Deshabhimani

print edition സ്വകാര്യ സർവകലാശാലാ ബിൽ; മാനദണ്ഡം ദുർബലമാക്കിയത്‌ ഗുണനിലവാരത്തെ ബാധിക്കും

private universities bill

പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖകൻ

Published on Oct 11, 2026, 01:00 AM | 1 min read

തിരുവനന്തപുരം : പുതുതായി കൊണ്ടുവരുന്ന സ്വകാര്യ സർവകലാശാല ബില്ലിലെ അടിസ്ഥാന മാനദണ്ഡങ്ങൾ ദുർബലപ്പെടുത്തി സംസ്ഥാന സർക്കാർ. സ്വകാര്യ മാനേജുമെന്റുകളുടെ ഇംഗിതത്തിന്‌ വഴങ്ങിയാണ്‌ സർക്കാർ നടപടി. വിദേശ സർവകലാശാലകൾ സ്ഥാപിക്കാൻകൂടി വ്യവസ്ഥചെയ്യുന്നതാണ്‌ ബിൽ. കർശന വ്യവസ്ഥകളോടെ എൽഡിഎഫ്‌ സർക്കാർ കൊണ്ടുവന്ന ബിൽ പിൻവലിച്ച്‌ തിങ്കളാഴ്‌ച തുടങ്ങുന്ന നിയമസഭാ സമ്മേളനം പുതിയ ബിൽ അവതരിപ്പിക്കും. മാനദണ്ഡങ്ങൾ സർക്കാർ ദുർബലപ്പെടുത്തുന്നതോടെ ‘അപേക്ഷിക്കുന്നവർക്കെല്ലാം സർവകലാശാല’ എന്ന നില ഉണ്ടാകും. അടിസ്ഥാന സൗകര്യങ്ങളോ അക്കാദമിക്‌ നിലവാരമോ ഇല്ലാത്ത സ്ഥാപനങ്ങൾ സർവകലാശാലകളാകും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ഗുരുതരമായി ബാധിക്കും.


സ്വകാര്യ സർവകലാശാലയിൽ മലയാളി വിദ്യാർഥികൾക്ക്‌ 40 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള മുൻ ബില്ലിലെ വ്യവസ്ഥ 25 ശതമാനമാക്കി. സെക്യൂരിറ്റി നിക്ഷേപം 25 കോടി രൂപ കെട്ടിവയ്‌ക്കണമെന്നത്‌ അഞ്ച്‌ – 10 കോടിയാക്കി. പട്ടികജാതി, വർ​ഗ വിഭാ​ഗങ്ങൾക്ക് ഫീസിളവ്, സ്കോളർഷിപ്പ് എന്നിവയും വിദ്യാർഥിക​ളു​ടെ പ​രാ​തി പ​രിഹരിക്കാൻ പ്രത്യേക സമിതിയും​ എൽഡിഎഫ്‌ സർക്കാർ വ്യവസ്ഥ ചെയ്‌തിരുന്നു. ഫീസടക്കമുള്ള വിഷയങ്ങളിൽ സർക്കാർ മേൽനോട്ടവും നിയന്ത്രണവും തുടരുമോ എന്നതിൽ വ്യക്തതയില്ല. മാനേജുമെന്റുകളിലെ അന്താരാഷ്‌ട്ര പങ്കാളിത്തതിന്‌ അനുമതി നൽകുന്ന വ്യവസ്ഥയും ഉൾപ്പെടുത്തി. ഇത്‌ വിദേശ സർവകലാശാലകൾക്ക്‌ വഴിയൊരുക്കും.


സ്വകാര്യമേഖലയ്‌ക്ക്‌ വിദ്യാഭ്യാസ മേഖലയെ പൂർണമായി തുറന്നുകൊടുക്കുന്ന കേന്ദ്രനയങ്ങൾക്ക്‌ വഴങ്ങാതെ, എൽഡിഎഫ്‌ സർക്കാർ കൊണ്ടുവന്ന ബിൽ രാഷ്‌ട്രപതി അംഗീകാരം നൽകാതെ പിടിച്ചുവച്ചിരുന്നു. ആർഎസ്‌എസ്‌ അജണ്ട നടപ്പാക്കുന്ന യുഡിഎഫ്‌ സർക്കാർ കൊണ്ടുവരുന്ന ബിൽ ആശങ്ക ഉണ്ടാക്കുന്നതാണെന്ന്‌ വിദ്യാഭ്യാസ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. പുതിയ ബിൽ കൊണ്ടുവരുമെന്ന്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞിരുന്നു. ആദ്യബിൽ പിൻവലിക്കാനുള്ള പ്രമേയം നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home