Deshabhimani

print edition പയ്യന്നൂർ കോളേജ്‌ വനിതാ ഹോസ്റ്റലിൽ വൻ സാമ്പത്തികത്തട്ടിപ്പ്; കോൺഗ്രസ്‌ നേതാവായ സിൻഡിക്കറ്റ് അംഗം
തട്ടിയത്‌ ലക്ഷങ്ങൾ

Payyannur.jpg
വെബ് ഡെസ്ക്

Published on Oct 06, 2026, 01:07 AM | 2 min read

കണ്ണൂർ: പയ്യന്നൂർ കോളേജ്‌ വനിതാ ഹോസ്റ്റലിൽ വിദ്യാർഥികളുടെ ഭക്ഷണത്തിലുൾപ്പെടെ കൃത്രിമം കാണിച്ച്‌ സിൻഡിക്കറ്റ്‌ അംഗവും കോൺഗ്രസ്‌ നേതാവുമായ അധ്യാപിക തട്ടിയത്‌ ലക്ഷങ്ങൾ. കോൺഗ്രസ്‌ അനുകൂല അധ്യാപക സംഘടന കെപിസിടിഎയുടെ മേഖലാ പ്രസിഡന്റും കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് അംഗവുമായ പ്രൊഫ. പി പ്രജിത വാർഡനായ ഹോസ്‌റ്റലിലാണ്‌ വൻ സാന്പത്തികത്തട്ടിപ്പ്‌. സംഭവത്തിൽ മാനേജ്‌മെന്റ്‌ മൂന്നംഗ സമിതിയെ നിയോഗിച്ച്‌ അന്വേഷണം ആരംഭിച്ചു. അതിനിടെ, ഹോസ്‌റ്റൽ വാർഡനെതിരെ നടപടി ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥിനികൾ ഉപരോധസമരം നടത്തി.


പാചകവാതക സിലിണ്ടർ, ചിക്കൻ, വെളിച്ചെണ്ണ, പാചകത്തിനുള്ള അനാദിസാധനങ്ങൾ എന്നിവയടക്കം വാങ്ങിയതിലാണ് വൻ തുകയുടെ തട്ടിപ്പ്‌ നടത്തിയത്‌. സംഭവം പുറത്തറിഞ്ഞതോടെ ഹോസ്‌റ്റൽ മേട്രനെ പുറത്താക്കി പ്രജിതയെ രക്ഷിച്ചെടുക്കാൻ മാനേജ്‌മെന്റിലെ കോൺഗ്രസ്‌ അനുകൂലികളും സംഘടനാനേതൃത്വവും ശ്രമം ആരംഭിച്ചു.

2015ൽ കോളേജിൽ വനിതാ ഹോസ്‌റ്റൽ ആരംഭിച്ചതുമുതൽ മലയാളം അധ്യാപികയായ പ്രജിതയാണ് വാർഡൻ.


ഹോസ്‌റ്റലിൽ കുട്ടികൾക്ക്‌ ആഴ്‌ചയിലൊരു ദിവസമെന്ന രീതിയിൽ ബുധനാഴ്‌ചയാണ്‌ ചിക്കൻ നൽകാറ്‌. ഒന്പതുകിലോഗ്രാം ചിക്കനെന്നാണ്‌ കണക്കിൽ കാണിച്ചത്‌. പരമാവധി ചില്ലറ വിൽപ്പന വില കിലോവിന്‌ 200 രൂപ മാത്രമാണെന്നിരിക്കെ കാണിച്ചത്‌ 300 രൂപയിലേറെ. അഞ്ചാഴ്‌ചയിൽ പരമാവധി 45 കിലോ ചിക്കനാണ്‌ വേണ്ടത്‌. ഇതിന്‌ പരമാവധി വില പതിനായിരത്തിൽതാഴെ രൂപമാത്രമേ വരൂ. എന്നാൽ 45,000 രൂപയാണ്‌ കൈക്കലാക്കിയത്‌. മൂന്ന്‌ ഗ്യാസ്‌ സിലിണ്ടർ മാത്രമാണ്‌ വാങ്ങിയത്‌. വാർഡന്റെ കണക്കിൽ മാസം 12 സിലിണ്ടറാണ്‌ ഉപയോഗിക്കുന്നത്‌. പലവ്യഞ്ജനങ്ങളും വെളിച്ചെണ്ണയും വാങ്ങിയതിനും വൻതുക എഴുതിയെടുത്തു.


വിദ്യാർഥിനികളിൽനിന്ന് ഈടാക്കുന്ന പിഴ രജിസ്‌റ്ററിൽ ചേർക്കാത്തത്, ചില മാസം കൂടുതൽ തുകയീടാക്കിയത് തുടങ്ങി നേരത്തേ പരാതിയുണ്ടായിരുന്നു. എന്നാൽ, ഇന്റേണൽ മാർക്കിന്റെയും മറ്റുംപേരിൽ കുട്ടികളെ ഇവർ ഭീഷണിപ്പെടുത്തി പരാതിയൊതുക്കി. ഭീഷണി ആവർത്തിച്ചതോടെയാണ്‌ രക്ഷിതാക്കളുടെ പിന്തുണയോടെ വിദ്യാർഥിനികൾ എസ്‌എഫ്‌ഐ നേതൃത്വത്തിൽ സമരത്തിനിറങ്ങിയത്‌.


തിങ്കളാഴ്‌ച പകൽ 12ന്‌ ഉപരോധസമരം ആരംഭിച്ചതോടെ പയ്യന്നൂർ പൊലീസും സ്ഥലത്തെത്തി. കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിന്റെ ഇടപെടലിൽ മേട്രനെ ബലിയാടാക്കി പ്രജിതയെ സംരക്ഷിക്കാൻ ശ്രമമുണ്ട്‌. നേരത്തേ, വ്യാജ നിയമനത്തിലൂടെ ശന്പളത്തട്ടിപ്പ്‌ നടത്തിയതിന്‌ സിൻഡിക്കറ്റിലെ കോൺഗ്രസ്‌ നോമിനിയായ ഡോ. എൻ കെ ദീപക്കിനെ തലശേരി വിജിലൻസ്‌ കോടതി ആറുവർഷം തടവിനും 80,000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home