ശമ്പള പരിഷ്കരണവും ആനുകൂല്യങ്ങളും; മുഖ്യമന്ത്രിയുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നത്: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സർവീസ് മേഖലയെയും സംസ്ഥാനത്തെ ജീവനക്കാരുടെ ശമ്പള- ക്ഷാമബത്ത ആനുകൂല്യങ്ങളെയും കുറിച്ച് മുഖ്യമന്ത്രയുടെ വാദം രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതും ചരിത്രപരമായ വസ്തുതകളെ മനപൂർവ്വം വളച്ചൊടിക്കുന്നതുമാണെന്ന് കെ എൻ ബാലഗോപാൽ. മുൻ എൽഡിഎഫ് സർക്കാർ അഞ്ചുവർഷ ശമ്പളപരിഷ്‌കരണ തത്വം അട്ടിമറിച്ചുവെന്നും ശമ്പള- ഡിഎ കുടിശികകളുടെ മുഴുവൻ സാമ്പത്തിക ബാധ്യതകളും പുതിയ ഭരണകൂടത്തിന്റെ മേൽ കെട്ടിവെച്ചുവെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ വാദങ്ങൾ തികച്ചും അടിസ്ഥാനരഹിതവും പൊതുസമൂഹത്തെയും ജീവനക്കാരെയും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.
ഭരണകാലാവധിയുടെ അവസാന നാളുകളിൽ യാതൊരു സാമ്പത്തിക ആസൂത്രണവുമില്ലാതെ വെറുതെ ഉത്തരവുകൾ മാത്രം ഇറക്കിവിടുകയും, അതിന്റെ യഥാർത്ഥ ബാധ്യത പിന്നീട് അധികാരത്തിൽ വരുന്ന സർക്കാരിന്റെ മേൽ ചുമത്തുകയും ചെയ്യുന്നതാണ് യുഡിഎഫിന്റെ സ്ഥിരം നാടകം. എന്നാൽ ഇപ്പോൾ, കേന്ദ്ര സർവീസിലേതുപോലെ ശമ്പളപരിഷ്‌കരണം പത്തുവർഷത്തിലൊരിക്കൽ മതിയെന്ന ധവളപത്ര ശുപാർശകളെ പരസ്യമായി പിന്തുണച്ചും, ശമ്പളപരിഷ്‌കരണം സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്ന് ബജറ്റ് ആമുഖത്തിൽ എഴുതിവെച്ചും അഞ്ചുവർഷ തത്വത്തെ എന്നെന്നേക്കുമായി അട്ടിമറിക്കാൻ കളമൊരുക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്.
ഭരണഘടനാപരമായ ചുമതലയോടെ മുൻ എൽഡിഎഫ് സർക്കാർ തുടക്കമിട്ട ശമ്പളപരിഷ്കരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആർജ്ജവമില്ലാതെ, തങ്ങളുടെ ഭരണപരാജയവും ജീവനക്കാരോടുള്ള വഞ്ചനയും മുൻ സർക്കാരിന്റെ ചുമലിൽ ചാരി രക്ഷപ്പെടാനുള്ള വി ഡി സതീശന്റെയും യുഡിഎഫിന്റെയും ശ്രമങ്ങൾ യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ തകർന്നടിയുക തന്നെ ചെയ്യുമെന്നും കെ എൻ ബാലഗോപാൽ ഫെയസ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
കേരള നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ സർവീസ് മേഖലയെയും സംസ്ഥാനത്തെ ജീവനക്കാരുടെ ശമ്പള- ക്ഷാമബത്ത ആനുകൂല്യങ്ങളെയും മുൻനിർത്തിക്കൊണ്ട് നടത്തിയ വാദമുഖങ്ങൾ തികച്ചും രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതും ചരിത്രപരമായ വസ്തുതകളെ മനപൂർവ്വം വളച്ചൊടിക്കുന്നതുമാണ്. നിലവിലെ സാഹചര്യങ്ങളെയും മുൻ സർക്കാരിന്റെ ഭരണനടപടികളെയും യുക്തിരഹിതമായി വിമർശിക്കുന്ന അദ്ദേഹത്തിന്റെ നിലപാടുകൾക്ക് യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ല.
