ബിജെപിയുടെ മോഹം വിലപ്പോകില്ല; ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രക്ഷോഭം അവസാനിക്കില്ല: പിണറായി വിജയൻ

ഫയൽ ചിത്രം
കോഴിക്കോട്: ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെന്ന സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് രാജ്യമാകെ തീരുമാനിച്ചെന്നും വരാനിരിക്കുന്നത് ശക്തമായ പ്രതിഷേധത്തിന്റെ നാളുകളാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിപിഐ എം കോഴിക്കോട് വിപുലീകൃത ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്യാനേഷ് കുമാറിന്റേത് ജനാധിപത്യ നടപടികളല്ലെന്നും എസ്ഐആറിലൂടെ കോടാനുകോടി വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് തള്ളാനാണ് ശ്രമം നടക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
എസ്ഐആറിന്റെ ഭാഗമായി നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നു. ആർഎസ്എസിന് അനുകൂലമായ നടപടികളാണ് ഗ്യാനേഷ് കുമാർ സ്വീകരിക്കുന്നത്. ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ നിലവിലുണ്ട്. ആർഎസ്എസിന്റെയും ബിജെപിയുടേയും കണ്ണിൽ ഗ്യാനേഷ് എല്ലാവിധത്തിലും അഭിമതനാണ്. കേന്ദ്ര സർക്കാരിന് വേണ്ടത് അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിർവഹിക്കുന്ന ഒരാളെയാണ്. അതുകൊണ്ടാണ് കേന്ദ്ര സർക്കാർ ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ സ്ഥാനത്തേക്ക് കൊണ്ടുവന്നത്.
നേരത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന സമിതിയായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ രൂപീകരിച്ചിരുന്നത്. എന്നാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള സമിതിയാണ് കേന്ദ്ര സർക്കാർ രൂപീകരിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി തങ്ങൾക്കിഷ്ടമുള്ളയാളെ കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ എന്ന സ്ഥാനത്ത് തുടരാൻ ഗ്യാനേഷ് കുമാർ യോഗ്യനല്ല എന്ന് രാജ്യമാകെ തീരുമാനിച്ചു കഴിഞ്ഞു. രാജ്യവ്യാപകമായി ഉയർന്നുവരുന്ന പ്രതിഷേധ സ്വരങ്ങൾ അതിന് തെളിവാണ്. വിദ്യാർഥികൾ, യുവജനങ്ങൾ ഉൾപ്പെടുന്ന ജനാധിപത്യ വിശ്വാസികൾ പ്രതിഷേധത്തിൽ അണിനിരക്കുകയാണ്. അതിശക്തമായ പ്രതിഷേധത്തിന്റെ നാളുകളാണ് ഇനി വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാം എന്ന ബിജെപിയുടെ വ്യാമോഹം ഒരു തരത്തിലും വിലപ്പോകില്ല. എസ്എഫ്ഐ, ഡിവൈഎഫ്ഐ ഉൾപ്പെടെ രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുവരികയാണ്. രാജ്യത്തെ ജനാധിപത്യ പാർടികളും പ്രത്യേകിച്ച് ഇടതുപക്ഷ പാർടികളും പ്രതിഷേധങ്ങളെ അഭിവാദ്യം ചെയ്ത് പിന്തുണ അറിയിച്ചിരുന്നു. ഇടതുപക്ഷത്തെ പ്രമുഖ നേതാക്കൾ സമരമുഖത്ത് എത്തി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് എന്നിവരെയുൾപ്പെടെയുള്ളവരോട് എത്ര അപമാനകരമായ സമീപനമാണ് പൊലീസ് സ്വീകരിച്ചത്. ആ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് നേരെ എത്ര കഠിനമായ ആക്രമണ മുറകളാണ് അഴിച്ചുവിട്ടത്. ഭീകരമായ പൊലീസ് വേട്ടയാണ് രാജ്യതലസ്ഥാനത്ത നടക്കുന്നത്. അതിനെതിരെ സുപ്രീം കോടതി തന്നെ പ്രതികരിച്ചു.
ഈ നടപടികൾക്കെതിരെ പ്രതികരിച്ച പാർടിയാണ് കോൺഗ്രസ്. അതേ പാർടിയിലുള്ളയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശൻ. എന്നാൽ കേന്ദ്രത്തിൽ ബിജെപി സ്വീകരിക്കുന്ന അതേ സമീപനമാണ് കേരളത്തിൽ വി ഡി സതീശൻ സ്വീകരിച്ചുവരുന്നത്. ഇവിടെ നടക്കുന്ന കാര്യങ്ങൾ വളരെ വിചിത്രമാണ്. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ എല്ലാ കാര്യത്തലും ആർഎസ്എസ് അജണ്ട നടപ്പാക്കുന്നു. വന്ദേമാതരം, പിഎം ശ്രീ, സർവകലാശാലകളിലെ കാവിവൽക്കരണ ശ്രമം തുടങ്ങിയവയിൽ ബിജെപിയോട് താതാത്മ്യം പ്രാപിച്ച് പോവുകയാണ് കേരളത്തിലെ യുഡിഎഫ് സർക്കാരെന്നും പിണറായി വിജയൻ വ്യക്തമാക്കി.









0 comments