print edition സമരകാഹളം മുഴക്കി സമാപനം

കാർഷിക മേഖലയിലെ പുതിയ വെല്ലുവിളികൾ നേരിടാൻ പ്രക്ഷോഭാഹ്വാനവുമായി കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് ഉജ്വല പരിസമാപ്തി. മൂന്നുദിനങ്ങളിലായി ആലപ്പുഴയിൽ ചേർന്ന സമ്മേളനം വൻ റാലിയോടെയാണ് സമാപിച്ചത്.
സമ്മേളനം ആകെ ഒന്‍പത് പ്രമേയങ്ങൾ അംഗീകരിച്ചു. നെൽക്കൃഷി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, ക്ഷീരമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, കൈവശ കൃഷിക്കാർക്ക് പട്ടയം അനുവദിക്കുക, കർഷക കടാശ്വാസ കമീഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക എന്നീ പ്രമേയങ്ങളാണ് അവസാനദിനത്തിൽ അംഗീകരിച്ചത്.
സെക്രട്ടറി വത്സൻ പനോളി അവതരിപ്പിച്ച റിപ്പോർട്ടിൽ ചർച്ച മൂന്നാംദിനവും തുടർന്നു. കാർഷികമേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെയും പരിഹാര നിർദേശങ്ങളെയും ഉൗന്നിയായിരുന്നു ചർച്ചകൾ. അഖിലേന്ത്യാ കിസാൻ സഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, വത്സൻ പനോളി എന്നിവർ ചർച്ചയ്ക്ക് മറുപടി പറഞ്ഞു. ഇ പി ജയരാജൻ, സി എസ് സുജാത എന്നിവർ സമ്മേളനത്തെ അഭിവാദ്യംചെയ്തു.
എം പ്രകാശൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിന്റെ സുവനീർ അഖിലേന്ത്യാ കിസാൻസഭ -ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് എം സ്വരാജിന് നൽകി പ്രകാശിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സി ശ്രീകുമാർ ഉണ്ണിത്താൻ നന്ദി പറഞ്ഞു.
ഊര്‍ജസ്വലം മുന്നോട്ട്
സംഘടനയെ ശക്തിപ്പെടുത്തുന്ന ഇടപെടലുകള്‍ക്കൊപ്പം കാര്‍ഷികമേഖലയിലെ വിവിധ വിഷയങ്ങളിൽ സജീവ ഇടപെടലിന് തുടർ കർമപരിപാടികള്‍ക്കും രൂപംനൽകിയാണ് കര്‍ഷകസംഘം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ സമാപിച്ചത്. അംഗത്വം 75 ലക്ഷമായി ഉയര്‍ത്തും. യൂണിറ്റ് മുതൽ സംഘടനയെ കൂടുതൽ ഊര്‍ജസ്വലമാക്കും. ഔദ്യോഗിക കാര്‍ഷിക സമിതികളിൽ സജീവമായി ഇടപെടും.
കാര്‍ഷികോൽപ്പാദനം വര്‍ധിപ്പിക്കാനും കര്‍ഷകരുടെ വരുമാനം കൂട്ടാനും ക്രിയാത്മകമായി ഇടപെടും. ആധുനിക യന്ത്രങ്ങളും കൃഷി രീതിയും കര്‍ഷകര്‍ക്ക് ലഭ്യമാക്കും. തരിശ് രഹിതം കേരളം പദ്ധതിയിൽ ഇടപെടും. കൃഷി വളര്‍ച്ചയ്ക്ക് സമൂഹമാധ്യമങ്ങളുടെ സാധ്യത ഉപയോഗിക്കാൻ സംവിധാനം ഒരുക്കും. കര്‍ഷക സംഘത്തിന്റെ നേതൃത്വത്തിൽ കര്‍ഷക കമ്പോളങ്ങള്‍ ആരംഭിക്കും. കര്‍ഷക ലൈബ്രറി സ്ഥാപിക്കും. കര്‍ഷക സംഘടന ചരിത്രം തയ്യാറാക്കും. കാര്‍ഷിക പഠന ഗവേഷണ സ്ഥാപനം രൂപീകരിക്കാനും സമ്മേളനം തീരുമാനിച്ചു.
