വലതുപക്ഷശ്രമം കേരളത്തിന്റെ സാമൂഹ്യമുന്നേറ്റം തകർക്കാൻ: എ വിജയരാഘവൻ

തിരുവനന്തപുരം: ആഗോളവൽക്കരണത്തിനെതിരെ ബദൽനയം ഉയർത്തി, മതനിരപേക്ഷത സംരക്ഷിച്ച് 10 വർഷം കേരളം നേടിയ സമഗ്ര മുന്നേറ്റം വിപുലീകരിക്കാനുള്ള പരിശ്രമമാണ് വരുംനാളുകളിൽ നടത്തേണ്ടതെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. അഞ്ചാം കേരള അന്താരാഷ്‌ട്ര പഠന കോൺഗ്രസിന്റെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ പൂർണമായും വർഗീയവൽക്കരിച്ച് സാമൂഹ്യമുന്നേറ്റത്തിന്റെ മുനയൊടിക്കാനാണ് യുഡിഎഫും ഇതര വലതുപക്ഷക്കാരും ശ്രമിക്കുന്നത്. വിമോചനസമര സഖ്യം വലിയ ധനശേഷിയോടെ പുതുരൂപത്തിൽ ഇടതുപക്ഷത്തിനെതിരെ വരികയാണ്.
കേന്ദ്ര ഭരണാധികാരം കയ്യാളുന്ന ബിജെപിയും കോർപറേറ്റുകളും യുഡിഎഫും ചേർന്ന രാഷ്‌ട്രീയസഖ്യം കേരളം കണ്ട ഏറ്റവും പ്രതിലോമപരമായ കൂട്ടുകെട്ടാണ്. കേരളത്തിന്റെ പുരോഗമന മൂല്യങ്ങളെ തകർക്കാനും സാധാരണക്കാർക്ക് ഉന്നമനം നിഷേധിക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. കേരളത്തിൽ വീണ്ടും അധികാരത്തിൽ വന്നാൽ സമഗ്രമായ വികസന പരിപ്രേക്ഷ്യവും അതിന്റെ ജനകീയ പ്രയോഗവും നടത്താൻ ഇടതുപക്ഷത്തിന് കഴിയും. അതിനു സഹായകമായ സമഗ്ര നിർദേശങ്ങൾ പഠന കോൺഗ്രസിൽ രൂപംകൊള്ളും. അതുവഴി സാമൂഹ്യനീതിയും സാമ്പത്തിക വളർച്ചയും ഉറപ്പാക്കാൻ കഴിയുമെന്ന് വിജയരാഘവൻ പറഞ്ഞു.










0 comments