Deshabhimani

print edition പിഎംശ്രീ നടപ്പാക്കൽ: സർക്കാർ സ്വീകരിച്ചത്‌ സംഘപരിവാർ അനുകൂല നിയമോപദേശം

vd satheesan.JPG
വെബ് ഡെസ്ക്

Published on Sep 08, 2026, 01:30 AM | 1 min read

തിരുവനന്തപുരം: പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ്‌ സർക്കാർ ഉയർത്തിക്കാട്ടുന്നത്‌ അഡ്വക്കറ്റ്‌ ജനറൽ കെ ജാജു ബാബുവിന്റെ നിയമോപദേശം. പദ്ധതി നടപ്പാക്കാൻ ബിജെപി സമ്മർദം ചെലുത്തുന്നതിനിടെയാണ്‌ യുഡിഎഫ്‌ സർക്കാർ അനുകൂല നിയമോപദേശം നേടിയെടുത്തത്‌. ഇത്‌ പരിഗണിച്ചാണ്‌ പിഎം ശ്രീയിൽനിന്ന്‌ പിന്മാറാനാകില്ലെന്ന്‌ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.


പ്രധാന വിഷയങ്ങളിൽ സംഘപരിവാർ ഇംഗിതമനുസരിച്ച്‌ അനുകൂല നിലപാട്‌ എടുപ്പിക്കാനാണ്‌ മുഖ്യമന്ത്രി വി ഡി സതീശൻ ഇടപെട്ട്‌ ജാജു ബാബുവിനെ അഡ്വക്കറ്റ് ജനറലാക്കിയതെന്ന്‌ നേരത്തെ ആക്ഷേപമുണ്ട്. ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഗവർണറായിരിക്കെ അദ്ദേഹത്തിന്റെ ഉപദേശകനായിരുന്നു ജാജു ബാബു. സതീശന്‌ സംഘപരിവാറിലേക്കുള്ള പാലമാണ്‌ ജാജു ബാബുവെന്ന വിമർശം ശരിവയ്‌ക്കുന്നതാണ്‌ പിഎം ശ്രീയിലെ നിയമോപദേശം.


വിസിമാരും കേരള സർവകലാശാല സെനറ്റ്‌ അംഗങ്ങളും എൽഡിഎഫ്‌ സർക്കാരും നൽകിയ ഹർജികളിൽ ഗവർണർക്കുവേണ്ടി ഹൈക്കോടതിയിൽ ഹാജരായത്‌ ജാജു ബാബുവാണ്‌. ഗവർണർക്കുവേണ്ടി സർക്കാരിനെതിരെ വാദിച്ചയാളെ യുഡിഎഫ്‌ അധികാരത്തിലെത്തിയതോടെ തലപ്പത്തിരുത്തി. കോൺഗ്രസ്‌ അഭിഭാഷക സംഘടനയുടെയടക്കം പ്രതിഷേധം അവഗണിച്ചായിരുന്നു ഇത്‌.

എൽഡിഎഫ് സർക്കാർ പിഎം ശ്രീയിൽ ഒപ്പിട്ടതിനാൽ പിന്മാറാനാകില്ലെന്ന വാദമായിരുന്നു ആദ്യം യുഡിഎഫ്‌ സർക്കാരിന്റേത്‌. കേരളം ഒപ്പിട്ടത്‌ ധാരണപത്രം മാത്രമാണെന്നും പദ്ധതിയിൽ ഉൾപ്പെട്ടി‌ല്ലെന്നും സംസ്ഥാനങ്ങൾക്ക്‌ എപ്പോൾ വേണമെങ്കിലും പിന്മാറാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയതോടെ നുണ പൊളിഞ്ഞു.


സതീശനെ പിന്തുണച്ച്‌ ബിജെപി


സമസ്‌ത ഇ കെ വിഭാഗത്തിന്റെ മുഖപത്രം സുപ്രഭാതം മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ചതിനെതിരെ ബിജെപി. മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിന്റെ ഭരണനിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദികൾ ശ്രമിക്കുന്നു എന്നാരോപിച്ചും സതീശനെ അനുകൂലിച്ചും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖർ രംഗത്ത്. തിങ്കളാഴ്‌ചത്തെ പത്രത്തിലാണ് മുഖ്യമന്ത്രിക്കെതിരെ മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.


‘ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നതും സമ്മർദത്തിലാക്കുന്നതും അംഗീകരിക്കാനാകില്ല’ എന്നാണ്‌ രാജീവ്‌ ചന്ദ്രശേഖർ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചത്‌. ലീഗിനെയും തീവ്രവാദ സംഘടനകളെയും പ്രീണിപ്പിച്ചാലേ സർക്കാരിന് നിലനിൽപ്പുള്ളൂവെന്ന ഭയം മുഖ്യമന്ത്രിക്കുണ്ടെന്നും രാജീവ്‌ ചന്ദ്രശേഖർ പറയുന്നു. ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി കെ കൃഷ്‌ണദാസും മുഖ്യമന്ത്രിയെ അനുകൂലിച്ച്‌ രംഗത്തുവന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home