'നിങ്ങളുടെ കണ്ണുനീർ പാർടിയുടെ ശാപം'; എൻ ഡി അപ്പച്ചനും ടി സിദ്ദിഖ് എംഎൽഎക്കുമെതിരെ പോസ്റ്ററുകൾ

കൽപ്പറ്റ: കോൺഗ്രസിൽ വീണ്ടും പോസ്റ്റർ പോര്. വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനും ടി സിദ്ദിഖ് എംഎൽഎക്കുമെതിരെ ഡിസിസി ഓഫീസിലും പരിസരങ്ങളിലും പോസ്റ്ററുകൾ. കൊലയാളി സംഘത്തെ പുറത്താക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററുകളിലെഴുതിയിരിക്കുന്നത്. ചുരം കയറിവന്ന എംഎൽഎയെ കൂട്ടുപിടിച്ച് എൻ ഡി അപ്പച്ചൻ പാർടിയെ നശിപ്പിക്കുകയാണെന്നും പോസ്റ്ററുകളിലുണ്ട്.
പ്രിയങ്ക ഗാന്ധി എം പിയുടെ സന്ദർശനത്തിന് പിന്നാലെയാണ് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സേവ് കോൺഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. നേതാക്കളുടെ നിയമനക്കോഴയിൽ കുരുങ്ങി ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയതിൽ നേതാക്കൾക്കെതിരെ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഡിസിസി യോഗത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
0 comments