print edition ചോദ്യപേപ്പർ മാറ്റി നൽകി: പിഎസ്‍സി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം/ആലപ്പുഴ: വിവിധ കമ്പനി, കോർപറേഷൻ ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് ഉൾപ്പെടെയുള്ള തസ്‌തികൾക്കുള്ള പിഎസ്‍സി പൊതു പ്രാഥമിക പരീക്ഷ ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് റദ്ദാക്കി. ഉച്ചയ്‌ക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ നൽകി. തുടർന്നാണ് പരീക്ഷ അവസാന നിമിഷം റദ്ദാക്കിയത്. ആലപ്പുഴയിലെ ലീഗ് നിയന്ത്രണത്തിലുള്ള ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ചോദ്യപേപ്പർ മാറ്റിനൽകിയത്. പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് സംസ്ഥാനത്താകെ ദൂരെ ജില്ലകളിൽ നിന്നടക്കം എത്തിയ ലക്ഷത്തിലധികം ഉദ്യോഗാർഥികൾ വലഞ്ഞു.
പ്രാഥമിക പരീക്ഷ ശനി രാവിലെയും ഉച്ചയ്‌ക്കുമായാണ് നിശ്‌ചയിച്ചത്. അഡീഷണൽ ചീഫ് സൂപ്രണ്ടായി നിയോഗിച്ച പിഎസ്‍സി ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നാണ് വീഴ്‌ച. കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗമാണ് ഇയാൾ. സ്‌കൂളിൽ രണ്ട് കേന്ദ്രങ്ങളിലായി 400 പേരാണ് പരീക്ഷയെഴുതാനുണ്ടായിരുന്നത്. രാവിലെ 10 മുതൽ 11.35 വരെയായിരുന്നു ആദ്യ പരീക്ഷ.
ഹയർസെക്കൻഡറി വിഭാഗത്തിലെ കെട്ടിടത്തിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ 166 പേർക്കാണ് ചോദ്യപേപ്പർ മാറ്റിനൽകിയത്. പരീക്ഷ കഴിഞ്ഞിറങ്ങിയവർ അടുത്ത കേന്ദ്രങ്ങളിലുള്ളവരുമായി ആശയവിനിമയം നടത്തിയപ്പോഴാണ് ചോദ്യപേപ്പർ മാറിയെന്ന് സംശയമുണ്ടായത്. തുടർന്ന് അധികൃതരോട് പരാതിപ്പെട്ടു. പിഎസ്‌സി ജില്ലാ ഓഫീസിലും അറിയിച്ചു. തുടർന്നാണ് പകൽ 1.30 മുതൽ 3.05 വരെ നടത്താനിരുന്ന പരീക്ഷ റദ്ദാക്കിയത്. രാവിലെ ചോദ്യം മാറി പരീക്ഷ എഴുതിയവരും വീണ്ടും പരീക്ഷ എഴുതേണ്ടി വരും.











0 comments