Deshabhimani

കറുത്ത പൊന്നിന് വില കുതിക്കുന്നു; വില്‍ക്കാന്‍ കുരുമുളകില്ലാതെ കര്‍ഷകര്‍

pepper.
വെബ് ഡെസ്ക്

Published on Sep 15, 2026, 05:34 PM | 2 min read

തിരുവനന്തപുരം : പതിറ്റാണ്ടിന് ശേഷം കുരുമുളക് ഏറ്റവും ഉയർന്ന വിലയിൽ. 70,400 രൂപയാണ് ചൊവ്വാഴ്ച വിപണിയിൽ ഒരു ക്വിന്റൽ അൺ​ഗാർബിൾഡ് കുരുമുളകിന്റെ വില. അതായത് പ്രാദേശിക വിപണിയിൽ ഒരു കിലോ​ഗ്രാം കുരുമുളകിന് 700 - 710 രൂപയാണ് വില.
അതേസമയം, കുരുമുളക് വില കുതിച്ചുയരുമ്പോഴും കർഷകർക്ക് ആശ്വസിക്കാനുള്ള വകയില്ല. ഉത്പാദനക്കുറവ് കാരണം വിപണിയിൽ പൊന്നിൻ വിലയുള്ള കുരുമുളക് വിൽക്കാനില്ലാത്ത അവസ്ഥയാണുള്ളത്.


2014 - 15 കാലഘട്ടത്തിലാണ് ഇതിന് മുൻപ് കുരുമുളക് വില 70,000ന് മുകളിൽ എത്തിയത്. എന്നാൽ കുരുമുളക് ഇറക്കുമതി വന്നതോടെ വില കുറഞ്ഞു. 2019 ൽ കിലോയ്ക്ക് 340 രൂപയായി കുറഞ്ഞു. പിന്നീട് 2021 ലാണ് ഘട്ടംഘട്ടമായി വില കൂടിയത്. 2021ൽ ക്വിന്റലിന് വില 50,000 ത്തിന് മുകളിലെത്തി. തുടർന്നുള്ള വർഷങ്ങളിൽ വില ഉയരുകയായിരുന്നു.


എന്നാൽ ഏറ്റവും ഉയർന്ന വിലയിൽ നിൽക്കുമ്പോഴും വിലക്കയറ്റത്തിന്റെ ​ഗുണം സാധാരണ കർഷകർക്ക് ലഭിക്കുന്നില്ല. കുരുമുളകിന്റെ ലഭ്യതയിലുള്ള കുറവാണ് പ്രധാന കരാണം. ഏലക്കായുടെ വില വർധിച്ചതോടെ ഹൈറേഞ്ചിലെ കർഷകർ കുരുമുളക് കൃഷി കുറച്ചതും ഒരു കാരണമായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.


കരുതൽശേഖരമില്ലാത്തതാണ് വിപണിയിൽ വില കൂടിയിട്ടും വിൽക്കാൻ കുരുമുളകില്ലാതെ വന്നതെന്ന് കർഷകർ പറയുന്നു. വിളവെടുക്കുന്നതിന് മുൻപ് തന്നെ കേരളത്തിലെ കർഷകർ അത് കൊടുക്കാൻ നിർബന്ധിതരാവുകയാണ്. അതുകൊണ്ട് തന്നെ കൃഷി ചെയ്തെടുക്കുന്നവ സൂക്ഷിച്ചുവെയ്ക്കാൻ കഴിയാത്ത അവസ്ഥ കേരളത്തിലെ കുരുമുളക് കർഷകർക്കുണ്ട്. സൂക്ഷിച്ചുവെച്ചാൽ മാത്രമേ വിപണിയിൽ വില കൂടുന്ന സമയത്ത് വിൽക്കാനും ലാഭം കണ്ടെത്താനും കർഷകർക്ക് കഴിയുകയുള്ളൂ. കാലാവസ്ഥയെ ആശ്രയിച്ച് നിൽക്കുന്ന ഒന്നാണ് കുരുമുളക്. വർഷങ്ങളിരുന്നാലും കുരുമുളകിന് കേടുപാടുകൾ സംഭവിക്കില്ല. മാത്രമല്ല, പഴക്കം കൂടുന്തോറും വില കൂടുതൽ ലഭിക്കുകയും ചെയ്യും. എന്നാൽ കരുതിവെയ്ക്കാൻ കഴിയാതെ വന്നതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് കർഷകർ പറഞ്ഞു.


കാലാവസ്ഥാ വ്യതിയാനവും കുരുമുളക് കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. മഴ ലഭിക്കാത്തതും ചൂട് ക്രമാതീതമായി വർധിക്കുന്നതും കുരുമുളക് ഉത്പാദനം കുറച്ചു. വീട്ടാവശ്യത്തിന് പോലും കുരുമുളക് ലഭിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. കുരുമുളക് ചെടികളെ ബാധിക്കുന്ന ​ഗുരുതരമായ രോ​ഗമാണ് ദ്രുതവാട്ടം. ദ്രുതവാട്ടമുണ്ടായാൽ ഇത് ഇലകളെ ഉണക്കുന്നു. സ്വാഭാവികമായും ഉത്പാദനം കുറയും. മുൻ വർഷങ്ങളിൽ കിലോയ്ക്ക് 500 രൂപയിൽ താഴാതെ വില നിന്നിരുന്നതും കർഷകർ കരുതൽശേഖരണത്തിലേക്ക് നീങ്ങാതിരിക്കാൻ കാരണമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home