എസ് ഷാജു യുഎൽസിസിഎസ് ചെയർമാൻ

എസ് ഷാജു
ഒഞ്ചിയം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാനായി എസ് ഷാജു തെരഞ്ഞെടുക്കപ്പെട്ടു. സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ചീഫ് ജനറൽ മാനേജർ കെ പ്രവീൺ കുമാറിനാണ് മാനേജിങ് ഡയറക്ടറുടെ ചുമതല.
മുൻ ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്. യുഎൽസിസിഎസിന്റെ വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനും ആധുനികീകരണത്തിനും രമേശൻ പാലേരി നൽകിയ നേതൃത്വവും നിർണായകസംഭാവനകളും ഡയറക്ടർ ബോർഡ് അനുസ്മരിച്ചു.
1997-ൽ യുഎൽസിസിഎസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ഷാജു പിന്നീട് സ്ഥാപനത്തിന്റെ വിവിധ ചുമതലകൾ നിർവ്വഹിച്ചശേഷം 2009 മുതൽ 17 വർഷക്കാലം സെക്രട്ടറിയും എംഡിയുമായി പ്രവർത്തിച്ചു. സൊസൈറ്റിയുടെ പ്രവർത്തനങ്ങളെയും വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും അടുത്തറിഞ്ഞ ദീർഘകാലപരിചയമാണ് അദ്ദേഹത്തിന്റെ പ്രധാന കരുത്ത്.
യുഎൽസിസിഎസിന്റെ വളർച്ചയുടെ നിർണായകഘട്ടങ്ങളിൽ രമേശൻ പാലേരിയോടൊപ്പം അടുത്തുനിന്നു പ്രവർത്തിച്ച വ്യക്തിയാണ് എസ് ഷാജു.
യുഎൽ സൈബർ പാർക്ക്, യുഎൽ ടെക്നോളജി സൊല്യൂഷൻസ് (യുഎൽടിഎസ്) തുടങ്ങി സൊസൈറ്റിയുടെ വിവിധ അനുബന്ധസ്ഥാപനങ്ങളുടെ രൂപവത്ക്കരണത്തിലും വളർച്ചയിലും അദ്ദേഹം സജീവമായി പങ്കാളിയായി. ഈ സ്ഥാപനങ്ങളുടെ ഡയറക്ടർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് അവയുടെ പ്രവർത്തനവും വികസനസാധ്യതകളും സംബന്ധിച്ച് അടുത്തറിയുന്ന അനുഭവസമ്പത്തുണ്ട്.
ഷാജുവിന്റെ മുത്തച്ഛൻ എസ് കണാരനും അദ്ദേഹത്തിന്റെ പിതാവ് എം പൊക്കായിയും ഒരു നൂറ്റാണ്ടു മുമ്പ് ഊരാളുങ്കൽ സൊസൈറ്റിക്കു രൂപം നല്കിയ 14-അംഗ പ്രമോട്ടിങ് കമ്മിറ്റിയിലെ അംഗങ്ങളും സൊസൈറ്റിയുടെ സ്ഥാപകാംഗങ്ങളും ആത്മവിദ്യാസംഘം പ്രവർത്തകരും ഗുരു വാഗ്ഭടാനന്ദന്റെ ശിഷ്യരും ആയിരുന്നു. ഷാജുവിന്റെ പിതാവ് എസ് കുമാരൻ സൊസൈറ്റിയിൽ തൊഴിലാളിയും ദീർഘകാലം ലീഡറും പിന്നീട് ഡയറക്ടറും ആയിരുന്നു.
പുതിയ സാങ്കേതികവിദ്യകൾ സ്വീകരിച്ച് പ്രവർത്തനക്ഷമത വർധിപ്പിക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തിക സുസ്ഥിരത ശക്തിപ്പെടുത്തുക, അംഗങ്ങളുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പാക്കുക എന്നിവയ്ക്ക് മുൻഗണന നൽകുമെന്ന് ചെയർമാൻഎസ് ഷാജു പറഞ്ഞു.









0 comments