മുൻ എൽഡിഎഫ് സർക്കാർ അഞ്ചുവർഷ ശമ്പളപരിഷ്‌കരണ തത്വം അട്ടിമറിച്ചുവെന്നും ശമ്പള- ഡിഎ കുടിശ്ശികകളുടെ മുഴുവൻ സാമ്പത്തിക ബാധ്യതകളും പുതിയ ഭരണകൂടത്തിന്റെ മേൽ കെട്ടിവെച്ചുവെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ വാദങ്ങൾ തികച്ചും അടിസ്ഥാനരഹിതവും പൊതുസമൂഹത്തെയും ജീവനക്കാരെയും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. വസ്തുതകൾ പരിശോധിച്ചാൽ മുൻ സർക്കാർ എത്രത്തോളം കാര്യക്ഷമമായാണ് സർവീസ് മേഖലയെ കൈകാര്യം ചെയ്തതെന്ന് വ്യക്തമാകും. കഴിഞ്ഞ ബജറ്റ് സമ്മേളനം പൂർത്തിയായ ഉടൻതന്നെ, 2026 ഫെബ്രുവരി 23ന് 12-ാം ശമ്പളപരിഷ്‌കരണ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിശ്ചയിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന കർശന വ്യവസ്ഥയോടെ എൽഡിഎഫ് സർക്കാർ ഉത്തരവിറക്കിയിരുന്നു. തുടർന്ന് 2026 മാർച്ച് അഞ്ചിന് പുറത്തിറക്കിയ ടേംസ് ഓഫ് റഫറൻസിൽ (Terms of Reference) 01.07.2024 എന്ന പ്രാബല്യതീയതി കൃത്യമായി നിഷ്കർഷിക്കുകയും ചെയ്തു.
കാഷ്വൽ സ്വീപ്പർമാർ മുതൽ മുഴുവൻ ജീവനക്കാരുടെയും സേവന-വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കുന്നതിനുള്ള പരിഗണനാ വിഷയങ്ങൾ ഇതിൽ ഉൾപ്പെടുത്തിയതിലൂടെ പ്രാബല്യതീയതി സർക്കാർ തന്നെ രേഖാമൂലം ഉറപ്പുനൽകുകയായിരുന്നു. ഇന്നത്തെ നിയമസഭയിലെ ചർച്ചയിൽ അഞ്ചു വർഷതത്വം വരുന്ന ശമ്പള പരിഷ്കരണത്തിൽ പാലിക്കപ്പെടുമോയെന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മൗനം പാലിക്കുകയാണൂണ്ടായത്. കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത സാമ്പത്തിക വെല്ലുവിളികൾ നേരിട്ട സർക്കാരായിരുന്നു രണ്ടാം പിണറായി സർക്കാർ. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ബഹുവിധത്തിൽ വരിഞ്ഞു മുറുക്കുകയും കിഫ്ബി, പെൻഷൻ കമ്പനി തുടങ്ങിയവയുടെ വായ്പകൾ മുൻകാല പ്രാബല്യത്തോടെ സംസ്ഥാനത്തിന്റെ കടപരിധിയിൽ നിന്ന് വെട്ടിക്കുറുക്കുകയും ചെയ്തു. അത്തരമൊരു വിഷമകരമായ സാമ്പത്തിക ഘട്ടത്തോട് പോരടിച്ചാണ് ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നൽകാൻ കഴിയുന്ന ഒരു ഘട്ടത്തിലേക്ക് അഞ്ചാം വർഷത്തിന്റെ അവസാന സമയത്ത് നമുക്ക് എത്താൻ കഴിഞ്ഞത്. അതിനു വേണ്ടുന്ന സാമ്പത്തിക പിന്തുണ ഉറപ്പുവരുത്തിയതിനു ശേഷമായിരുന്നു കമീഷൻ രൂപീകരിച്ചതും അവസാന ബജറ്റിലെ കണക്കുകൾ ഉണ്ടാക്കിയതും.
