print edition ‘ഹിസാബ് ലിയാ ജായേഗാ’

സെമിനാറിൽ പ്രബീർ പുർകായസ്ത സംസാരിക്കുന്നു
തിരുവനന്തപുരം : രാജ്യത്ത് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മോദി സർക്കാർ നടത്തുന്ന രാഷ്ട്രീയവേട്ടയ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന് ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ത. കുറ്റം ചെയ്തിട്ട് ശിക്ഷിക്കുകയാണെങ്കിൽ അംഗീകരിക്കാം. എന്നാൽ, കുറ്റം തടയുന്നു എന്ന പേരിൽ കരിനിയമങ്ങളെ കൂട്ടുപിടിച്ച് ജീവിതത്തിനും രാഷ്ട്രീയപ്രവർത്തനത്തിനുംവരെ തടയിടുകയാണ്.
അധികാരത്തിലിരിക്കുമ്പോൾ എക്കാലവും അതിന്റെ സംരക്ഷണം ലഭിക്കുമെന്ന് കരുതും. പക്ഷേ, ഒരു ഘട്ടത്തിൽ ‘ഹിസാബ് ലിയാ ജായേഗാ’ (കണക്ക് ചോദിക്കതന്നെ ചെയ്യും)– എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയവേട്ടയ്ക്കെതിരെ നടന്ന സെമിനാറിൽ അദ്ദേഹം പറഞ്ഞു.
പിഎംഎൽഎ, യുഎപിഎ എന്നീ രണ്ട് കരിനിയമങ്ങൾ സർക്കാർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇൗ പാപത്തിന്റെ വലിയൊരു പങ്ക് കോൺഗ്രസിന് അവകാശപ്പെട്ടതാണ്. യുപിഎ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ അന്നത്തെ കേന്ദ്രമന്ത്രി പി ചിദംബരം കൊണ്ടുവന്നതാണിത്. എന്നാ ൽ, ഇൗ നിയമപ്രകാരം പിന്നീട് അദ്ദേഹത്തിനും വിചാരണ നേരിടേണ്ടി വന്നത് വിരോധാഭാസം.
ഇഡി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഭൂരിഭാഗവും ഒരിടത്തും എത്തുന്നില്ലെന്നാണ് വാസ്തവം. അതല്ല, ഇൗ കേസുകളുടെ ഉദ്ദേശ്യവും. രാഷ്ട്രീയപ്രവർത്തനവും സാധാരണ ജീവിതവും തടയുകയാണ് ലക്ഷ്യം. കോടതിയിൽ തെളിയിക്കാൻ കഴിയാത്ത വന്യമായ ആരോപണങ്ങളാണെങ്കിലും മാധ്യമങ്ങളെ കൂട്ടുപിടിച്ച് അത് പ്രചരിപ്പിക്കും. ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെങ്കിൽ അതും കുറ്റകൃത്യമാകും.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സ്വന്തം ലക്ഷ്യങ്ങൾ നേടുകയാണ് മോദി സർക്കാർ. ഇന്നത്തെ സാഹചര്യത്തിൽ ഇതിനെതിരെയെല്ലാം രാജ്യത്ത് ഒരു സഖ്യം രൂപപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പാർടികൾ മാത്രമല്ല, താഴെത്തട്ടിൽ വിദ്യാർഥികളുൾപ്പെടെ പ്രശ്നങ്ങളിൽ ഒന്നിക്കുന്നു. ‘ഇത് നമ്മുടെ സർക്കാരല്ല’ എന്ന തോന്നൽ ജനങ്ങളിൽ രൂപപ്പെട്ടു. ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് ആഴത്തിലുള്ള ബോധം ജനങ്ങളിലുണ്ട്.
സ്വാതന്ത്ര്യസമരത്തിന്റെയും അവകാശപോരാട്ടങ്ങളുടെയും ചരിത്രം ഉൾക്കൊണ്ട് നേടിയെടുത്തതാണിത്. വോട്ടവകാശമാണ് അവരെ ശക്തമാക്കുന്നത്. സമരമല്ലാതെ വിട്ടുവീഴ്ചയില്ലെന്നും അവർ മനസ്സിലാക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥാ കാലത്തും ജനങ്ങളിൽ സർക്കാരിനെതിരെ ഇത്തരമൊരു അകൽച്ച രൂപപ്പെട്ടിരുന്നു. അതാണ്, ഇന്ദിരാഗാന്ധി സർക്കാരിനെ താഴെയിറക്കിയത്. എന്നാൽ, എല്ലാ തലമുറകളും ഒരു അടിയന്തരാവസ്ഥയെ നേരിടേണ്ടതുണ്ടോ എന്ന ചോദ്യംമാത്രം അവശേഷിക്കുന്നെന്നും പ്രബീർ പുർകായസ്ത പറഞ്ഞു.









0 comments