റെയിൽവേ അനാസ്ഥ, സെർവർ സ്‌പീഡ് കുറഞ്ഞു: തൽക്കാൽ ടിക്കറ്റ് കിട്ടാതെ വലഞ്ഞ് യാത്രക്കാർ


സ്വന്തം ലേഖകൻ
Published on Sep 28, 2026, 08:16 AM | 1 min read
കൊല്ലം : റെയിൽവേയുടെ ബുക്കിങ് ആപ്പ് സെർവർ സ്‌പീഡ് കുറഞ്ഞതോടെ വിവിധ ട്രെയിനുകളിൽ തൽക്കാൽ ടിക്കറ്റ് റിസർവ് ചെയ്യാനാകാതെ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി. ശനിയാഴ്‌ചയാണ് സംഭവം. തിരുവനന്തപുരം മുതൽ വടക്കോട്ട് എല്ലാ റെയിൽവേ സ്‌റ്റേഷനുകളിലും എത്തിയ യാത്രക്കാരാണ് തൽക്കാൽ ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ടിവന്നത്. ഓൺലൈനിൽ തൽക്കാൽ ടിക്കറ്റ് ബുക്കുചെയ്യാൻ ശ്രമിച്ച യാത്രക്കാരും നിരാശരായി. അടിയന്തര ആവശ്യങ്ങൾക്കായി വിദൂരങ്ങളിൽ പോകേണ്ടവർ ഉൾപ്പെടെ ബുദ്ധിമുട്ടിലായി.
ദീർഘദൂര ട്രെയിനുകളിൽ സാധാരണ റിസർവേഷൻ ടിക്കറ്റ് ലഭിക്കാത്തവരും തൽക്കാൽ ടിക്കറ്റിനെ ആണ് ആശ്രയിക്കുന്നത്. കംപ്യൂട്ടറിൽ തൽക്കാൽ ടിക്കറ്റ് റിസർവ് ചെയ്യാനായി വിവരങ്ങൾ നൽകി കാത്തിരുന്നെന്നും സ്‌പീഡ് ഇല്ലാത്തതിനാൽ സമയം കഴിഞ്ഞിട്ടും സൈറ്റിൽ കയറാനായില്ലെന്നും ബുക്കിങ് കേന്ദ്രത്തിലെ റെയിൽവേ ജീവനക്കാർ പറഞ്ഞു. റെയിൽ നെറ്റാണ് സ്‌റ്റേഷനുകളിൽ ബുക്കിങ് കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നത്. തൽക്കാൽ സമയത്ത് ലോഡ് കൂടുന്നതുമൂലം പലപ്പോഴും നെറ്റിന് ആവശ്യത്തിന് വേഗത ഉണ്ടാകാറില്ല. ഇക്കാര്യം പരാതിയായിട്ടുണ്ടെങ്കിലും നെറ്റിന്റെ കാര്യക്ഷമത വർധിക്കാൻ റെയിൽവേ നടപടി സ്വീകരിച്ചില്ല.
തൽക്കാൽ ടിക്കറ്റ് ബുക്കിങ് സംവിധാനം എല്ലാദിവസവും പകൽ 11നാണ് ഓപ്പൺ ആകുന്നത്. ടിക്കറ്റിനായി തലേന്നുതന്നെ ആവശ്യക്കാർ സ്‌റ്റേഷനുകളിൽ തമ്പടിക്കുന്നതാണ് പതിവ്. രാവിലെ ലഭിച്ച ടോക്കണുമായി പകൽ 11വരെ ക്യൂ നിന്ന യാത്രക്കാർക്കാണ് തിരിച്ചടി നേരിട്ടത്.
തിരുവനന്തപുരം, കഴക്കൂട്ടം, വർക്കല, പരവൂർ, കൊല്ലം, ശാസ്‌താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ആലപ്പുഴ, എറണാകുളം തുടങ്ങിയ എല്ലാ സ്‌റ്റേഷനുകളിലും തൽക്കാൽ ടിക്കറ്റ് ലഭിക്കാതെ യാത്രക്കാർ നിരാശരായി മടങ്ങേണ്ടിവന്നു. ചിലയിടങ്ങളിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി.









0 comments