'യുഡിഎഫ് ഓഫീസിലെ പെൻഷൻ വിതരണം ജനാധിപത്യവിരുദ്ധം'

മലപ്പുറം: സർക്കാർ നടപടിക്രമങ്ങൾ പാലിക്കാതെ പുൽപ്പറ്റ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ ക്ഷേമ പെൻഷൻ വിതരണം ജനാധിപത്യവിരുദ്ധമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്. പുൽപ്പറ്റ സഹകരണ ബാങ്ക് പുൽപ്പറ്റ കാരപറമ്പിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽവച്ച് ക്ഷേമ പെൻഷൻ വിതരണംചെയ്‌തത് ശരിയായ നടപടിയല്ല. സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ എല്ലാവരും രാഷ്‌ട്രീയമുള്ളവരല്ല. ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. എല്ലാ ഗുണഭോക്താക്കളെയും പരിഗണിച്ച് തികച്ചും ജനാധിപത്യപരമായി വിതരണംചെയ്യേണ്ട പെൻഷൻ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയത് തികച്ചും പ്രാകൃതമായ നിലപാടാണ്.
എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ പത്തുവർഷം കൃത്യമായി ജനാധിപത്യപരമായാണ് പെൻഷൻ വിതരണം നടത്തിയിരുന്നത്. എന്നാൽ, യുഡിഎഫ് ഭരണത്തിൽ എത്തിയപ്പോൾത്തന്നെ വിതരണം പ്രതിസന്ധിയിലായി. ഇപ്പോൾ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ തോന്നുംപടി വിതരണംചെയ്യുന്നു. ഇതെല്ലാം യുഡിഎഫിന്റെ ജനാധിപത്യവിരുദ്ധ പ്രവണതകളെയാണ് വ്യക്തമാക്കുന്നതെന്നും സിപിഐ എം പ്രസ്‌താവനയിൽ പറഞ്ഞു.
ക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചു നൽകണമെന്ന സർക്കാർ ഉത്തരവ് കാറ്റിൽപറത്തിയാണ് മലപ്പുറത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ച് പെൻഷൻ വിതരണം നടത്തിയത്. മലപ്പുറം പുൽപ്പറ്റയിലെ കാരാപ്പറമ്പിലാണ് പ്രായമായവർ ഉൾപ്പെടെയുള്ള പെൻഷൻ ഗുണഭോക്താക്കളെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി പണം വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.










0 comments