print edition പുനർജനി ഫണ്ട് തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ട് അട്ടിമറിച്ചു

തിരുവനന്തപുരം: പുനർജനിയുടെ മറവിൽ വിദേശപണം സ്വീകരിച്ചതിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻചിറ്റ് നൽകിയത് വിജിലൻസ് റിപ്പോർട്ട് അട്ടിമറിച്ച്. മുഖ്യമന്ത്രി കുറ്റം ചെയ്‌തിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തി എന്നാണ് അന്വേഷണം അവസാനിപ്പിക്കാൻ കാരണമായി ആഭ്യന്തരമന്ത്രി പറഞ്ഞത്. എന്നാൽ പ്രത്യേക അന്വേഷണ യൂണിറ്റ് രണ്ട് സമർപ്പിച്ച പുതുക്കിയ റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് ക്ലീൻചിറ്റ് നൽകിയിട്ടില്ല.
മണപ്പാട്ട് ഫൗണ്ടേഷനെക്കുറിച്ച് മാത്രമായിരുന്നു പുതിയ അന്വേഷണം. മൂന്നുപേജുള്ള റിപ്പോർട്ടിൽ ഒരിടത്തും സതീശനെ ന്യായീകരിക്കുന്നില്ല. എന്നിട്ടും ഇൗ റിപ്പോർട്ട് മറയാക്കി മുഖ്യമന്ത്രിയെ രക്ഷിക്കുകയായിരുന്നു.
സതീശൻ ഇംഗ്ലണ്ടിൽനിന്ന് നേരിട്ട് പണം ആവശ്യപ്പെട്ടതിന്റെ വീഡിയോയുൾപ്പെടെ ഡിജിറ്റൽ തെളിവുകൾ വിജിലൻസിന്റെ കൈവശമുണ്ട്.
ഡിവൈഎസ്‌പി ദിലീപ്‌കുമാർ ദാസാണ് എസ്‌പിക്ക് റിപ്പോർട്ട് നൽകിയത്. മെയ് ഏഴിനായിരുന്നു ഇത്. അന്വേഷണം അവസാനിപ്പിക്കാൻ മെയ് 26ന് വിജലൻസ് ഡയറക്‌ടർ ആഭ്യന്തര സെക്രട്ടറിക്ക് കത്തുംനൽകി. വി ഡി സതീശൻ അപ്പോഴേക്കും മുഖ്യമന്ത്രിയായി.
ജനുവരി 29ന് നൽകിയ ആദ്യ റിപ്പോർട്ടിൽ വിദേശവിനിമയ ചട്ടലംഘനം നടന്നതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ശുപാർശയുണ്ടായിരുന്നു. സിബിഐ അന്വേഷണത്തിന് സർക്കാർ തത്വത്തിൽ തീരുമാനിക്കുകയുംചെയ്‌തു. ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തതയ്‌ക്കായി റിപ്പോർട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മടക്കി അയച്ചു. പുതുക്കിയ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലം വന്നതോടെ അന്വേഷണം സതീശനിലേക്ക് കടക്കാതെ മണപ്പാട്ട് ഫൗണ്ടേഷനിൽ ഒതുക്കി. വിജിലൻസ് ഡയറക്‌ടറുടെ കത്തിൽ നിയമ പരിശോധന നടത്താതെ ആഭ്യന്തരമന്ത്രി അനുകൂല കുറിപ്പെഴുതി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, ഫയൽ വിജിലൻസിന് മടക്കിയിട്ടില്ല. ഇക്കാര്യത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് കടുത്ത വിയോജിപ്പുണ്ട്.









0 comments