print edition ട്രെയിനിൽ ഒറ്റയ്‌ക്കു കയറിയ അഞ്ചുവയസ്സുകാരന് രക്ഷകനായി പ്രതീഷ്

ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ എൻ എം പ്രതീഷ് കുട്ടിക്കൊപ്പം ജനശതാബ്ദി എക്സ്പ്രസില്‍
കൊച്ചി: മാതാപിതാക്കളിൽനിന്ന് വേർപെട്ട് ട്രെയിനിൽ അകപ്പെട്ടുപോയ ആലപ്പുഴ സ്വദേശിയായ അഞ്ചുവയസ്സുകാരന് രക്ഷകനായി എറണാകുളം സൗത്ത് റെയിൽവേ സ്ലീപ്പർ ഡിപ്പോ ഉദ്യോഗസ്ഥൻ എൻ എം പ്രതീഷ്. ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറായ ഇദ്ദേഹം തിങ്കൾ പകൽ 1.45ന് കോഴിക്കോട്–എറണാകുളം ജനശതാബ്ദി എക്സ്പ്രസിൽ ഡ്യൂട്ടി ആരംഭിച്ചപ്പോഴാണ് സംഭവം. കോഴിക്കോടുനിന്ന് പുറപ്പെട്ട ട്രെയിനിലെ ഡി 8 കോച്ചിലേക്ക് പ്രതീഷെത്തിയപ്പോൾ ഒരു ചെറിയകുട്ടി ഒറ്റയ്ക്ക് വാതിലിനരികിൽ നിൽക്കുന്നതായി യാത്രക്കാരിലൊരാൾ ശ്രദ്ധയിൽപ്പെടുത്തി.
കുട്ടിയോട് കാര്യം തിരക്കിയെങ്കിലും "നായക്' എന്നൊരു പേരല്ലാതെ ഒന്നും പറയുന്നുണ്ടായിരുന്നില്ല. അന്വേഷണത്തിൽ, കോഴിക്കോട് സ്റ്റേഷനിൽവച്ച് മാതാപിതാക്കളിൽനിന്ന് വേർപെട്ട കുട്ടി ട്രെയിനിൽ കയറിപ്പറ്റിയതാണെന്ന് ബോധ്യപ്പെട്ടു. കാര്യങ്ങൾ തിരക്കുന്നതിനിടെ കരച്ചിലായെങ്കിലും ഐസ്ക്രീം കിട്ടിയതോടെ പുഞ്ചിരിയായി.
കുട്ടിയെ ആശ്വസിപ്പിച്ച പ്രതീഷ്, കൊമേഴ്സ്യൽ കൺട്രോളിലേക്ക് സന്ദേശം നൽകി. അതുപ്രകാരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ്മെന്റ് നൽകി. തുടർന്ന്, കുട്ടിയുടെ മാതാപിതാക്കൾ ഇൻഫർമേഷൻ സെന്ററിലെത്തി. ട്രെയിനിന്റെ അടുത്ത സ്റ്റോപ്പായ തിരൂരിൽവച്ച് ആർപിഎഫിന് കുട്ടിയെ കൈമാറാൻ പ്രതീഷിന് സന്ദേശമെത്തി. 2.20ന് ട്രെയിൻ തിരൂരിലെത്തിയപ്പോൾ സീനിയർ ടിസിടിസി (കൊമേഴ്സ്യൽ കം ടിക്കറ്റ് ചെക്കർ) സനൽ തോമസും പ്രതീഷും ചേർന്ന് കുട്ടിയെ അധികൃതർക്ക് കൈമാറി. അടുത്ത ട്രെയിനിൽ ഇവിടെയെത്തിയ മാതാപിതാക്കൾ കുട്ടിയെ ഏറ്റുവാങ്ങി. 19 വർഷമായി റെയിൽവേ സർവീസിലുള്ള എൻ എം പ്രതീഷ് തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയാണ്.
വിവരമറിയിക്കാം രക്ഷിക്കാം
ട്രെയിൻ യാത്രയ്ക്കിടെ അടിയന്തര സാഹചര്യമുണ്ടായാൽ 139 (റെയിൽ മദദ്) എന്ന നമ്പറിൽ ആർപിഎഫിനെ ബന്ധപ്പെടാം. ട്രെയിനിലോ റെയിൽവേ സ്റ്റേഷനിലോ കുട്ടികളെ കാണാതായാൽ, ഒറ്റപ്പെട്ടനിലയിൽ ഏതെങ്കിലും കുട്ടിയെ കണ്ടാൽ 1098 (ചൈൽഡ് ലൈൻ) നമ്പറിൽ വിവരം അറിയിക്കാം. അടിയന്തര സുരക്ഷാ സഹായത്തിന് 1512 (റെയിൽവേ പൊലീസ്) നമ്പറിൽ വിളിക്കാം.









0 comments