print edition റേഷനരിക്കടത്ത് വ്യാപകം; മട്ടയെന്ന പേരിൽ നിറംമാറ്റി വിൽപ്പന: കരിഞ്ചന്തയ്‌ക്ക് വഴിയൊരുക്കി സർക്കാർ

എഐ പ്രതീകാത്മകചിത്രം
സ്വന്തം ലേഖിക
Published on Sep 07, 2026, 01:15 AM | 1 min read
തിരുവനന്തപുരം : റേഷനരി കരിഞ്ചന്തയിലെത്തിച്ച് മറിച്ചുവിൽക്കുന്ന മാഫിയകളുടെ കൊള്ളയ്‌ക്ക് വഴിയൊരുക്കി യുഡിഎഫ് സർക്കാർ. രാത്രിയിൽ ലോറിയിൽ തമിഴ്‌നാട്ടിലേക്ക് കടത്തുന്ന റേഷനരി നിറംമാറ്റി മട്ടയെന്ന പേരിൽ വീണ്ടും കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘങ്ങൾ സജീവം. ഒരു മാസംമുമ്പ് പരാതി ലഭിച്ചിട്ടും സർക്കാർ നടപടിയെടുക്കാത്തത് തട്ടിപ്പുകാർക്ക് തുണയാകുന്നു. ചെക്ക്‌പോസ്റ്റുകളിൽ കാര്യമായ പരിശോധനയില്ലാത്തതും അരിക്കടത്ത് സുഗമമാക്കി. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനം കൂടുതൽ ദുരിതത്തിലാകുകയാണ്.
അതിർത്തി കേന്ദ്രീകരിച്ചുള്ള സംഘങ്ങൾ എഫ്‌സിഐ ഗോഡൗണുകളിൽനിന്നുള്ള സീൽചെയ്ത ചാക്കുകളിലെ അരി പ്ലാസ്റ്റിക് ചാക്കുകളിലേക്ക് മാറ്റിയാണ് തമിഴ്‌നാട്ടിലേക്ക് കടത്തുന്നത്. പല ബ്രാൻഡുകളുടെ പേരിൽ ‘മട്ട’അരിയായി തിരികെയെത്തുന്ന ഇവ കഴുകുന്നതോടെ നിറംപോയി വെള്ളയാകുന്നു. തിരുവനന്തപുരം പൂവാറിൽ ഇത്തരം അരി വ്യാപകമായി വിൽപ്പനയ്‌ക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തുവരുന്നത്.
യുഡിഎഫ് സർക്കാർ അധികാരത്തിൽവന്നശേഷം സംസ്ഥാനത്തുടനീളം വൻതോതിൽ റേഷനരി കടത്തുന്നതായി പരാതിയുണ്ട്. സിവിൽ സപ്ലൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥരും താൽക്കാലിക ജീവനക്കാരും പ്രാദേശിക കോൺഗ്രസ് നേതാക്കളും കടത്ത് സംഘങ്ങൾക്ക് സംരക്ഷണമൊരുക്കുന്നതായും ആക്ഷേപമുണ്ട്. പിടിക്കപ്പെടുന്ന ലോറികൾക്കും ഉടമകൾക്കുമെതിരെ ശക്‌തമായ നടപടിയെടുക്കാത്തതും പ്രോത്സാഹനമാകുന്നു.
ചില റേഷൻ ഇൻസ്‌പെക്‌ടർമാരും സംഘത്തിന് സഹായമൊരുക്കുന്നു. അരിക്കടത്തിനെക്കുറിച്ച് ഒരു മാസംമുമ്പ് ഭക്ഷ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിൽ തട്ടിപ്പ് വ്യക്തമായിട്ടും കർശന നടപടിയിലേക്ക് കടന്നില്ല. തമിഴ്‌നാട്ടിൽ നൽകുന്ന സൗജന്യ അരി പോളിഷ് ചെയ്‌ത് കേരളത്തിലെത്തിച്ച് ബ്രാൻഡുകളുടെ പേരിൽ വിൽക്കുന്നതും വ്യാപകമാണ്. വൻകിട കമ്പനികളെയും മാഫിയകളെയും സഹായിക്കുന്ന നിലപാടാണ് ഓണക്കാലത്തും യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. റേഷൻ കടവഴി നൽകുന്ന പ്രത്യേക അരിയുടെ വില കൂട്ടിയും അളവ് കുറച്ചുമായിരുന്നു ദ്രോഹം.









0 comments