print edition തെരഞ്ഞെടുപ്പ് അട്ടിമറിച്ചവരിൽ രത്തൻ ഖേൽക്കറും: എം വി ജയരാജൻ

കാസർകോട് : തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെപ്പോലെ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറി രത്തൻ ഖേൽക്കർക്കും പങ്കുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ പറഞ്ഞു. കാസർകോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും സോഫ്‌റ്റ്‌വെയർ എൻജിനിയറും ചേർന്നാണ് വോട്ടുകൾ നീക്കിയത്.
എസ്ഐആറിൽ സിപിഐ എം പരാതി നൽകിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം നുണയാണ്. അർഹരായവരുടെ വോട്ട് മാറ്റുന്നെന്ന് 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തെളിവുകൾ സഹിതം രത്തൻ കേൽക്കർക്ക് പരാതി നൽകിയിട്ടുണ്ട്. ഒരു ഡസൻ പരാതികളാണ് സിപിഐ എം നൽകിയത്. കോൺഗ്രസ് മാത്രമാണ് പ്രതിഷേധിച്ചതെന്ന വി ഡി സതീശന്റെ വാദം തെറ്റാണ്. രത്തൻ ഖേൽക്കർ മോദിയുടെ അജൻഡ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടതാണ്. ഇദ്ദേഹം നടത്തിയ ജനാധിപത്യക്കശാപ്പിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി.
കേരളത്തിൽ രണ്ടുരീതിയിലാണ് വോട്ടർപ്പട്ടിക അട്ടിമറിച്ചത്. അർഹരായ ന്യൂനപക്ഷ, ദളിത്, സ്‌ത്രീ വിഭാഗങ്ങളെ പട്ടികയിൽനിന്ന് നീക്കിയും എന്യുമറേഷൻ ഫോം കൃത്യമായി വിതരണംചെയ്യാതെയുമാണത്. രേഖകൾസഹിതം സിപിഐ എം പരാതികൊടുത്തു. എന്യൂമറേഷൻ ഫോം വിതരണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറും പ്രതികരിച്ചതിൽ വൈരുദ്ധ്യമുണ്ടായിരുന്നു.
പട്ടികയിൽ പേര് ചേർക്കുന്നതും തള്ളുന്നതും മാറ്റുന്നതും സംബന്ധിച്ച കണക്കിലും പോരായ്‌മയുണ്ടായി. ഇതിനെതിരെയും പരാതിനൽകി. പ്രധാന നിർദേശങ്ങളും നൽകി. നടപടിയില്ലാതിരുന്നപ്പോൾ വീണ്ടും പരാതി നൽകിയെന്നും എം വി ജയരാജൻ പറഞ്ഞു.









0 comments