ചട്ടങ്ങൾ നോക്കുകുത്തി; സാക്ഷരതാ മിഷനിൽ ലീഗ് തൽപ്പരർമാത്രം

തിരുവനന്തപുരം: സാക്ഷരത മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലേക്ക് മാറ്റിയതിന് പിന്നാലെ ക്രമവിരുദ്ധ നിയമനങ്ങൾ തകൃതി. സംസ്ഥാന മിഷനിലും ചില ജില്ലകളിലും ഇതിനകം രാഷ്‌ട്രീയതാൽപ്പര്യത്തിൽ ചിലരെ കുടിയിരുത്തി. കൊല്ലം ജില്ലാ ഓഫീസിൽ ഇല്ലാത്ത തസ്‌തികയിലാണ് നിയമനം.
ബിഹാർ യൂണിവേഴ്‌സിറ്റിയിലെ അസി. പ്രൊഫസർ അഹമ്മദ് അബ്‌ദുൽ കബീർ ആണ് ഡയറക്ടർ. എന്നാൽ, തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് കോ–ഓർഡിനേറ്ററായി നിയമിച്ച മലപ്പുറം സ്വദേശി അബ്‌ദുൽ റഷീദ് ചോല ‘സൂപ്പർ ഡയറക്ടർ’ ആയി പ്രവർത്തിക്കുന്നതായാണ് ആക്ഷേപം. സ്വന്തം പേരിലുള്ള വിജിലൻസ് കേസ് അട്ടിമറിക്കാനാണ് റഷീദ് മുസ്ലിംലീഗ് നേതാക്കളെ സ്വാധീനിച്ച് മാറ്റം തരപ്പെടുത്തിയതെന്ന വിമർശം ശക്തമാണ്. അബ്‌ദുൽ റഷീദ് മലപ്പുറം ജില്ലാ കോ–ഓർഡിനേറ്റർ ഇൻ ചാർജ് ആയിരുന്നപ്പോൾ സാക്ഷരതാമിഷനും സർക്കാരിനും ലക്ഷങ്ങളുടെ നഷ്ടം വരുത്തിയതായി ഓഡിറ്റിൽ കണ്ടെത്തിയത്.
ലക്ഷക്കണക്കിന് പാഠപുസ്തകങ്ങൾ വെള്ളം കയറി നശിച്ചു. മലപ്പുറത്തെ പരിശീലന കേന്ദ്രം ഉപയോഗയോഗ്യമല്ല എന്ന് വരുത്തിത്തീർത്ത് ഇവിടെയുള്ള വസ്‌തുക്കൾ മാറ്റിയതായും കണ്ടെത്തി. ഡയറക്ടർ ആയിരുന്ന എ ജി ഒലീന ഇതുസംബന്ധിച്ചുയർന്ന പരാതി പരിഗണിച്ച് വിജിലൻസ് അന്വേഷണത്തിന് വിടുകയും ഇദ്ദേഹത്തെ കാസർകോടേക്ക് മാറ്റുകയുമായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വ്യക്‌തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിനും ഇദ്ദേഹത്തിനെതിരെ അന്വേഷണമുണ്ട്.
പത്രപ്പരസ്യം നൽകി അപേക്ഷ ക്ഷണിച്ച്, പരീക്ഷയും അഭിമുഖവും നടത്തി നിയമിക്കേണ്ടുന്ന സംസ്ഥാന മിഷൻ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്ക് മലപ്പുറത്തെ ലീഗ് പ്രവർത്തകൻ കെ എം ഫവാസിനെ നിയമിച്ചതും ചട്ടങ്ങൾ മറികടന്നാണെന്നാണ് ആക്ഷേപം. കൊല്ലത്ത് ഓഫീസ് അസിസ്റ്റന്റിന്റെ നിയമനം ക്രമവിരുദ്ധമാണെന്നും പരാതിയുണ്ട്.









0 comments