മാർച്ച് 20-ഓടെ കമീഷൻ അംഗങ്ങളുടെ സിറ്റിംഗുകളും ഓഫീസ് പ്രവർത്തനങ്ങളും ആരംഭിക്കുകയും, മാർച്ച് 24-ന് ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും, മെയ് ആദ്യവാരം ജീവനക്കാർക്കായുള്ള ചോദ്യാവലി പുറത്തിറക്കുകയും ചെയ്തു. അഞ്ചുവർഷ തത്വം ഉറപ്പാക്കി എൽഡിഎഫ് സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങിയ ഈ തുടർനടപടികളെയാണ്, അധികാരത്തിൽ വന്ന പുതിയ സർക്കാർ കാലാവധി നീട്ടിനൽകാതെയും കൃത്യമായ തീരുമാനമെടുക്കാതെയും പ്രതിസന്ധിയിലാക്കുന്നത്. അതിനുശേഷം തങ്ങളുടെ വീഴ്ചകൾ മറച്ചുവെക്കാൻ മുൻ സർക്കാരിനുമേൽ പഴിചാരുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.
ശമ്പള പരിഷ്കരണത്തിന്റെ ചെലവുകൾ, ഡിഎ കുടിശ്ശികയുടെ ഭാരം എന്നിവ യാതൊരു മുന്നൊരുക്കവുമില്ലാതെ പുതിയ സർക്കാരിന്റെ ചുമലിൽ വന്നുചേർന്നുവെന്ന വാദവും പച്ചക്കള്ളമാണ്. 12-ാം ശമ്പളപരിഷ്‌കരണവും ഡിഎ കുടിശ്ശികകളും കൃത്യമായി നൽകുന്നതിനായി വ്യക്തമായ സാമ്പത്തിക വകയിരുത്തലുകൾ (Budgetary Provisions) മുൻ ബജറ്റിൽത്തന്നെ എൽഡിഎഫ് സർക്കാർ ഉൾപ്പെടുത്തിയിരുന്നു. 2026-ൽ ഇടതു സർക്കാർ അവതരിപിച്ച ബജറ്റിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കാനും, എട്ടു ഗഡൂവായി നൽകേണ്ട ഡിഎയുടെ ആദ്യ ഗഡുക്കൾ നൽകാനുമായി മുൻ വർഷത്തെ അപേക്ഷിച്ച് 12,000 കോടി രൂപ അധികമായി വകയിരുത്തിയിരുന്നു. സാമ്പത്തിക ബാധ്യത ഉപേക്ഷിച്ചുപോയി എന്ന സതീശന്റെ ആരോപണം ഈ കണക്കുകൾക്ക് മുന്നിൽ തകർന്നടിയുന്നു.
