അഡ്ഹോക് കമ്മിറ്റി കൺവീനർസ്ഥാനം രാജിവെച്ച് രമേഷ് പിഷാരടി

കൊച്ചി: താരസംഘടനയായ അമ്മയിലെ അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്ന് രാജിവെച്ച് രമേഷ് പിഷാരടി. പ്രസിഡന്റ് ശ്വേത മേനോൻ രാജിവെച്ച പശ്ചാത്തലത്തിലാണ് രമേഷ് ചുമതല ഏറ്റെടുത്തത്. അമ്മയെ കോടതി കയറ്റാൻ താൽപര്യമില്ലെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് രമേഷ് പിഷാരടി പറഞ്ഞു. ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയിൽ എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം. പുറത്തുവന്ന ഓഡിയോ ലീക്കല്ല, റിലീസാണ്. അത് വേദനിപ്പിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് ശ്രമിച്ചത്. എല്ലാവരുമായും സംസാരിച്ചു'. ശ്വേതാമേനോൻ ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണെന്നും പിഷാരടി പറഞ്ഞു.
മേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് കമ്മിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും കോടതി താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംഘടനയുടെ ബൈലോ പ്രകാരം അഡ്ഹോക്ക് കമ്മിറ്റിക്ക് യാതൊരു നിയമസാധുതയുമില്ലെന്നും പ്രവർത്തനങ്ങൾ നടത്താൻ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി ശ്വേതാ മേനോൻ നൽകിയ ഹർജിയിലാണ് ഈ നടപടി. കേസ് ഈ മാസം 13ന് കോടതി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ജൂൺ 21ന് കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ പ്രസിഡന്റ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചത്. വാർഷിക റിപ്പോർട്ടിലെ വരവുചെലവ് കണക്കുകളെ ചൊല്ലിയുള്ള തർക്കങ്ങളും ബിജെപിക്ക് സ്ഥാനാർഥികളെ നൽകാൻ ശ്രമിച്ചുവെന്ന ആരോപണങ്ങളുമാണ് രാജി പ്രഖ്യാപനത്തിലേക്ക് നയിച്ചത്. തുടർന്ന് സംഘടനയുടെ താൽക്കാലിക ഭരണനിർവഹണത്തിനായി രമേഷ് പിഷാരടി, കെ ബി ഗണേഷ് കുമാർ എന്നിവരുൾപ്പെടുന്ന അഡ്ഹോക്ക് കമ്മിറ്റിയെ ജനറൽ ബോഡി ചുമതലപ്പെടുത്തുകയായിരുന്നു.
എന്നാൽ, ജനറൽ ബോഡിയിലും മാധ്യമങ്ങൾക്ക് മുന്നിലും രാജി പ്രഖ്യാപിച്ചെങ്കിലും ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള ഭാരവാഹികൾ ഔദ്യോഗികമായി രാജിക്കത്ത് നൽകിയിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി. മല്ലിക സുകുമാരൻ, ലക്ഷ്മിപ്രിയ എന്നിവർ മാത്രമാണ് രാജിക്കത്ത് കൈമാറിയത്. മുൻപ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജിവെച്ചപ്പോഴും പുതിയ തെരഞ്ഞെടുപ്പ് വരെ അവർ തന്നെയാണ് തുടർന്നതെന്നും, ബൈലോ പ്രകാരം പുതിയ സമിതി വരുന്നത് വരെ തങ്ങളുടെ കമ്മിറ്റിക്കാണ് നിയമപരമായ അധികാരമെന്നും വ്യക്തമാക്കി ശ്വേത രംഗത്തെത്തുകയായിരുന്നു.
തന്റെ നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്ന ശ്വേതയുടെ നിലപാട് സംഘടനയ്ക്കുള്ളിൽ വലിയ തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. ഔദ്യോഗികമായി രാജി നൽകാതെ സ്ഥാനത്ത് തുടരുന്ന ശ്വേതയുടെ നടപടിക്കെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു.











0 comments