മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു
സനൽകുമാർ ശശിധരനെ ഇന്ന് കസ്‌റ്റഡിയിലെടുക്കും

കൊച്ചി
നടിയെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് ലുക്ക്‌ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സംവിധായകൻ സനൽകുമാർ ശശിധരനെ ഞായറാഴ്‌ച മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു. എളമക്കര പൊലീസ് തിങ്കളാഴ്‌ച മുംബൈയിലെത്തി കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്യുമെന്ന് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങി ജാമ്യമില്ലാ വകുപ്പുകളിലാണ് എളമക്കര പൊലീസ് സനൽകുമാർ ശശിധരനെതിരെ ജനുവരിയിൽ കേസെടുത്തത്. സിറ്റി പൊലീസ് കമീഷണർക്ക് നടി ഇ–മെയിലിൽ അയച്ച പരാതി എളമക്കര പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് കേസെടുക്കുമ്പോൾ സനൽ അമേരിക്കയിലായിരുന്നു.
ഇന്ത്യയിൽ എത്തുമ്പോൾ കസ്റ്റഡിയിലെടുക്കുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ തുടർനടപടിയായാണ് വിമാനത്താവളത്തിൽ തടഞ്ഞത്. തന്നെ തടഞ്ഞുവച്ച കാര്യം ഞായറാഴ്‌ച സമൂഹമാധ്യമങ്ങളിൽ സനൽകുമാർ ശശിധരൻ കുറിച്ചിരുന്നു.
നടിയെ പരാമർശിച്ചും ടാഗ് ചെയ്തും ഇദ്ദേഹം ഒട്ടേറെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിൽ ഫോൺ സംഭാഷണങ്ങളും പുറത്തുവിട്ടു. നടിയെ അപകീർത്തിപ്പെടുത്തുംവിധമുള്ള പോസ്റ്റുകൾ ഫെയ്‌സ്‌ബുക്കിൽനിന്ന് ഒഴിവാക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചിരുന്നു. സമാനസംഭവത്തിൽ നടിയുടെ പരാതിയിൽ 2022ലും ഇയാളെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.








0 comments