ad
Deshabhimani

'ഒന്നായി തുടരാൻ ഒപ്പം നിന്നതിന് നന്ദി': മുഖ്യമന്ത്രി

pinarayi

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 09, 2026, 07:17 PM | 2 min read

തിരുവനന്തപുരം: ഒന്നായി തുടരാൻ ഒപ്പം നിന്നതിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയായിരിക്കുകയാണ്. തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ച് ഈ ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.


വളരെ ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ഇത്തവണ ലഭിച്ചിരുന്നുള്ളൂ. എങ്കിലും, കടുത്ത വേനൽച്ചൂടിനെപ്പോലും അവഗണിച്ച് അക്ഷീണം പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരുടെ ആവേശം എടുത്തുപറയേണ്ടതാണ്. പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങൾ, കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേർക്കാഴ്ചയാണ് നൽകിയത്. ഈ വലിയ ജനപങ്കാളിത്തം അങ്ങേയറ്റം ശ്ലാഘനീയമാണ്.


സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ, തികച്ചും സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണ്. ഈ ബൃഹത്തായ പ്രക്രിയ വിജയകരമായി നടപ്പിലാക്കാൻ അഹോരാത്രം അധ്വാനിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷയൊരുക്കിയ പോലീസ്-കേന്ദ്രസേനാ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ച എല്ലാവരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. കേരളത്തിന്റെ ജനാധിപത്യ ബോധത്തിനും ജനപങ്കാളിത്തത്തിനും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി.





മുഖ്യമന്ത്രി പിണറായി വിജയൻ, പിണറായി ആർസി അമല ബേസിക് സ്കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. വികസനതുടർച്ചയ്ക്ക് എൽഡിഎഫ് തുടരണമെന്നും നാടിന്‍റെ പുരോഗതി പ്രതിബദ്ധതയോടെ ഉറപ്പുവരുത്താൻ എൽഡിഎഫിന് മാത്രമേ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരോഗതിക്ക് ഇടവേളയുണ്ടാകരുത്. ഞങ്ങൾ ജനങ്ങൾക്കൊപ്പമാണെന്നും, ജനങ്ങൾ ഞങ്ങൾക്കൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ് കോഴിക്കോട് നോർത്തിലും, കെ എൻ ബാലഗോപാൽ കൊട്ടാരക്കരയിലും ആർ ബിന്ദു തൃശൂരിലും ശിവൻകുട്ടി നേമത്തും കെ ബി ഗണേഷ് കുമാർ പത്തനാപുരത്തും വോട്ട് ചെയ്തു. പ്രചാരണഘട്ടത്തിലുടനീളം ലഭിച്ച മുൻതൂക്കത്തിന്റെ ആത്മവിശ്വാസത്തിലാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.


നടൻ മോഹൻലാൽ തിരുവനന്തപുരം മുടവൻമുകൾ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് നടൻ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 6 മണി വരെ 77.25 % ആണ് പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home