സെൻസസ് ചോദ്യാവലി സംഘപരിവാറിന്റെ വിഭജന അജണ്ടയുടെ തുടർച്ച; പിണറായി വിജയൻ

തിരുവനന്തപുരം : കേന്ദ്ര സർക്കാർ നിയോഗിച്ച ജനസംഖ്യാ വ്യതിയാന സമിതി സംസ്ഥാനങ്ങൾക്ക് നൽകിയ മതപരമായ ഉള്ളടക്കങ്ങളുള്ള ചോദ്യാവലി സംഘപരിവാറിന്റെ വിഭജന അജണ്ടയുടെ അപകടകരമായ തുടർച്ചയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനസംഖ്യാ വ്യതിയാന സമിതിയുടെ ചോദ്യാവലിക്കെതിരെ യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു പ്രസ്താവന പോലും ഉണ്ടാവുന്നില്ല എന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും വർഷത്തെ ജനന–വാഹന രജിസ്ട്രേഷനുകൾ, സ്കൂൾ പ്രവേശനം, ഭൂമി ഇടപാടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ മതാടിസ്ഥാനത്തിൽ നൽകാനാണ് സമിതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആർഎസ്എസിന്റെ വർഗീയ താല്പര്യങ്ങൾ നടപ്പിലാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ഈ ചോദ്യാവലിക്ക് പിന്നിലുള്ളതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
അതിർത്തി സംസ്ഥാനങ്ങളിലും മെട്രോ നഗരങ്ങളിലും അസ്വാഭാവിക ജനസംഖ്യാ വ്യതിയാനമുണ്ടെന്ന വ്യാജ നിർമ്മിതി സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ജനസംഖ്യാ വ്യതിയാന സമിതി രൂപീകരിച്ചത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ തുടങ്ങിയ വിവേചനപരമായ നയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനും ന്യായീകരിക്കുന്നതിനുമുള്ള അടിത്തറയായാണ് ബോധപൂർവ്വം സൃഷ്ടിച്ചെടുക്കുന്ന ഈ വ്യാജഭീതിയെ സംഘപരിവാർ ഉപയോഗിക്കുന്നത്. ഈ ഗൂഢലക്ഷ്യം പ്രായോഗികതലത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യാവലിയെ കാണേണ്ടത്.
ജനസംഖ്യാ വിവരങ്ങൾ മതാടിസ്ഥാനത്തിൽ ആവശ്യപ്പെടുന്നതിലൂടെ, സമൂഹത്തിലെ ഒരു പ്രത്യേക ജനവിഭാഗത്തെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള കളമൊരുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ജനങ്ങളെ വിഭജിക്കാനും ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കാനും രാജ്യത്തിന്റെ മതേതര സ്വഭാവം തകർക്കാനുമുള്ള കുത്സിത ശ്രമമാണിത്. ചോദ്യാവലികളിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ വിദ്വേഷരാഷ്ട്രീയത്തിനായി ആയുധമാക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ഈ നീക്കങ്ങളെ ഒറ്റക്കെട്ടായി മതനിരപേക്ഷ വിശ്വാസികൾ ചെറുത്തുതോൽപ്പിക്കണമെന്നും പിണറായി വിജയൻ കുറിച്ചു.









0 comments