Deshabhimani

പുഷ്പന്റെ അമരസ്‌മരണയ്‌ക്ക്‌ നാളെ രണ്ടാണ്ട്‌

Pushpan
avatar
സ്വന്തം ലേഖകൻ

Published on Sep 27, 2026, 02:39 PM | 2 min read

ചൊക്ലി: കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്റെ അമര സ്മ‌രണക്ക് തിങ്കളാഴ്‌ച രണ്ടാണ്ട്‌ പൂർത്തിയാകുന്നു. വെടിയുണ്ടയെ തോൽപ്പിച്ച മനക്കരുത്തോടെ മുപ്പതുവർഷം ജീവിതത്തോട് പൊരുതിനിന്ന ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്റെ രണ്ടാം രക്തസാക്ഷി വാർഷികദിനമാണ് ഞായറാഴ്‌ച.


ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടന്ന യുവജന സമരത്തിനുനേരെ കൂത്തുപറമ്പിൽ 1994 നവംബർ 25നുണ്ടായ പൊലീസ് വെടിവയ്‌പിൽ സുഷുമ്‌നാനാഡി തകർന്ന് ഇരുപത്തിനാലാം വയസ്സിൽ കിടപ്പിലായതാണ് പുഷ്പൻ. കെ കെ രാജീവൻ, കെ വി റോഷൻ, ഷിബുലാൽ, ബാബു, മധു എന്നിവർ സമരഭൂമിയിൽ തന്നെ രക്തസാക്ഷികളായി. പിന്നീടുള്ള കാലം പോരാളികൾക്ക് ആവേശവും കരുത്തുമായി പുഷ്‌പൻ മൂന്ന് പതിറ്റാണ്ട് മരണത്തോട് പൊരുതിനിന്നു.


ചെഗുവേരയുടെ മകൾ അലിഡ ഗുവേര ഉൾപ്പെടെ അനേകായിരങ്ങൾ പുഷ്‌പനെ കാണാൻ മേനപ്രത്തെ വീട്ടിലെത്തി. ഇതിഹാസ സമാനമായ ആ ജീവിതം പാട്ടും കവിതയും കഥയും നാടകവുമായി. ‘പുഷ്‌പനെ അറിയാമോ...’ എന്ന ഗാഥ മഹാഗാനമായി നാടിന്റെ സിരകളെ ഇപ്പോഴും ത്രസിപ്പിക്കുന്നു. മേനപ്രത്തെ വീട്ടിൽ ജീവിതാന്ത്യംവരെ പുഷ്പൻ തനിച്ചായിരുന്നില്ല. പേരറിയാത്ത ഒരുപാടുപേർ, ഏതൊക്കയോ നാട്ടിലുള്ളവർ കാണാനെത്തി. വേദന വിട്ടൊഴിഞ്ഞ ഒരുനിമിഷം പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും കാണാൻ വരുന്നവരെ പുഞ്ചിരികൊണ്ട്‌ പുഷ്പൻ സ്വീകരിച്ചു. ആ ഓർമകളുടെ തോണിയിലാകും ചൊക്ലിക്കാരും മേനപ്രംകാരും പുഷ്പനെ വീണ്ടും അനുസ്‌മരിക്കുന്നത്‌.


പുഷ്പൻ രക്തസാക്ഷി ദിനാചരണം നാളെ


സമാനതകളില്ലാത്ത സമര ജീവിതത്തിന്റെ സഹനം നേരിട്ട പുതുക്കുടി പുഷ്പന്റെ രണ്ടാം രക്തസാക്ഷി ദിനാചരണം ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ജന്മനാടായ ചൊക്ലി നോർത്ത് മേനപ്രത്ത് തിങ്കളാഴ്‌ച ആചരിക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഏഴിന് സ്മൃതിമണ്ഡപത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും. ബലികുടീരത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ പതാക ഉയർത്തും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും. പാനൂർ ബ്ലോക്കിലെ മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തും.


വൈകിട്ട് നാലരക്ക് ചൊക്ലി കാഞ്ഞിരത്തിൻകീഴിൽ കേന്ദ്രീകരിച്ചു ബഹുജന പ്രകടനം ജന്മനാടായ നോർത്ത് മേനപ്രം കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക വായനശാലക്കരികിലുള്ള പുഷ്പൻ സ്മൃതി മണ്ഡപത്തിന് സമീപം സമാപിക്കും. അനുസ്മരണ പൊതു സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എം വിജിൻ എംഎൽഎ, പ്രസിഡന്റ്‌ ചിന്ത ജെറോം, ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, പ്രസിഡന്റ്‌ കെ അനുശ്രി എന്നിവർ സംസാരിക്കും. കണ്ണൂർ ബ്ലേക്ക് മീഡിയ ഒരുക്കുന്ന ഉരിയാട്ട് പെരുമ ഫോക് മെഗാഷോയും അരങ്ങേറും.


ദിനാചരണത്തിന്റെ ഭാഗമായി ഞായർ വൈകിട്ട് കുത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് സമീപം ഭാനുപ്രകാശ് എഴുതിയ" സഖാവ് പുഷ്പൻ " ജീവചരിത്രം പുസ്തക സംവാദം നടക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയന്റ്‌ സെക്രട്ടറി വി കെ സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ. ശൈലേഷ് ഐക്കോട്ട്, സീന ബ്രിട്ടോ, പി എം ആതിര, ഭാനുപ്രകാശ് എന്നിവർ പങ്കെടുക്കും. ശേഷം നൂറിൽപരം കലാകാരന്മാർ അണിനിരക്കുന്ന നൃത്ത സംഗീതരാവും നടക്കും. വാർത്താസമ്മേളനത്തിൽ വി ഉദയൻ, കിരൺ കരുണാകരൻ, കെ പ്രിയേഷ് എന്നിവർ പങ്കെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home