print edition എസ് ഷാജു ഉൗരാളുങ്കൽ ചെയർമാൻ

ഒഞ്ചിയം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–-ഓപറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാനായി എസ് ഷാജുവിനെ തെരഞ്ഞെടുത്തു. സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗത്തിലാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്. നിലവിൽ മാനേജിങ് ഡയറക്ടറാണ് ഷാജു. ചീഫ് ജനറൽ മാനേജർ കെ പ്രവീൺ കുമാറിന് മാനേജിങ് ഡയറക്ടറുടെ ചുമതല നൽകി.
രമേശൻ പാലേരിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്. 1997-ൽ യുഎൽസിസിഎസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ഷാജു 2009 മുതൽ സെക്രട്ടറിയും എംഡിയുമായി പ്രവർത്തിക്കുകയാണ്. യുഎൽ സൈബർ പാർക്ക്, യുഎൽ ടെക്നോളജി സൊല്യൂഷൻസ് തുടങ്ങി സൊസൈറ്റിയുടെ വിവിധ അനുബന്ധ സ്ഥാപനങ്ങളുടെ രൂപവത്ക്കരണത്തിലും വളർച്ചയിലും സജീവ പങ്കാളിയായി.
ഷാജുവിന്റെ മുത്തച്ഛൻ എസ് കണാരനും അദ്ദേഹത്തിന്റെ അച്ഛൻ എം പൊക്കായിയും ഒരു നൂറ്റാണ്ടുമുമ്പ് ഊരാളുങ്കൽ സൊസൈറ്റിക്കു രൂപംനൽകിയ 14 -അംഗ പ്രൊമോട്ടിങ് കമ്മിറ്റിയിലെ അംഗങ്ങളും സൊസൈറ്റി സ്ഥാപകാംഗങ്ങളുമായിരുന്നു. ഷാജുവിന്റെ അച്ഛൻ എസ് കുമാരൻ സൊസൈറ്റിയിൽ തൊഴിലാളിയും ഡയറക്ടറുമായിരുന്നു.
ആഗോളതലത്തിലെത്തിക്കും
കേരളത്തിനു പുറത്തേക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും യുഎൽസിസിഎസ് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് പുതിയ ചെയർമാൻ എസ് ഷാജു പറഞ്ഞു. യുഎൽസിസിഎസിന്റെ പ്രവർത്തനവും പദ്ധതികളും അന്താരാഷ്ട്രതലത്തിലേക്ക് എത്തിക്കാനും ലക്ഷ്യമിടുന്നു. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിച്ച് പ്രവർത്തനക്ഷമത വർധിപ്പിക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തിക സുസ്ഥിരത ശക്തിപ്പെടുത്തുക, അംഗങ്ങളുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പാക്കുക എന്നിവയ്ക്കും മുൻഗണന നൽകും.
നിർമാണ, - അടിസ്ഥാനസൗകര്യ മേഖലകളിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തും. ഐടി, റിയൽ എസ്റ്റേറ്റ്, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാനും ലക്ഷ്യമുണ്ട്. തൊഴിലാളി സഹകരണ മൂല്യങ്ങളിൽ ഉറച്ചുനിന്ന് രമേശൻ പാലേരി സ്വപ്നം കണ്ട കൂടുതൽ ശക്തവും സുസ്ഥിരവും ആഗോളസാന്നിധ്യമുള്ളതുമായ സ്ഥാപനമാക്കി യുഎൽസിസിഎസിനെ വളർത്താൻ കൂട്ടായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഷാജു പറഞ്ഞു.









0 comments