print edition ഫണ്ട് അനുവദിക്കുന്നില്ല; പട്ടികജാതി ക്ഷേമം നിലച്ചു

മിൽജിത് രവീന്ദ്രൻ
Published on Sep 22, 2026, 12:25 AM | 1 min read
തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങൾക്കുള്ള വിവിധ പദ്ധതികൾക്ക് ഫണ്ട് നൽകാതെ പതിനായിരങ്ങളെ ദുരിതത്തിലാക്കി യുഡിഎഫ് സർക്കാർ. ചികിത്സാ സഹായം, ഏക വരുമാനദായകർ മരിച്ച കുടുംബങ്ങൾക്കുള്ള ധനസഹായം, വീട് നവീകരിക്കുന്നതിനുള്ള ‘സെയ്‌ഫ്’ പദ്ധതി, വിദ്യാർഥികൾക്കുള്ള പഠനമുറി, ഉദ്യോഗാർഥികൾക്കുള്ള ട്രെയ്‌സ് പദ്ധതി എന്നിവയാണ് ഫണ്ടില്ലാത്തതിനാൽ മുടങ്ങിയത്.
5000 രൂപ മുതലുള്ള അടിയന്തര ചികിത്സാസഹായമാണ് പട്ടികജാതിക്കാർക്ക് നൽകുന്നത്. ഇതിനുള്ള ആയിരക്കണക്കിന് അപേക്ഷ കെട്ടിക്കിടക്കുന്നു. ഏകവരുമാനദായകർ മരിച്ച കുടുംബങ്ങൾക്ക് രണ്ടുലക്ഷംരൂപയാണ് നൽകുന്നത്. ഇതിൽ ആയിരത്തിലേറെ അപേക്ഷയാണ് തീർപ്പാക്കാനുള്ളത്. പട്ടികജാതി കുടുംബങ്ങളുടെ വീട് നവീകരിച്ച് സുരക്ഷിതമാക്കാനാണ് സെയ്‌ഫ് പദ്ധതി ആവിഷ്‌കരിച്ചത്. സർക്കാർ ഫണ്ട് നൽകാത്തതിനാൽ മൂവായിരത്തിലേറെ കുടുംബങ്ങൾക്ക് തുടർഗഡു കിട്ടിയിട്ടില്ല. സമാനമാണ് പഠനമുറി പദ്ധതിയുടെയും അവസ്ഥ. വിദ്യാർഥികൾക്ക് മികച്ച പഠനസൗകര്യത്തിന് വീടിനോട് ചേർന്ന് പഠനമുറി നിർമിക്കാൻ എൽഡിഎഫ് സർക്കാരാണ് പദ്ധതി ആവിഷ്‌കരിച്ചത്. പതിനായിരക്കണക്കിന് വിദ്യാർഥികൾക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. ഇതും നിലച്ച മട്ടാണ്.
പട്ടികജാതി കുടുംബങ്ങളിലെ അഭ്യസ്ഥവിദ്യരായ ഉദ്യോഗാർഥികൾക്ക് തൊഴിൽ പരിശീലനവും തൊഴിൽ സാധ്യതയും ഉറപ്പാക്കാനുള്ളതാണ് ട്രെയ്‌സ് പദ്ധതി. ഉദ്യോഗാർഥികൾക്ക് വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഓണറേറിയത്തോടെ ഇന്റേൺഷിപ്പ് സൗകര്യം നൽകിയിരുന്നു. ഇവർക്ക് മാസം 15,000 രൂപ മുതൽ ലഭിക്കുമായിരുന്നു. ഇങ്ങനെ ജോലി ലഭിച്ച പലരുടെയും കാലാവധി വെട്ടിക്കുറച്ചതിനൊപ്പം ഓണറേറിയവും മുടക്കി.









0 comments