print edition എൻജിഒ അസോസിയേഷന്റെ ഉദ്യോഗസ്ഥവേട്ട; ട്രഷറിയിൽ ഇരുപതുപേരെ സ്ഥലംമാറ്റി

അന്യായ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയൻ നോർത്ത് ജില്ലാ കമ്മിറ്റി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിനുമുന്നിൽ നടത്തിയ യോഗം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിനുപിന്നാലെ കോൺഗ്രസ് അനുകൂല സംഘടനകളായ എൻജിഒ അസോസിയേഷനും കെജിഒയുവും നടത്തുന്ന ‘സമാന്തരഭരണ’ത്തിൽ ട്രഷറിയിലും കൂട്ട സ്ഥലംമാറ്റം.
അസോസിയേഷൻ നേതാവ് ഉൾപ്പെട്ട ഫണ്ട് തിരിമറിക്കേസിൽ റിപ്പോർട്ട് നൽകിയതിന്റെ വൈരാഗ്യംവച്ചും സ്ഥലംമാറ്റിയിട്ടുണ്ട്. ഇരുപതിലേറെപ്പേരെയാണ് തിങ്കളാഴ്ചമാത്രം മാറ്റിയത്. അർബുദത്തിന് ചികിത്സയിൽ കഴിയുന്ന, ട്രഷറി ഡയറക്ടറേറ്റ് സീനിയർ അക്കൗണ്ടന്റ് സി ഡി പ്രത്യുഷയെ തിരുവനന്തപുരം ട്രഷറിയിലേക്കാണ് മാറ്റിയത്.
ഡയറക്ടറേറ്റിൽ വന്നിട്ട് ഒരുവർഷംപോലും തികയാത്ത എസ് സോജിതയെയും മാറ്റി.
കൊല്ലം സ്വദേശിയായ ഇവരെ കാട്ടാക്കട റൂറൽ ജില്ലാ ട്രഷറിയിലേക്കാണ് മാറ്റിയത്. ജൂനിയർ സൂപ്രണ്ട് ഷാബു ഡയറക്ടറേറ്റിൽ വന്നിട്ട് രണ്ടുവർഷത്തിൽ താഴെമാത്രമേ ആയുള്ളൂ. കഴക്കൂട്ടം ട്രഷറിയിലെ സാമ്പത്തിക തിരിമറിയിൽ അസോസിയേഷൻ നേതാവിന് അനുകൂലമായി റിപ്പോർട്ട് നൽകാത്തതിനാലാണ് സ്ഥലംമാറ്റിയത്.
അതേസമയം, കോൺഗ്രസ് അനുകൂല സംഘടനകൾ നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിൽ സീനിയോറിറ്റി മറികടന്നുള്ള സ്ഥലംമാറ്റവും നടത്തുന്നുണ്ട്.
കോൺഗ്രസ് നേതാക്കളുടെയും എംഎൽഎമാരുടെയും താൽപ്പര്യത്തിലാണ് സീനിയോരിറ്റി മറികടന്ന് പലരെയും ജില്ലാ ട്രഷറികളിൽ എത്തിക്കുന്നത്. കൂടാതെ തിരുവനന്തപുരം ജില്ലാ ട്രഷറിയിലെ ഓഫീസ് അറ്റൻഡന്റുമാരെ ചട്ടംലംഘിച്ച് സ്ഥലംമാറ്റിയെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ എൻജിഒ യൂണിയൻ പ്രതിഷേധത്തിലാണ്.











0 comments