സ്വർണമോഷണക്കേസിൽ പ്രതിപക്ഷം ചർച്ചയ്ക്ക് തയ്യാറായില്ല: സ്പീക്കർ എ എൻ ഷംസീർ

തിരുവനന്തപുരം: ശബരിമല സ്വർണമോഷണകേസ് സഭയിൽ ചർച്ച ചെയ്യാൻ തയ്യാറെന്ന് ഭരണപക്ഷം അറിയിച്ചിട്ടും പ്രതിപക്ഷം ചർച്ചയ്ക്ക് തയ്യാറായില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ. പ്രതിപക്ഷം തന്നെയാണ് ശബരിമല സ്വർണക്കൊള്ള ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. സർക്കാർ ചർച്ച ചെയ്യാമെന്ന് പറഞ്ഞപ്പോഴും സഭ അലങ്കോലപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. പ്രതിപക്ഷത്തിന്റേത് ജനാധിപത്യ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ കഴിഞ്ഞ ദിവസം നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. വാച്ച് ആൻഡ് വാർഡിന്റെ ഭാഗത്ത് നിന്നും ഒരു പ്രകോപനവുമുണ്ടായില്ല. ചെയർ കള്ളം പറയുന്നു എന്നാണ് ചില പ്രതിപക്ഷ അംഗങ്ങൾ പറയുന്നത്. വായിൽ കയ്യിട്ട് എന്നെക്കൊണ്ട് പേര് പറയിപ്പിക്കരുത്. താൻ ആകാശത്ത് നിന്ന് കെട്ടിയിറങ്ങി സ്പീക്കറായതല്ല. ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം ജനാധിപത്യ ഭൂഷണമല്ല. സെക്രട്ടറിയറ്റിന് മുന്നിലെ പൊലീസ് ബാരിക്കേഡ് ചാടിക്കിടക്കുന്നത് പോലെയാണ് ചില പ്രതിപക്ഷ എംഎൽഎമാർ ഡയസിൽ കയറിയത്.
ആദ്യമായാണ് പ്രതിപക്ഷം ചർച്ചയ്ക്ക് തയ്യാറാകാതെ നിൽക്കുന്നത്. എന്തുകൊണ്ടാണ് ചർച്ചയ്ക്ക് തയ്യാറാകാത്തത് എന്നത് വളരെ നിർഭാഗ്യമാണ്. ജനാധിപത്യത്തിൽ ഇങ്ങനെ സഭ തടസപ്പെടുത്തുന്നത് ശരിയല്ല. തടസപ്പെടുത്തൽ അല്ല ക്രിയാത്മകമായ ചർച്ചയാണ് സഭയുടെ മൂല്യമെന്നും അദ്ദേഹം പറഞ്ഞു.









0 comments