ഉന്നതപ്രതിനിധി സംഘം ഉടൻ കേരളം സന്ദർശിക്കും
print edition കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

കെ ശ്രീജിത്ത്
Published on Nov 07, 2025, 02:45 AM | 1 min read
കുവൈത്ത് സിറ്റി
രണ്ടുദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്‌മള സ്വീകരണം. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹാദ് യൂസഫ് സൗദ് അൽ സബാഹ് മുഖ്യമന്ത്രിയെ അൽ ബയാൻ പാലസിൽ സ്വീകരിച്ച് ചര്‍ച്ചകള്‍ നടത്തി. ധനമന്ത്രിയും കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാനുമായ ഡോ. സബീഹ് അൽ മുഖൈസീം കൂടിക്കാഴ്‌ചയിൽ സന്നിഹിതനായിരുന്നു.
കുവൈത്തിന്റെ വികസനത്തിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകിയ വലിയ സംഭാവനയെ ഷെയ്ഖ് ഫഹാദ് പ്രശംസിച്ചു. കുവൈത്ത് ഭരണകൂടത്തിന്റെ സൗഹൃദത്തിനും സഹകരണത്തിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു. കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷവും വികസന മേഖലകളിലെ സാധ്യതകളും മുഖ്യമന്ത്രി വിശദീകരിച്ചു. ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി എന്നിവരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.
കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഡയറക്‌ടർ ബോർഡ് അംഗം ഷെയ്ഖ് മിഷാൽ ജാബർ അൽ അഹ്‌മദ് അൽ സബാഹുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിക്ഷേപ സാധ്യതകൾ വിലയിരുത്താനായി കുവൈത്തിൽനിന്ന് ഉന്നതപ്രതിനിധി സംഘം ഉടൻ കേരളം സന്ദർശിക്കുമെന്ന് ഷെയ്ഖ് മിഷാൽ അറിയിച്ചു.
കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും മലയാളം മിഷൻ, കല കുവൈത്ത് ഭാരവാഹികളും ചേർന്നാണ് സ്വീകരിച്ചത്. കുവൈത്ത് സമയം വെള്ളി വൈകിട്ട് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി കുവൈത്ത് മലയാളികളെ അഭിസംബോധന ചെയ്യും.










0 comments