print edition ശബരിമല മണ്ഡല,മകരവിളക്ക് : വെർച്വൽ ക്യൂ ബുക്കിങ് ഇന്നു മുതൽ

തിരുവനന്തപുരം
ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി വെർച്വൽ ക്യൂ ബുക്കിങ് ശനി വൈകിട്ട് അഞ്ചിന് ആരംഭിക്കും. sabarimalaonline.org വെബ്സൈറ്റ് വഴിയാണ് സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ദിവസം 70,000 പേർക്ക് സ്ലോട്ട് ബുക്ക് ചെയ്യാം. വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിങ് കേന്ദ്രങ്ങളുമുണ്ട്. ഇൗ സംവിധാനത്തിലൂടെ ദിവസം ഇരുപതിനായിരം പേർക്ക് ദർശനം നടത്താം.
തീർഥാടകർക്കുള്ള അപകട ഇൻഷുറൻസ് പരിരക്ഷ കഴിഞ്ഞ വർഷം നാലു ജില്ലകളിൽ നടക്കുന്ന അപകട മരണങ്ങൾക്ക് മാത്രമായിരുന്നു. ഈ തീർഥാടനകാലം മുതൽ കേരളത്തിൽ എവിടെവച്ച് ശബരിമല യാത്രാമധ്യേ അപകട മരണമുണ്ടായാലും അഞ്ചു ലക്ഷം രൂപ പരിരക്ഷ ലഭിക്കും. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30,000 രൂപ വരെയും കേരളത്തിന് പുറത്ത് ഒരു ലക്ഷം വരെയും നൽകും. ഈ വർഷം മുതൽ ഇൻഷുറൻസ് പരിരക്ഷ ശബരിമല ഡ്യൂട്ടി നോക്കുന്ന ദേവസ്വം ബോർഡ് സ്ഥിരം, ദിവസവേതന ജീവനക്കാർക്കും മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും കൂടി ലഭിക്കും.
നിലയ്ക്കൽ മുതൽ സന്നിധാനംവരെ തീർഥാടന പാതയിൽ വച്ച് ഭക്തർക്കുണ്ടാകുന്ന ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾമൂലം സ്വാഭാവിക മരണം സംഭവിക്കുന്നവർക്ക് ഈ വർഷം മുതൽ മൂന്നുലക്ഷം രൂപ ധനസഹായം ലഭ്യമാകുന്ന പിൽഗ്രിം വെൽഫയർ നിധികൂടി ആരംഭിക്കും.
ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് ഐഡി ആയതിനാൽ തീർഥാടകർ ഓൺലൈൻ ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.










0 comments