നയിക്കാൻ 131 പേര്
കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനം 131 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
അംഗങ്ങള്‍ : ഇ പി ജയരാജൻ, വത്സൻ പനോളി, എം വിജയകുമാർ, കെ എൻ ബാലഗോപാൽ, എം സ്വരാജ്, കെ കെ രാഗേഷ്, സി എച്ച് കുഞ്ഞമ്പു, പി ജനാർദനൻ, കെ കുഞ്ഞിരാമൻ, കെ ആർ ജയാനന്ദ, ടി പി ശാന്ത, കെ പി രാമചന്ദ്രൻ, എം പ്രകാശൻ, അഡ്വ. കെ ജെ ജോസഫ്, എൻ ആർ സക്കീന, എം സി പവിത്രൻ, പി ഗോവിന്ദൻ, പുല്ലായിക്കൊടി ചന്ദ്രൻ, കെ സി മനോജ്, ടി ഐ മധുസൂദനൻ , പി ശശിധരൻ, ടി എം ജോഷി, പി ശശി, പി പ്രശാന്തൻ, എം വി രാജീവൻ, പി പി റീന, സി ജി പ്രത്യുഷ് , സുരേഷ്, കുഞ്ഞുമോൾ , എം മെഹബൂബ്, പി വിശ്വൻ, കെ പി ചന്ദ്രി, ബാബു പറശ്ശേരി, കെ ഷിജു, കെ പി കുഞ്ഞഹമ്മദ്കുട്ടി, കെ പി അനിൽകുമാർ, പ്രേംകുമാർ, വി എം ഷൗക്കത്ത്, ജ്യോതിബാസ്, കെ ടി അലവിക്കുട്ടി, കെ നാരായണൻ, പി കെ അബ്ദുള്ള നവാസ്, രജീഷ് ഉപ്പാല, ദേവിക്കുട്ടി, സി കെ രാജേന്ദ്രൻ, ജോസ് മാത്യൂസ്, എം ആർ മുരളി, കെ ഡി പ്രസേനൻ, സുഭാഷ് ചന്ദ്രബോസ്, സ്മിത, സായ് രാധ, ശോഭന രാജേന്ദ്രപ്രസാദ് , ഹബീബുള്ള, എ സി മൊയ്തീൻ, എ എസ് കുട്ടി, പി ആർ വർഗീസ്, കെ വി സജു, എം എം അവറാച്ചൻ, പി കെ ഡേവിസ്, ടി എ രാമകൃഷ്ണൻ, പി ഐ സജിത, എം ബാലാജി, ടി വി ഹരിദാസ്, ഗോപി കോട്ടമുറിക്കൽ, പി എം ഇസ്മയിൽ, കെ തുളസി, എം സി സുരേന്ദ്രൻ, കെ എ അജേഷ്, മിനി ഗോപി, പി കെ സോമൻ, ആർ അനിൽകുമാർ, കെ വി ഏലിയാസ്, എസ് സതീഷ്, എം എം മണി, എൻ വി ബേബി, സി വി വർഗീസ്, റോമിയോ സെബാസ്റ്റ്യൻ, പി പി ചന്ദ്രൻ, ആശാ വർഗീസ്, ടി കെ ഷാജി, മുഹമ്മദ് ഫൈസൽ, കെ എം രാധാകൃഷ്ണൻ, ഗീത ഉണ്ണികൃഷ്ണൻ, പി എൻ ബിനു, പി ഷാനവാസ്, അഡ്വ. ജോസഫ് ഫിലിപ്പ്, കെ ജയകൃഷ്ണൻ, ജി വേണുഗോപാൽ, വത്സല മോഹൻ, ഷെയ്ക്ക് പി ഹാരിസ്, കെ എച്ച് ബാബുജാൻ, ജി ഹരിശങ്കർ, ശ്രീകുമാർ ഉണ്ണിത്താൻ, കെ വിജയകുമാർ, എൻ പി ഷിബു, എം സന്തോഷ്കുമാർ, സുധി മോൻ, മനു സി പുളിക്കൽ, ഓമല്ലൂർ ശങ്കരൻ, ആർ തുളസീധരൻപിള്ള, ബാബു കോയിക്കലേത്ത്, ജി ശ്രീരേഖ, സതികുമാരി, ഗീത പ്രസാദ്, ഡോ. സജി ചാക്കോ, അഡ്വ. ജെനു മാത്യു, ജോർജ് മാത്യു, ബിജു കെ മാത്യു, വി കെ അനിരുദ്ധൻ, വി എസ് സതീഷ്, എം കെ ശ്രീകുമാർ, ആർ ഗീത, കെ എൻ ശാന്തിനി, ജി രതികുമാർ, സി ബാൾഡുവിൻ, എസ് സത്യൻ, ആർ ബിജു, ഹസീന മനാഫ്, എസ് കെ പ്രീജ, വി എസ് പത്മകുമാർ, വി ജോയി, കോലിയക്കോട് കൃഷ്ണൻ നായർ, ഡി കെ മുരളി, കെ സി വിക്രമൻ, എം എം ബഷീർ, ആർ ജയദേവൻ, എസ് ഹരിഹരൻപിള്ള, എം എസ് ബിജുമോൾ, ബാലചന്ദ്രൻ, ഐ സാജു, ബീന.
കൈവശകൃഷിക്കാർക്ക് പട്ടയം അനുവദിക്കണം
മലയോര മേഖലയിൽ 1977 ജനുവരി ഒന്നിനുമുമ്പ് കൈവശമുള്ള എല്ലാ കർഷകർക്കും പട്ടയം അനുവദിക്കാൻ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകസംഘം സമ്മേളനം ആവശ്യപ്പെട്ടു. പ്രോജക്റ്റുകൾക്ക് ഏറ്റെടുത്തതും പിന്നീട് ഉപേക്ഷിക്കപ്പെട്ടതുമായ ഭൂമിയിലെ കൈവശകൃഷിക്കാർക്ക് പട്ടയം അനുവദിക്കണം.
