print edition റേഷൻ വ്യാപാരികളുടെ വേതനപാക്കേജ് പരിഷ്കരിച്ചു ; ജനുവരിമുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം
റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പുതുക്കി നിശ്‌ചയിച്ച് സംസ്ഥാന സർക്കാർ. വ്യാപാരികൾക്കുള്ള പരമാവധി അടിസ്ഥാന വേതനം 18000 രൂപയിൽനിന്ന് 21000 രൂപയാക്കി. അധിക കമീഷന്‍ 180രൂപ എന്നത് 270 രൂപയാക്കി. 14000 റേഷൻ വ്യാപാരികൾക്ക് പ്രയോജനം ലഭിക്കും. സർക്കാരിന് മാസം ആറരക്കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. വേതനപരിഷ്‌കരണം ജനുവരി ഒന്നുമുതല്‍ നടപ്പാക്കും. റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ–-ധനമന്ത്രിമാർ നടത്തിയ ചർച്ചയിലാണ് തീരുമാനം.
മാസം15 ക്വിന്റല്‍ വരെയുള്ള വിതരണത്തിന് കമീഷന്‍ 6800 രൂപയും 15 ക്വിന്റലിനുമുകളില്‍ 45 ക്വിന്റല്‍വരെ അടിസ്ഥാന കമീഷന്‍ 9000 രൂപയും വിതരണംചെയ്യുന്ന ഓരോ ക്വിന്റലിനും 270 രൂപ നിരക്കിലും 45 ക്വിന്റലിനുമുകളില്‍ 21000 രൂപയും അതിന് മുകളില്‍ വിതരണംചെയ്യുന്ന ഓരോ ക്വിന്റലിനും 200 രൂപ നിരക്കിലും നൽകും. വേതന പാക്കേജ് നടപ്പാക്കിയ സർക്കാരിനെ എല്ലാ സംഘടനകളും അഭിനന്ദിച്ചു. ഫെബ്രുവരിമുതൽ നടത്താൻ തീരുമാനിച്ച റേഷൻ വ്യാപാരി കൂട്ടായ്മാ സമരം പിൻവലിച്ചതായും വ്യാപാരി സംഘടനാഭാരവാഹികൾ പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ജി സ്റ്റീഫന്‍ എംഎല്‍എ, ജി ശശിധരന്‍, അഡ്വ. ജോണി നെല്ലൂര്‍, ടി മുഹമ്മദാലി, അഡ്വ. ജി കൃഷ്ണപ്രസാദ്, സുരേഷ് കാരേറ്റ്, കെ ബി ബിജു, വി അജിത് കുമാര്‍, അഡ്വ. ആര്‍ സജിലാല്‍, പ്രിയന്‍ കുമാര്‍ തുടങ്ങിയവരും സിവിൽ സപ്ലൈസ് കമീഷണർ ഹിമ, റേഷനിങ് കൺട്രോളർ മോഹൻ കുമാർ, ഭക്ഷ്യ – ധന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.









0 comments