Deshabhimani

കോഴിത്തീറ്റ വില റോക്കറ്റ്‌ പോലെ; കർഷകർ ദുരിതത്തിൽ

Poultry
avatar
അനോബ്‌ ആനന്ദ്‌

Published on Oct 15, 2026, 07:37 AM | 1 min read

കിളിമാനൂർ: കര്‍ഷകരെ വലച്ച് റോക്കറ്റ് വേഗത്തില്‍ കുതിച്ച് കോഴിത്തീറ്റ വില. ആറ് മാസത്തിൽ കോഴിത്തീറ്റയുടെ വില പലതവണയായി ഉയര്‍ന്ന് 1800 രൂപയെത്തി. ഒരുവർഷം മുമ്പുവരെ 50 കിലോ കോഴിത്തീറ്റയ്‌ക്ക് 1000 മുതൽ 1200 രൂപവരെയായിരുന്നു വില.


കോഴിത്തീറ്റ നിർമാണത്തിനുള്ള ചോളം, ഗോതമ്പ് എന്നിവയുടെ വില വർധനയാണ് വിലക്കയറ്റത്തിന് കാരണം. അയൽ സംസ്ഥാനങ്ങളിലെ സ്വകാര്യ കോഴിത്തീറ്റ ഉൽപ്പാദന കേന്ദ്രങ്ങളെയാണ്‌ കേരളത്തിലെ കര്‍ഷകര്‍ പ്രധാനമായും ആശ്രയിക്കുന്നത്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വലിയ കോഴിത്തീറ്റ ഉൽപ്പാദന കേന്ദ്രങ്ങൾ ഇല്ലാത്തതിനാല്‍ വിലവര്‍ധനയ്‌ക്ക്‌ തടയിടാന്‍ സാധിക്കുന്നില്ല.​


കോഴിത്തീറ്റയുടെ വിലയ്ക്ക് ആനുപാതികമായി കോഴിയുടെയും കോഴിമുട്ടയുടെയും വില വർധിപ്പിക്കുവാനും കഴിയുന്നില്ല. ഒരു മുട്ടയ്‌ക്ക് ഏഴ് മുതൽ എട്ട് രൂപ വരെയാണ് വില. തീറ്റയ്‌ക്ക് അമിതമായി വില വർധിച്ചിട്ടും മുട്ടവില വർധിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്.


അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള മുട്ടയുടെയും മാംസത്തിന്റെയും വരവും കൂടിയിട്ടുണ്ട്. ഇതും കോഴി കർഷകർക്ക് വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കോഴി കർഷകരെ സഹായിക്കാന്‍ തീറ്റ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിക്കുകയോ സ്വകാര്യ കേന്ദ്രങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന തീറ്റയ്‌ക്ക് ഏകീകൃത വില ഉറപ്പാക്കുകയോ ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home