print edition ജീവൻനൽകി ജീവൻ രക്ഷിച്ച രാജേഷിനോടുള്ള അനാദരവ്; മനുഷ്യ ജീവനേക്കാൾ പ്രധാനം വിഐപി അകമ്പടിയോ?

കണ്ണൂർ: പുളിങ്ങോം മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട നീന്തൽ പരിശീലകൻ തിരുവനന്തപുരം സ്വദേശി രാജേഷിനായി നാടാകെ തിരച്ചിൽ നടത്തുമ്പേൾ ഏകോപനച്ചുമതല വഹിക്കേണ്ട പയ്യന്നൂർ തഹസിൽദാർ പങ്കെടുത്തത് വിഐപി വിവാഹസൽക്കാരത്തിൽ. കഴിഞ്ഞ ശനിയാഴ്‌ചയാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്. ഞായറാഴ്‌ചയും തഹസിൽദാർ കെ പി പോൾ ഇൗ ഭാഗത്തുണ്ടായില്ല. മേഘാലയ ചീഫ് സെക്രട്ടറി ഡോ. ഷാക്കിൽ പി അഹമ്മദിന്റെ മകളുടെ വിവാഹസൽക്കാരത്തിന് കണ്ണൂരിലെത്തിയ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്‌മയ്‌ക്ക് അകന്പടി പോകുകയായിരുന്നു ഇദ്ദേഹം.
അധികാരപരിധിയിൽ അപകടങ്ങളുണ്ടായാൽ തഹസിൽദാർമാർ വിഐപി അകന്പടി ചുമതലയിൽനിന്ന് സ്വയം ഒഴിവാകാറുണ്ട്. ചുമതല ഒഴിവാക്കി നൽകാൻ തഹസിൽദാർ ആവശ്യപ്പെട്ടില്ല എന്നാണ് വിവരം. ഞായറാഴ്‌ച ഉയർന്ന ചുമതലയുള്ള ആരും എത്താതെയായിരുന്നു തിരച്ചിൽ. റവന്യൂ ഉദ്യോഗസ്ഥരുടെ അഭാവം പലരും ശ്രദ്ധയിൽപ്പെടുത്തിയശേഷമാണ് ഏതാനും ഉദ്യോഗസ്ഥർ വൈകി സ്ഥലത്ത് എത്തിയതെന്ന് നാട്ടുകാർ പറയുന്നു.
ഫ്രീസറില്ലാത്ത ആംബുലൻസിൽ രാജേഷിന്റെ മൃതദേഹം കയറ്റിയയച്ച സംഭവത്തിൽ തഹസിൽദാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്‌ചയെന്നാണ് ഉന്നതതല വിലയിരുത്തൽ. ചെറുപുഴ പഞ്ചായത്ത് ഭരണസമിതിക്കും ഫ്രീസർ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി നൽകാമായിരുന്നിട്ടും അവരും തയ്യാറായില്ല. സ്ഥലം എംഎൽഎ വി കുഞ്ഞിക്കൃഷ്‌ണനാകട്ടെ, എല്ലാം റവന്യുവകുപ്പിന്റെ ചുമതലയാണെന്ന രീതിയിൽ മാറിനിന്നു.








0 comments