print edition മോദി മാതൃകയിൽ യുഡിഎഫ് സർക്കാരും: ജിഎസ്‌ടിയെ രാഷ്‌ട്രീയ ആയുധമാക്കുന്നു

ഒ വി സുരേഷ്
Published on Sep 20, 2026, 01:30 AM | 1 min read
തിരുവനന്തപുരം : കേന്ദ്ര അന്വേഷണ ഏജൻസികളെ മോദി സർക്കാർ ദുരുപയോഗിക്കുന്നതുപോലെ, സംസ്ഥാനത്തെ ജിഎസ്‌ടി വിഭാഗത്തെ രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്യാൻ യുഡിഎഫ് സർക്കാർ. ജിഎസ്‌ടി അടച്ചില്ലെന്നുപറഞ്ഞാണ് റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കോർപറേഷന് (ആർബിസി) തിരെ പൊലീസ് കേസെടുത്തത്. ഇതിന് നികുതിവകുപ്പിനെ സജ്ജമാക്കാനായി ഉദ്യോഗസ്ഥതലപ്പത്തും സർക്കാർ മാറ്റംവരുത്തി.
അർജന്റീനിയൻ ഫുട്‌ബോൾ ടീമിനെ കൊണ്ടുവരാൻ ആർബിസി നൽകിയ തുകയുടെ റിവേഴ്‌സ് ചാർജായി അടക്കേണ്ടിയിരുന്ന ഐജിഎസ്‌ടി അടച്ചില്ലെന്നു പറഞ്ഞാണ് ചാനലിന്റെ ന്യൂസ് റൂമിൽ കയറി പൊലീസ് കോലാഹലമുണ്ടാക്കിയത്. നികുതി അടച്ചില്ലെങ്കിൽ നികുതിയും പിഴയും പലിശയും ജിഎസ്‌ടി നിയമപ്രകാരം ഇൗടാക്കാം.
പകരം ഭാരതീയ ന്യായ സംഹിതയിലെ ക്രിമിനൽ ഗൂഢാലോചനയും വഞ്ചനയും ചുമത്തി. ഇത് മോദി സർക്കാർ ആദായനികുതി വകുപ്പിനെ ദുരുപയോഗിക്കുന്നതിന് തുല്യമാണ്. ജിഎസ്ടി തട്ടിപ്പുണ്ടായി എന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്. ഫുട്ബോൾ അസോസിയേഷൻ നൽകുന്ന സേവനത്തിനാണ് നികുതിയെന്നും സേവനമുണ്ടാകാത്തതിനാൽ നികുതി നൽകേണ്ടതില്ലെന്നും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
തങ്ങൾക്ക് ഇഷ്ടമില്ലാത്ത സംരംഭകരെയും കച്ചവടക്കാരെയും വിരട്ടാൻ ജിഎസ്‌ടി നികുതി വ്യവസ്ഥയെ ദുരുപയോഗം ചെയ്യുകയാണ് യുഡിഎഫ് സർക്കാർ. അഖിലേന്ത്യാ സർവീസ് ചട്ടം ലംഘിച്ചതിന് ഒരുവർഷത്തിലേറെ സസ്‌പെൻഷനിൽ കഴിഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിനെ തിരിച്ചെടുത്ത് കായികവകുപ്പിന്റെ ചുമതല കൊടുത്തത് കഴിഞ്ഞ ദിവസമാണ്. തുടർന്നാണ് ആർബിസിക്കെതിരായ അന്വേഷണമുണ്ടായത്. സീനിയർ ഉദ്യോഗസ്ഥർ നികുതി സെക്രട്ടറിയായി വരാറില്ല എന്നിരിക്കെ പ്രശാന്തിന് സ്‌പെഷൽ സെക്രട്ടറിയുടെ അധികചുമതല നൽകിയതിലും ഗൂഢലക്ഷ്യമുണ്ട്.









0 comments