Deshabhimani

ശുചീകരണത്തിലും കൈമലർത്തി റെയിൽവേ; ചെലവ് ഉദ്യോഗസ്ഥരുടെ ചുമലിൽ, കൂലി നൽകാൻ സ്വന്തം പണം മുടക്കി സ്റ്റേഷൻ മാസ്റ്റർമാർ

nilambur road
വെബ് ഡെസ്ക്

Published on Oct 13, 2026, 10:43 AM | 2 min read

നിലമ്പൂർ : സ്റ്റേഷനുകളിലെ ശുചീകരണത്തിന് പണം അനുവദിക്കാതെ റെയിൽവേ. തൊഴിലാളികൾക്ക് കൂലി നൽകാൻ സ്വന്തം കീശയിൽനിന്ന് പണം ചെലവഴിക്കേണ്ട ഗതികേടിലാണ് സ്റ്റേഷൻ മാസ്റ്റർമാർ. പാലക്കാട് റെയിൽവേ ഡിവിഷനിൽ നിലമ്പൂർ ഉൾപ്പെടെ 47 സ്റ്റേഷനുകളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായത്. ആ​ഗസ്ത് പകുതി മുതൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള ഇംപ്രസ്റ്റ് തുക ലഭിക്കാതായതോടെ ശുചീകരണ തൊഴിലാളികളുടെ വേതനവും ഹരിത കർമസേനയ്ക്കുള്ള യൂസർ ഫീസും സ്വന്തം നിലയിൽ കണ്ടെത്തേണ്ട അവസ്ഥയാണ്. റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ വൃത്തിയായി സൂക്ഷിക്കാനുള്ള ബാധ്യത പോലും ജീവനക്കാരുടെ വ്യക്തിപരമായ ചെലവിലേക്ക് മാറുകയാണ്.


പാലക്കാട് ഡിവിഷനിൽ ഹാൾട്ട് സ്റ്റേഷനുകൾ ഉൾപ്പെടെ 87 സ്റ്റേഷനുകളുണ്ട്. ഇതിൽ 47 സ്റ്റേഷനുകളിലാണ് ഫണ്ട് മുടങ്ങിയത്. സ്റ്റേഷനുകളുടെ വലുപ്പവും ആവശ്യവും അനുസരിച്ച് പ്രതിമാസം 5,000 മുതൽ 40,000 രൂപ വരെയാണ് ശുചീകരണത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായി അനുവദിക്കുന്നത്. സ്റ്റേഷൻ പരിസരം, പ്ലാറ്റ്ഫോമുകൾ, ഓഫീസുകൾ, ശുചിമുറികൾ എന്നിവ വൃത്തിയാക്കുന്നതിനും കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കുമാണ് തുക വിനിയോഗിക്കുന്നത്. എന്നാൽ ഫണ്ട് ലഭിക്കാതായതോടെ ഈ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ജീവനക്കാർ സ്വന്തം പണം ചെലവഴിക്കേണ്ട സ്ഥിതിയാണ്.


പ്ലാറ്റ്ഫോമുകളും ശുചിമുറികളും ദിവസത്തിൽ രണ്ടുതവണ വൃത്തിയാക്കണമെന്നിരിക്കെ ഫണ്ട് മുടങ്ങുന്നത് സ്റ്റേഷനുകളുടെ ശുചിത്വത്തെ നേരിട്ട് ബാധിക്കും. ഓരോ സ്റ്റേഷനിലും ഒന്നിലധികം തൊഴിലാളികളാണ് ശുചീകരണത്തിന് എത്തുന്നത്. ഇവരുടെ വേതനം നൽകുന്നതിനൊപ്പം അനുബന്ധ ചെലവുകളും ജീവനക്കാർ കണ്ടെത്തണം. പൊതുജനങ്ങൾ ഉപയോഗിക്കുന്ന റെയിൽവേ സ്റ്റേഷനുകളിലെ ശുചിത്വം ഉറപ്പാക്കാൻ ആവശ്യമായ പണം യഥാസമയം ലഭ്യമാക്കുന്നതിൽ വീഴ്ച തുടരുകയാണ്.


സ്വന്തം കീശയിൽനിന്ന് എത്രനാൾ?


സ്റ്റേഷനുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ഇംപ്രസ്റ്റ് തുക ബാങ്ക് അക്കൗണ്ടിലാണ് ലഭിക്കുന്നത്. എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചാണ് ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നത്. ഫണ്ട് ലഭിച്ചില്ലെങ്കിലും ശുചീകരണം മുടങ്ങാതിരിക്കാനാണ് സ്റ്റേഷൻ മാസ്റ്റർമാർ സ്വന്തം പണം ചെലവഴിക്കുന്നത്. ചെലവഴിച്ച തുക തിരികെ ലഭിക്കാനുള്ള കുടിശ്ശികയും പലർക്കുമുണ്ട്. ഇനി സ്വന്തം നിലയിൽ പണം കണ്ടെത്താൻ കഴിയാത്ത സ്ഥിതിയിലേക്ക് ജീവനക്കാർ നീങ്ങുന്നതോടെ ശുചീകരണം തന്നെ മുടങ്ങാനുള്ള സാധ്യത ഉയരുകയാണ്.


2023-ലെ പ്രതിസന്ധി ആവർത്തിക്കുമോ?


ഫണ്ട് മുടങ്ങിയതിനെത്തുടർന്ന് 2023-ലും മാസങ്ങളോളം സ്റ്റേഷനുകളിൽ ശുചീകരണം തടസ്സപ്പെട്ടിരുന്നു. അന്ന് സ്റ്റേഷനുകളിൽ ദുർഗന്ധവും മാലിന്യപ്രശ്നവും രൂക്ഷമായി. സമാന സാഹചര്യം വീണ്ടും ഉണ്ടായാൽ യാത്രക്കാരുടെ ദുരിതം വർധിക്കും. ശുചീകരണ തൊഴിലാളികൾക്ക് കൂലി നൽകാൻ പണമില്ലാത്തതും ശുചിത്വം ഉറപ്പാക്കാൻ അനുവദിക്കേണ്ട തുക കുടിശ്ശികയാകുന്നതും റെയിൽവേയുടെ പ്രവർത്തന സംവിധാനത്തിലെ വീഴ്ചയാണ് തുറന്നുകാട്ടുന്നത്. ഫണ്ട് സമയബന്ധിതമായി അനുവദിച്ചില്ലെങ്കിൽ അതിന്റെ വില നൽകേണ്ടിവരുന്നത് ജീവനക്കാർക്കും യാത്രക്കാർക്കുമായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home