print edition തിരുവിതാംകൂർ ദേവസ്വം ബോർഡ്; മന്ത്രിയുടെ ‘പൂഴിക്കടകൻ’ ഭാരവാഹി മോഹികളെ ഒപ്പംനിർത്താൻ

മുരളീധരൻ
ആർ രാജേഷ് [email protected]
Published on Sep 24, 2026, 01:27 AM | 1 min read
പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറികടന്ന് പ്രത്യേക ടീമിനെവച്ച് ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവം നടത്തുമെന്നതുൾപ്പെടെയുള്ള ദേവസ്വംമന്ത്രിയുടെ ‘പൂഴിക്കടകൻ’ പ്രസ്‌താവനകൾ, ബോർഡ് ഭാരവാഹിമോഹികളെ ഒപ്പംനിർത്താൻ. പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്നായി അരഡസൻ പോരാണ് പ്രസിഡന്റും ബോർഡംഗങ്ങളുമാകാൻ കോൺഗ്രസിൽ ചരടുവലികൾ തുടങ്ങിയിട്ടുള്ളത്.
ഇതിൽ പകുതിയും പത്തനംതിട്ട ജില്ലയിൽനിന്നുള്ളവരാണ്. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറന്പിൽ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി മോഹൻരാജ്, അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് എന്നിവരാണ് ഇവിടെനിന്നുള്ളത്. ഇവർ മൂവരും മുരളീധരനെ അനുകൂലിക്കുന്നവരല്ല. എന്നാൽ ഇതിൽ ഒരാളെയെങ്കിലും ആ ഘട്ടത്തിൽ പരിഗണിക്കേണ്ടി വരും.
സതീഷ് കൊച്ചുപറന്പിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ നോമിനിയാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിലുണ്ടാക്കിയ ‘ഫോർമുല’ കോന്നി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഇദ്ദേഹത്തിന് തിരിച്ചടിയാകും. തെരഞ്ഞെടുപ്പിൽ സീറ്റുലഭിച്ചവർ ഇനി മറ്റ് സ്ഥാനങ്ങളിലേക്ക് അവകാശവാദമുന്നയിക്കാൻ പാടില്ലെന്നായിരുന്നു ധാരണ.
എതിർ ക്യാമ്പ് ഇൗ വിഷയം നേതൃത്വത്തെ ഓർമപ്പെടുത്തിയതായാണ് വിവരം. മറ്റു രണ്ടുപേരിലൊരാൾ രമേശ് ചെന്നിത്തലയെയും മറ്റെയാൾ ശശി തരൂരിനെയും അനുകൂലിക്കുന്നവരാണ്. ഇവരിൽ ഒരാൾക്ക് ബോർഡിൽ സ്ഥാനം കൊടുത്തേ പറ്റൂ. ഇൗ സാഹചര്യത്തിൽ ഇവരെ രണ്ടുപേരെയും ഒപ്പംനിർത്തേണ്ട അവസ്ഥയിലാണ് മന്ത്രി കെ മുരളീധരൻ.
അനുയായികളെ ബോധ്യപ്പെടുത്തി ഒപ്പംനിർത്തുകയെന്ന ലക്ഷ്യമാണ് മുരളീധരന്റെ പ്രസ്‌താവനകളിലൊക്കെയും. ഒരുവർഷത്തിലധികം കാലാവധിയുള്ള നിലവിലെ ബോർഡിനെ ഒന്നുംചെയ്യാൻ കഴിയില്ലെന്ന ബോധ്യമാണ് ശബരിമലയിൽ ഉത്സവം നടത്താൻ പ്രത്യേക ടീമിനെ വയ്‌ക്കുമെന്ന പ്രസ്‌താവനയ്‌ക്ക് പിന്നിലുള്ളത്.









0 comments