ഇടുക്കി ഏലമലത്തോട്ടം മേഖലയിലെ കൈവശ കൃഷിക്കാരുടെ പട്ടയപ്രശ്നം പരിഹരിക്കണം. ഭൂപരിഷ്കരണ നിയമം 85–-ാം വകുപ്പനുസരിച്ച് മിച്ചഭൂമിയായി പ്രഖ്യാപിച്ച മുഴുവൻ ഭൂമിയും ഏറ്റെടുത്ത് കൈവശ കൃഷിക്കാർക്ക് പട്ടയം അനുവദിക്കണം. സംസ്ഥാനത്തെ ലാൻഡ് ട്രൈബ്യൂണലുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം.
ദീർഘകാലമായി കൃഷിഭൂമി കൈവശംവയ്ക്കുന്നവരും വീടുവച്ച് താമസിക്കുന്നവരും പട്ടയം കിട്ടാത്തതുമൂലം ദുരിതമനുഭവിക്കുകയാണ്. ഭൂമിയിൽ അവകാശം ലഭിക്കുന്നതിന് മലയോര കർഷകർക്ക് ഭീഷണിയായി ഇപ്പോൾ കേന്ദ്രസർക്കാരിന്റെ പരിസ്ഥിതിലോല വിജ്ഞാപനം വന്നു. സ്ഥിരാവകാശം ലഭിക്കാത്തതുമൂലം കൈവശഭൂമി വിൽക്കാനോ ആധാരങ്ങൾ രജിസ്റ്റർചെയ്യാനോ പണയപ്പെടുത്തി വായ്പ എടുക്കാനോ കഴിയാതെ കർഷകർ വലയുകയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ശക്തമായി ഇടപെട്ട് പതിനായിരക്കണക്കിനാളുകൾക്ക് പട്ടയം നൽകി. പ്രശ്നങ്ങൾ ഇനിയും ബാക്കിയാണ്.
കേന്ദ്ര സർക്കാരിന്റെ വനനിയമം, പരിസ്ഥിതി സംരക്ഷണ നിയമം തുടങ്ങിയവ ചൂണ്ടിക്കാട്ടി പലവിധ തടസ്സങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ ജില്ലയിലും നിലനിൽക്കുന്ന പട്ടയപ്രശ്നം പരിഹരിക്കാൻ സര്‍ക്കാര്‍ ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കാലിത്തീറ്റ വിലവർധന പിൻവലിക്കണം
ക്ഷീരകർഷകരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് സർക്കാരുകളോട് കേരള കര്‍ഷകസംഘം സമ്മേളനം ആവശ്യപ്പെട്ടു. കാലിത്തീറ്റ, പിണ്ണാക്ക്, തവിട് എന്നിവയുടെ വിലവർധന പിൻവലിക്കണം. സർക്കാരിന്റെ സബ്സിഡി തുക വർധിപ്പിച്ച് ഇവ സഹകരണ സംഘങ്ങൾ വഴി ന്യായവിലയ്ക്ക് കർഷകർക്ക് ലഭ്യമാക്കണം.
ക്ഷീരകർഷകർക്ക് തദ്ദേശസ്ഥാപനങ്ങൾ വഴിയും സർക്കാർ വകുപ്പുകൾ വഴിയും പശു വാങ്ങൽ സബ്സിഡി, കാലിത്തൊഴുത്ത് നിർമാണ സബ്സിഡി, ഇൻഷുറൻസ് സഹായം തുടങ്ങിയവ വർധിപ്പിക്കണം. കുടിശ്ശിക എത്രയുംവേഗം കൊടുത്തുതീർക്കണം. നഗരസഭകൾ വഴി കേരള സർക്കാർ നടപ്പാക്കിയ അയ്യൻകാളി തൊഴിലുറപ്പു പദ്ധതിക്ക് സമാനമായി ഗ്രാമീണമേഖലയിൽ തൊഴിലുറപ്പുപദ്ധതി വഴി ക്ഷീരമേഖലയ്ക്ക് ക്ഷേമപദ്ധതികൾ കേന്ദ്രം ആവിഷ്കരിക്കണം.
കന്നുകാലി രോഗപ്രതിരോധ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കണം. സംസ്ഥാനത്തിന് പുറത്തുനിന്ന് ഗുണനിലവാരമില്ലാത്ത പാൽ കേരളത്തിൽ എത്തിച്ച് വിപണനം നടത്തുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തണം. മിൽമ ഭരണസമിതി പിരിച്ചുവിട്ട നടപടി കേരള സർക്കാർ റദ്ദാക്കണം. സഹകരണ സ്ഥാപനങ്ങളെ ജനാധിപത്യപരമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.








0 comments