Deshabhimani

print edition ഇത്‌ മാപ്പില്ലാത്ത ക്രൂ‍രത

Rajesh
വെബ് ഡെസ്ക്

Published on Aug 07, 2026, 02:01 AM | 1 min read

കണ്ണൂർ: പുളിങ്ങോം മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട്‌ മരിച്ച നീന്തൽ പരിശീലകൻ തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷിനോട്‌ സർക്കാർ സംവിധാനങ്ങൾ കാണിച്ചത്‌ മാപ്പില്ലാത്ത ക്രൂ‍രത.


രാജേഷിന്റെ ഉറ്റ സുഹൃത്തും വാർഡംഗവുമായ കെ മഹേഷും ഇക്കാര്യം അടിവരയിട്ട്‌ പറയുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽനിന്ന്‌ മൃതദേഹം വിട്ടുകൊടുക്കുമ്പോൾ ഫ്രീസർ സ‍ൗകര്യമുള്ള ആംബുലൻസ്‌ നൽകണമെന്ന്‌ ബന്ധുക്കൾ കേണപേക്ഷിച്ചെങ്കിലും നൽകിയില്ല.


സ്ഥലത്തുണ്ടായിരുന്ന വി കുഞ്ഞിക്കൃഷ്‌ണൻ എംഎൽഎയോട്‌ സംസാരിച്ചപ്പോൾ, ഫ്രീസർ സ‍ൗകര്യമുള്ള ആംബുലൻസ്‌ ഒരുക്കാൻ ഇടപെട്ടിട്ടുണ്ടെന്നായിരുന്നു മറുപടി. പക്ഷേ, നൽകിയില്ല. പയ്യന്നൂർ തഹസിൽദാർ കെ പി പോളിനോട്‌, വെള്ളത്തിൽ മൂന്നുദിവസം കിടന്ന മൃതദേഹമല്ലേയെന്ന്‌ ആശങ്ക അറിയിച്ചപ്പോൾ, ‘ഇവിടെനിന്ന്‌ അസമിലേക്ക്‌ ഇതുപോലെ ബോഡി അയച്ചിട്ടുണ്ട്‌. പിന്നെയാണോ ഇ‍ൗ ചെറിയ ദൂരം’ എന്നായിരുന്നു മറുപടി.


മഹേഷ്‌ ഉടൻ ഡോക്ടറായ മകളെയും തെറ്റവിള പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ സുനിതയെയും വിളിച്ച്‌ അന്വേഷിച്ചു. ഒരുകാരണവശാലും ഫ്രീസറില്ലാതെ കൊണ്ടുവരാൻ പാടില്ലെന്നായിരുന്നു ഇവരുടെ പ്രതികരണം. അതും തഹസിൽദാരെ ധരിപ്പിച്ചു.


‘‘വേണമെങ്കിൽ പുറത്ത്‌ ഒരു കവർകൂടി ഇട്ടുതരാം എന്നാണ്‌ തഹസിൽദാർ പറഞ്ഞത്‌. മറ്റു വഴിയില്ലാതെ ഫ്രീസറില്ലാത്ത ആംബുലൻസിൽ പുറപ്പെടുകയായിരുന്നു. കോഴിക്കോട്ട്‌ എത്തുമ്പോൾത്തന്നെ ദുർഗന്ധം വന്നുതുടങ്ങി. ചാവക്കാട്ടെത്തിയപ്പോൾ അസഹ്യമായി.


ഇക്കാര്യം ആംബുലൻസ്‌ ഡ്രൈവർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പലിനോട് ഫോണിൽ അറിയിച്ചപ്പോൾ ഫ്രീസറുള്ള ആംബുലൻസ്‌ ഏർപ്പാടാക്കാൻ അദ്ദേഹം നിർദേശിച്ചു. അതിന്റെ തുക ഗൂഗിൾപേ ആയി നൽകി. അദ്ദേഹം ഫോണിലൂടെ ക്ഷമാപണം നടത്തി’’ – മഹേഷ്‌ പറഞ്ഞു.

സ്വജീവൻ അവഗണിച്ച്‌ മറ്റൊരു ജീവൻ രക്ഷിച്ച രാജേഷിനെ കണ്ടെത്തുന്നതിൽ കാണിച്ച അലംഭാവവും അനാദരവും മൃതദേഹം കിട്ടിയശേഷവും തുടർന്നു.


സ്വന്തമായി രക്ഷാപ്രവർത്തനത്തിനിറങ്ങുന്നവരെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്നതിന്‌ സർക്കാർ സംവിധാനം ഉപയോഗിക്കാനാകില്ലെന്നും രക്ഷാപ്രവർത്തനം സ്വന്തം റിസ്കിൽ നടത്തണം എന്നുമായിരുന്നു മന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണം. ജീർണിച്ച മൃതദേഹത്തോട്‌ അനാദരവ്‌ കാണിച്ച സംഭവം വിവാദമായപ്പോൾ പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള നീക്കമാണ്‌ റവന്യൂഅധികൃതരും ആരോഗ്യവകുപ്പ്‌ അധികൃതരും നടത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home