പഠനത്തിന്‌ സമയം കൂടുതൽ വേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.


എല്ലാത്തരം ചർച്ചകൾക്കും ശേഷമാണ്‌ തീരുമാനം. പാഠ്യേതരമേഖലയിലും കുട്ടികളെ പ്രാപ്‌തരാക്കുന്ന തരത്തിലാണ്‌ പുതിയ പാഠ്യപദ്ധതി. കായികവിനോദം, കലാപഠനം, സാമൂഹിക പ്രതിബദ്ധത വളർത്തൽ എന്നിവ ഉൾപ്പെടുത്തിയപ്പോൾ കൂടുതൽ സമയം ആവശ്യമായിവന്നു- മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home