കൂടാതെ, സാമ്പത്തിക പ്രതിസന്ധികളുടെ ഘട്ടത്തിൽ പോലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംരക്ഷിക്കാൻ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ പ്രായോഗികവും ശാസ്ത്രീയവുമായ സമീപനം ലീവ് സറണ്ടർ കാര്യത്തിൽ വളരെ വ്യക്തമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മുൻ യുഡിഎഫ് സർക്കാരുകൾ ചെയ്തതുപോലെ ജീവനക്കാരുടെ ആനുകൂല്യം നിർത്തലാക്കുന്ന സമീപനമല്ല ഇടതുപക്ഷം സ്വീകരിച്ചത്. നിത്യജീവിതച്ചെലവുകൾക്കായി കഷ്ടപ്പെടുന്ന താഴെത്തട്ടിലുള്ള സാധാരണ ജീവനക്കാർക്ക് (Low-paid employees) ലീവ് സറണ്ടർ ആനുകൂല്യം പണമായി (Cash) നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് നൽകാൻ സർക്കാർ മുൻഗണന നൽകി. അതേസമയം, ഉയർന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ (High-paid employees) സറണ്ടർ ആനുകൂല്യങ്ങൾ താൽക്കാലികമായി പ്രൊവിഡന്റ് ഫണ്ടിലേക്ക് (PF) ലയിപ്പിക്കാൻ തീരുമാനിച്ചു. ഇതുവഴി ജീവനക്കാരുടെ സാമ്പത്തികാവകാശം പൂർണ്ണമായി സംരക്ഷിക്കപ്പെടുകയും, സർക്കാരിന്റെ ദൈനംദിന ധനവിനിയോഗത്തെ ബാധിക്കാത്ത വിധം സാമ്പത്തിക സന്തുലിതാവസ്ഥ ഉറപ്പാക്കുകയും ചെയ്തു. ആനുകൂല്യങ്ങൾ കവർന്നെടുക്കാതെ സാധാരണക്കാരെ ചേർത്തുപിടിച്ചുള്ള മികച്ചൊരു ഫിനാൻഷ്യൽ മാനേജ്‌മെന്റായിരുന്നു ഇത്.
വി ഡി സതീശന്റെ ഇപ്പോഴത്തെ വാദങ്ങളെ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോഴാണ് യുഡിഎഫിന്റെ ഇരട്ടത്താപ്പ് കൂടുതൽ വ്യക്തമാകുന്നത്. കേരളത്തിലെ ഭരണ-സർവീസ് ചരിത്രം വസ്തുനിഷ്ഠമായി പരിശോധിക്കുന്ന ഏതൊരാൾക്കും വ്യക്തമാകുന്ന ഒരു പരമാർത്ഥമുണ്ട്; യുഡിഎഫ് ഭരണകാലത്ത് എക്കാലത്തും ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കാനും അഞ്ചുവർഷ തത്വത്തെ അട്ടിമറിക്കാനും ശ്രമിച്ചപ്പോൾ, ജീവനക്കാരുടെ വേതന സുരക്ഷിതത്വം ഉറപ്പാക്കി ബദൽ നയമുയർത്തിയത് ഇടതുപക്ഷ സർക്കാരുകൾ മാത്രമാണ്.
1968-ൽ ഇഎംഎസ് സർക്കാരാണ് കേരളത്തിൽ സമഗ്ര വേതന പരിശോധന നടത്തി അഞ്ചുവർഷ ശമ്പളപരിഷ്‌കരണ തത്വത്തിന് തുടക്കം കുറിച്ചത്. തുടർന്നങ്ങോട്ട് ഈ തത്വത്തെ തൊഴിലാളിവർഗ അവകാശമായി കണ്ടു സംരക്ഷിച്ചത് എൽ.ഡി.എഫ് സർക്കാരുകളാണ്. കോവിഡ് മഹാമാരിയുടെ അതീവ ഗുരുതരമായ സാഹചര്യത്തിൽ രാജ്യമാകെ വേതനം വെട്ടിച്ചുരുക്കിയപ്പോൾ, കേരളത്തിൽ 01.07.2019 പ്രാബല്യത്തിൽ 11-ാം ശമ്പളപരിഷ്‌കരണം മികച്ച രീതിയിൽ നടപ്പാക്കുകയും ഉത്തരവ് തീയതി വരെയുള്ള സാമ്പത്തിക കുടിശ്ശിക പൂർണ്ണമായി ജീവനക്കാർക്ക് കൊടുത്തുതീർക്കുകയും ചെയ്ത സമാനതകളില്ലാത്ത ചരിത്രമാണ് എൽഡിഎഫ് സർക്കാരിനുള്ളത്. കേന്ദ്രം സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതങ്ങൾ തടഞ്ഞുവെച്ച് സാമ്പത്തികമായി ഞെരുക്കിയിട്ടും, ജീവനക്കാരുടെ ആനുകൂല്യങ്ങൾ മുടങ്ങാതിരിക്കാനുള്ള നീക്കിയിരിപ്പുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു.
