ad
Deshabhimani

പുറ്റിങ്ങൽ വെടിക്കെട്ട്‌ ദുരന്തം: വിചാരണ 23ലേക്ക്‌ മാറ്റി

Puttingal Blast
വെബ് ഡെസ്ക്

Published on May 17, 2026, 11:15 AM | 2 min read

കൊല്ലം : പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്ര വെടിക്കെട്ട്‌ അപകടക്കേസ്‌ വിചാരണ 23ലേക്ക്‌ മാറ്റി. പ്രതികളുടെ അപേക്ഷ പരിഗണിച്ചാണിത്‌. കൊലപാതകക്കുറ്റം ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതികൾ ഹൈക്കോടതിയിൽ നൽകിയിട്ടുള്ള ഹർജിയിലുള്ള വാദം 19ലേക്ക് മാറ്റിയിരുന്നു. ഇതിനെത്തുടർന്ന്‌ വിചാരണയ്‌ക്ക്‌ അവധി അനുവദിക്കണമെന്നു കാട്ടി പ്രതിഭാഗം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ്‌ കേസ്‌ മാറ്റിയത്‌.


രണ്ടാം സാക്ഷിയും ക്ഷേത്രസമീപവാസിയുമായ ആനന്ദാലയത്തിൽ അഡ്വ. അരുൺ ലാലിനെയായിരുന്നു ശനിയാഴ്‌ച വിസ്‌തരിക്കേണ്ടിയിരുന്നത്‌. ചാർജ്‌ ജഡ്ജിയായ നാലാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ്‌ സെഷൻസ് കോടതി എം സി ആന്റണിയാണ്‌ കേസ്‌ മാറ്റിവച്ചത്‌. പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.​

2016 ഏപ്രിൽ 10 നാണ് രാജ്യത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തമുണ്ടായത്. കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന വെടിക്കെട്ടിനിടെ ഉണ്ടായ സ്ഫോടനമാണ് വൻ ദുരന്തത്തിൽ കലാശിച്ചത്. പുലർച്ചെ 3.11 ന് ഉണ്ടായ സ്ഫോടനത്തിൽ 110 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 656 പേർക്ക് പരിക്കേറ്റു. അതിൽ അഞ്ഞൂറോളം പേരുടെ പരിക്ക്‌ ഗുരുതരമായിരുന്നു. ദുരന്തത്തിൽ 358 വീടുകൾക്ക്‌ നാശനഷ്ടമുണ്ടായി. റവന്യൂ അധികൃതർ കണക്കാക്കിയിട്ടുള്ള നഷ്ടം 2.58 കോടി രൂപയാണ്.


ദുരന്തം നടന്ന് 10 വർഷം കഴിയുമ്പോഴും സ്ഫോടനത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ്‌ പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച്‌ 1734/2023 നമ്പരിൽ ചാർജ് ചെയ്ത് അന്വേഷണം നടത്തിയ കേസിൽ കുറ്റപത്രം പരവൂർ കോടതിയിൽ സമർപ്പിച്ചു. ഇത് പിന്നീട് ജില്ലാ സെഷൻസ് കോടതിക്ക് കൈമാറി. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ 59 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 15 പേർ മരിച്ചു.


ഒന്നും മൂന്നു മുതൽ ഒമ്പത് വരെയും 11 മുതൽ 16 വരെയും 18 മുതൽ 21 വരെയും പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ഒന്നു മുതൽ 15 വരെയുള്ള പ്രതികൾ ക്ഷേത്ര ഭരണസമിതി ഭാരവാഹികളാണ്. 16 മുതൽ 20 വരെയുള്ള പ്രതികൾ വെടിക്കെട്ടുകാരാണ്. 21–-ാം പ്രതി വെടിക്കെട്ടിന് നേതൃത്വം നൽകിയയാളാണ്. 22 മുതൽ 25 വരെയും 28 മുതൽ 41 വരെയും 41 മുതൽ 55 വരെയുമുള്ള പ്രതികൾ വെടിക്കെട്ട്‌കാരുടെ തൊഴിലാളികളുമാണ്. 57 മുതൽ 59 വരെയുള്ള പ്രതികൾ വെടിക്കെട്ടുകാർക്ക് സ്ഫോടക വസ്തുക്കൾ വിതരണം ചെയ്തവരുമാണ്. ആയിരത്തിലധികം പേർ സാക്ഷികളായുണ്ട്‌.


​വിചാരണയ്ക്ക് പ്രത്യേക 
കോടതി


​കേസിന്റെ വേഗത്തിലുള്ള വിചാരണയ്ക്കായി സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം ഹൈക്കോടതി കൊല്ലത്ത് പ്രത്യേക കോടതി സ്ഥാപിച്ചു. കൊല്ലം ടി എം വർഗീസ് സ്മാരക ലൈബ്രറി ഹാളിലാണ് കോടതി പ്രവർത്തിക്കുന്നത്. കേസിന്റെ പ്രാരംഭ വിചാരണ നടപടികൾ ശനിയാഴ്ചകളിൽ ഇവിടെയാണ് നടക്കുന്നത്. പ്രത്യേക കോടതി സ്ഥാപിച്ചെങ്കിലും സ്ഥിരം ജഡ്ജിയെ നിയമിച്ചിട്ടില്ല. കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതി ജഡ്ജി എം സി ആന്റണിക്കാണ് പ്രത്യേക കോടതിയുടെ താൽക്കാലിക ചുമതല.


വിചാരണയുടെ ഭാഗമായി കേസിലെ 30–-ാം പ്രതി അടൂർ സ്വദേശി അനുരാജിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയിൽ വിശദമായ വാദം കേട്ട ശേഷം 55 മുതൽ 57 വരെയുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ബാക്കി പ്രതികൾക്ക് എല്ലാം കോടതി കുറ്റപത്രം കൈമാറി. സ്പെഷൽ പ്രോസിക്യൂട്ടർ പാരിപള്ളി രവീന്ദ്രന്റെ നിര്യാണത്തെ തുടർന്ന്‌ അഡ്വ. കെ പി ജബ്ബാറിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home