ക്വാണ്ടം വിസ്മയങ്ങൾ തിരുവനന്തപുരത്തേക്കും; ഫെബ്രുവരി 19 മുതൽ എക്സിബിഷൻ

തിരുവനന്തപുരം: ക്വാണ്ടം സയൻസിന്റെ വിസ്മയക്കാഴ്ചകളും വിശേഷങ്ങളുമായി ‘ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ’ തിരുവനന്തപുരത്തേക്കും. നവംബർ 7നു കൊച്ചി ശാസ്ത്രസാങ്കേതികസർവകലാശാലയിൽ തുടങ്ങിയ എക്സിബിഷൻ വിവിധ ജില്ലകളിൽ പര്യടനം നടത്തി തലസ്ഥാനത്ത് സമാപിക്കുകയാണ്. ഗവ. വിമൻസ് കോളേജിൽ ഫെബ്രുവരി 19 മുതൽ 26 വരെയാണു പ്രദർശനം. ക്വാണ്ടം ടോക്കുകളും മറ്റു ശാസ്ത്രപ്രഭാഷണങ്ങളും സെമിനാറുകളും വിദ്യാലയങ്ങളിൽ ശാസ്ത്രാവതരണങ്ങളും പരീക്ഷണങ്ങളും ഒക്കെയായി ഒട്ടേറെ അനുബന്ധപരിപാടികളും ഉണ്ട്.
സ്കൂളുകൾക്കും വ്യക്തികൾക്കും എക്സിബിഷൻ കാണാൻ www.q.luca.co.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 75 സ്കൂളുകൾക്കാണ് അവസരം. ഓരോ സ്കൂളിൽനിന്നും നൂറുവരെ വിദ്യാർഥികൾക്ക് സൗകര്യം ഒരുക്കാനാകും. ഒഴിവുള്ള സ്ലോട്ടുകളിൽ ഇനിയും രജിസ്ട്രേഷന് അവസരമുണ്ട്. വിവരങ്ങൾക്ക് 9446101269 (ബി രമേഷ്), 7025990690 (ഡോ. റസീന എൻ ആർ), 9745308660 (ഡോ. കെ ബീന) എന്നീ നമ്പരുകളിൽ വിളിക്കാം.
ക്വാണ്ടം മെക്കാനിക്സ് പിറന്നിട്ട് നൂറ്റാണ്ടു തികയുന്ന വേളയിൽ ഐക്യരാഷ്ട്രസഭ 2025നെ ക്വാണ്ടം സയൻസിന്റെയും സാങ്കേതികവിദ്യയുടെയും വർഷമായി ലോകമെമ്പാടും ആഘോഷിക്കാൻ ആഹ്വാനം ചെയ്തിരുന്നു. അതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യപരിഷത്തും അതിന്റെ സയൻസ് പോർട്ടൽ ലൂക്കയും ചേർന്ന് കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ സഹകരണത്തോടെ കേരളത്തിലും 2025 തുടക്കം മുതൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. അതിൽ പ്രധാനപരിപാടിയായ ക്വാണ്ടം എക്സിബിഷൻ കുസാറ്റിലെ ശാസ്ത്രസമൂഹകേന്ദ്ര (സയൻസ് ഇൻ സൊസൈറ്റി C-SiS) വുമായി ചേർന്ന് ഒരുക്കിയതാണ്. ലോകത്ത് 70ൽപ്പരം രാജ്യങ്ങളിൽ നടക്കുന്ന ക്വാണ്ടം സെഞ്ചുറി പരിപാടികളിൽ പങ്കാളിത്തവും ജനകീയതയും കാലദൈർഘ്യവുംകൊണ്ടു വ്യത്യസ്തമായതെന്നാണ് യുനെസ്കോ എക്സിബിഷനെ വിലയിരുത്തിയത്.
പ്രദർശനത്തിൽ പഠിക്കുന്ന പീരിയോഡിക് ടേബിൾ, ആറ്റംഘടന, ഓർബിറ്റൽ തിയറി, സബ് ആറ്റോമിക് പാർട്ടിക്കിളുകൾ, സെമികണ്ടക്ടറുകൾ തുടങ്ങിയവയും ഫ്ലൂറസൻസ്, സൂപ്പർ ഫ്ലൂയിഡിറ്റി, സൂപ്പർ കണ്ടക്റ്റിവിറ്റി തുടങ്ങിയ ക്വാണ്ടം പ്രതിഭാസങ്ങളും സാങ്കേതികവിദ്യകളും ശാസ്ത്രജ്ഞരുടെ സംഭാവനകളുമെല്ലാം എക്സിബിറ്റുകളും മോഡലുകളുമായി അറിവു വിതറും. ലളിതമായാണ് അവതരണം. പീരിയോഡിക് ടേബിളിലെ ഒട്ടുമിക്ക മൂലകങ്ങളെയും സി വി രാമൻ കണ്ടെത്തിയ ‘രാമൻ പ്രഭാവ’വും ഉൾപ്പെടെ കാണാത്ത പലതും നേരിൽ കാണാം. ഹോളോഗ്രാം, സിമുലേഷനുകൾ, വെർച്വൽ റിയാലിറ്റി, ലേസർ, സ്ഫെറിക്കൽ പ്രൊജക്‌ഷൻ തുടങ്ങിയ ആധുനികസങ്കേതങ്ങളെല്ലാം ഉപയോഗപ്പെടുത്തിയാണു പ്രദർശനം. പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ, പാനലുകൾ, മത്സരങ്ങൾ തുടങ്ങിയവയുമുണ്ട്. പ്രദർശനദിവസങ്ങളിലും മുൻദിവസങ്ങളിലും ശാസ്ത്രപ്രഭാഷണങ്ങളും ചർച്ചകളും പുസ്തകപ്രകാശനങ്ങളും സയൻസ് മ്യൂസിക് ബാൻഡ് ഉൾപ്പെടെയുള്ള മറ്റ് അനുബന്ധപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ടി കെ രാധ, ബിബ ചൗധരി തുടങ്ങിയ ഇന്ത്യൻ വനിതാശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ആർട്ടിസ്റ്റ് ശ്രീജ പള്ളത്തിന്റെ ശില്പങ്ങൾ, ക്വാണ്ടം സയൻസിലെ ഇന്ത്യൻ സംഭാവനകൾ പരിചയപ്പെടുത്തുന്ന യദുനാഥിന്റെ പ്രത്യേക പെയിന്റിങ് പരമ്പര, ജസ്റ്റിൻ ജോസഫ് ഒരുക്കുന്ന ഐൻസ്റ്റൈനും മേരിക്യൂറിയും, വിഖ്യാതശാസ്ത്രജ്ഞനായ ഷ്യോഡിംഗറുടെ ചിന്താപരീക്ഷണത്തിലെ പൂച്ച തുടങ്ങിയ കലാസൃഷ്ടികളും പ്രദർശനത്തിന്റെ ഭാഗമാണ്. പ്രദർശനം കൊച്ചി ശാസ്ത്രസാങ്കേതികസർവ്വകലാശാലയിൽ നവംബർ 7-ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവാണ് ഉദ്ഘാടനം ചെയ്തത്.










0 comments