print edition സമരക്കാരുടെ തല ലാത്തിയാൽ അടിച്ചുപൊട്ടിച്ചു; ടോൾപിരിവിനെതിരെ പ്രതിഷേധിച്ചവരെ തല്ലിച്ചതച്ചു

നാട്ടിക ടോൾബൂത്തിനുമുന്നിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ തല പൊട്ടി ചോര ഒഴുകുന്നു
തൃപ്രയാർ: ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച് നാട്ടിക ടോൾ ബൂത്തിലേക്ക് മാർച്ച് ചെയ്‌ത എൽഡിഎഫ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചു. സ്‌ത്രീകളുൾപ്പെടെ നിരവധിപേരെ വളഞ്ഞിട്ടുതല്ലി. അടിയേറ്റ് ഡിവൈഎഫ്‌ഐ നാട്ടിക ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എ എൻ നിസ്സാറിന്റെ തല പൊട്ടി. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ, സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. ദേശീയപാതയുടെ നിർമാണം പൂർത്തിയാവുംമുന്പ് ടോൾ പിരിക്കുന്നതിനെതിരെ തുടർച്ചയായി അഞ്ചാം ദിവസമാണ് ബഹുജന പ്രക്ഷോഭം അലയടിക്കുന്നത്.
മൂന്നുതവണ നിർത്തിവച്ച ടോൾപിരിവ് തിങ്കളാഴ്ച പകൽ 12നാണ് വീണ്ടും ആരംഭിച്ചത്. ഇതു സംബന്ധിച്ച സർവകക്ഷിയോഗം നടക്കുന്നതിനിടെയായിരുന്നു ടോൾപിരിവ് ആരംഭിച്ചത്. ഇതേത്തുടർന്നാണ് ടോൾ പിരിവ് നിർത്തുംവരെ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്താൻ എൽഡിഎഫ് തീരുമാനിച്ചത്. ചൊവ്വാഴ്‌ച നാട്ടിക കോട്ടൺമിൽ പരിസരത്തുനിന്നാരംഭിച്ച മാർച്ചിൽ സ്‌ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ടോൾബൂത്തിനുമുന്നിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു.
ടോൾപിരിവിന് പൊലീസ് ഒത്താശ ചെയ്യുന്നതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇതോടെ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ശക്തമായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. ഇതിനിടെ പ്രകോപനമില്ലാതെ ലാത്തിച്ചാർജ് ആരംഭിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ വലപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടോൾ പിരിവ് അവസാനിപ്പിക്കുംവരെ ശക്തമായ പ്രതിഷേധ സമരവുമായി എൽഡിഎഫ് രംഗത്തുണ്ടാകുമെന്ന് കെ വി അബ്ദുൾ ഖാദർ പറഞ്ഞു.









0 comments