print edition വിദ്യാർഥികളുടെ ജീവിതം കരിഞ്ചന്തയിൽ; പോളിടെക്നിക് പരീക്ഷാ ചോദ്യപേപ്പർ ചോർന്നു

പരീക്ഷാ കൺട്രോളറുടെ ഓഫീസിൽനിന്ന് ഇ–മെയിൽ മുഖേന ചോദ്യപേപ്പർ അയച്ചതിന്റെ സ്ക്രീൻഷോട്ട്

വി എസ് വിഷ്ണുപ്രസാദ്
Published on Oct 15, 2026, 12:25 AM | 1 min read
തിരുവനന്തപുരം : സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ ഡിപ്ലോമ മൂന്നാം സെമസ്റ്റർ പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർന്നു. അതീവ സുരക്ഷിതമായി നടത്തപ്പെടുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ സ്ഥാപനങ്ങളുടെ ഇ–മെയിലേക്ക് അയച്ചുകൊടുത്തതോടെയാണ് പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്ച വെളിപ്പെട്ടത്. ചോദ്യച്ചോർച്ചയ്ക്കെതിരെ രക്ഷിതാക്കളും വിദ്യാർഥികളും പരാതിയുമായി രംഗത്തെത്തി.
സംസ്ഥാനത്തെ പതിനായിരത്തിലേറെ വിദ്യാർഥികളുടെ ജീവിതസ്വപ്നങ്ങൾ സർക്കാർ കരിഞ്ചന്തയിലെത്തിച്ചുവെന്ന സംശയമാണുയരുന്നത്. ബുധൻ രാവിലെ ഒമ്പതിനാണ് പരീക്ഷ തുടങ്ങിയത്. തിരുവനന്തപുരം കൈമനത്തെ സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ ജോയിന്റ് കൺട്രോളറുടെ ഓഫീസിൽനിന്ന് സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ (എസ്ബിടിഇ) പോർട്ടൽവഴിയാണ് ചോദ്യപേപ്പറുകൾ അയക്കേണ്ടത്.
പോർട്ടൽ വഴി അയക്കുന്നവ പരീക്ഷ തുടങ്ങുന്നതിന് നിശ്ചിത സമയം മുമ്പ് ജോയിന്റ് കൺട്രോളർ ഓഫീസിൽനിന്ന് നൽകുന്ന ഒടിപി ഉപയോഗിച്ച് മാത്രമേ പ്രിൻസിപ്പലിനും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനും ചേർന്ന് ഡൗൺലോഡ് ചെയ്യാനാകൂ. അത്രയും രഹസ്യസ്വഭാവമുള്ള രീതി അട്ടിമറിച്ചാണ് ഇ മെയിലിൽ അയച്ചത്. ഇതാകട്ടെ ഓഫീസുകളിലെ ആർക്കും തുറക്കാവുന്ന മെയിലിലും.
9.30ന് തുടങ്ങുന്ന പരീക്ഷയുടെ ചോദ്യം 8.30ന് ഡൗൺലോഡ് ചെയ്താൽ ആർക്കും ചോർന്നുകിട്ടും. മെയിലിൽ അയച്ച ചോദ്യപേപ്പറുകൾക്ക് പാസ്വേഡ് സുരക്ഷ ഒരുക്കിയില്ലെന്നതും വിദ്യാർഥികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ബുധൻ രാവിലെ 8.30നു ശേഷമാണ് ചോദ്യപേപ്പറുകൾ ഇ–മെയിലിലെത്തിയത്. സോഫ്റ്റ്വെയർ പ്രവർത്തിക്കുന്നില്ല, ഇമെയിലിൽനിന്ന് പ്രിന്റെടുത്ത് പരീക്ഷ നടത്തുക എന്ന നിർദേശമാണ് പ്രിൻസിപ്പൽമാർക്ക് ലഭിച്ചത്.
സ്വാശ്രയകോളേജുകൾ ഉൾപ്പെടെ നൂറ്റിപ്പതിനഞ്ചോളം ഇൻസ്റ്റിറ്റ്യൂട്ടുകളുടെ മെയിലിലേക്ക് ചോദ്യപ്പേപ്പർ അയച്ചിട്ടുണ്ട്.
റെഗുലർ, സപ്ലിമെന്ററി ബാച്ചുകളുടെ വിവിധ ശാഖകളിലേക്കുള്ള ചോദ്യപേപ്പറുകൾ എല്ലാ ഇൻസ്റ്റിറ്റ്യൂട്ടിനും ‘സിപ് ഫയൽ’ ആക്കി മെയിൽ അയച്ചശേഷം ആവശ്യമുള്ളവ പ്രിന്റ് എടുക്കാനാണ് കൺട്രോളറുടെ ഓഫീസിൽനിന്ന് നിർദേശിച്ചത്. ‘എസ്ബിടിഇ’ സോ-ഫ്റ്റ്വെയർ കൈകാര്യം ചെയ്യാനറിയാവുന്നവരെ സർക്കാർ തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റിയിരുന്നു.









0 comments