എന്നാൽ, സർവീസ് മേഖലയിൽ ജീവനക്കാരുടെ അവകാശങ്ങൾക്ക് മേൽ ഏറ്റവും വലിയ കരിനിഴൽ വീണ കാലഘട്ടമായിരുന്നു 2001 മുതൽ 2006 വരെയുള്ള എ കെ ആന്റണി നയിച്ച യുഡിഎഫ് ഭരണകാലം. കേരളത്തിലെ ജീവനക്കാരും അധ്യാപകരും പതിറ്റാണ്ടുകളുടെ ഐതിഹാസിക പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത മുഴുവൻ ക്ഷേമാനുകൂല്യങ്ങളെയും ഒറ്റ ഉത്തരവിലൂടെ കവർന്നെടുക്കുന്ന കിരാതമായ നടപടിയാണ് അന്ന് അരങ്ങേറിയത്. 2002 ജനുവരി 16ന് പുറപ്പെടുവിച്ച കറുത്ത ഉത്തരവിലൂടെ ജീവനക്കാരുടെ ലീവ് സറണ്ടറും ഭവന നിർമ്മാണ വായ്പയും ഉൾപ്പെടെയുള്ള സർവ്വ അവകാശങ്ങളും റദ്ദാക്കപ്പെട്ടു. ഒരു ലക്ഷത്തോളം ജീവനക്കാർ സർവീസിൽ അധികമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് അവരെ കണ്ടെത്താൻ പി&എആർഡി നടപടികൾ ആരംഭിക്കുകയും, 2002 മാർച്ച് 31നു ശേഷം അധിക ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ നിയമനങ്ങൾ പൂർണ്ണമായും മരവിപ്പിച്ചു. പ്രൊട്ടക്റ്റഡ് അധ്യാപകരുടെ വേതനം പകുതിയായി വെട്ടിച്ചുരുക്കാനും ലാഭകരമല്ലാത്ത പൊതുവിദ്യാലയങ്ങൾ ഒന്നടങ്കം അടച്ചുപൂട്ടാനും യുഡിഎഫ് സർക്കാർ അന്ന് തീരുമാനമെടുക്കുകയുണ്ടായി.
ഇതിനുപുറമെ പുതുതായി സർവീസിൽ പ്രവേശിക്കുന്നവർക്ക് ആദ്യത്തെ രണ്ട് വർഷത്തേക്ക് അടിസ്ഥാന ശമ്പളം മാത്രം നൽകാൻ നിശ്ചയിക്കുകയും, 2002 ഏപ്രിൽ 1 മുതൽ പങ്കാളിത്ത പെൻഷൻ പ്രഖ്യാപിക്കുകയും ചെയ്തു. ജീവനക്കാരുടെ പോക്കറ്റിൽ നിന്ന് ഏകദേശം 500 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് അന്ന് സർക്കാർ നിർദ്ദയം പിടിച്ചെടുത്തത്. ഭരണകൂടത്തിന്റെ ഈ പകൽകൊള്ളയ്ക്കെതിരെ ജീവനക്കാർ ഒന്നടങ്കം നടത്തിയ 32 ദിവസത്തെ ഐതിഹാസികമായ പണിമുടക്കിന്റെ കരുത്തിലാണ് കവർന്നെടുത്ത ആനുകൂല്യങ്ങൾ ഓരോന്നായി പുനഃസ്ഥാപിക്കാൻ സർക്കാർ പിന്നീട് നിർബന്ധിതമായത്. അഞ്ചുവർഷ ശമ്പളപരിഷ്‌കരണ തത്വത്തെ തകർക്കാനും യുഡിഎഫ് നിരന്തരം ശ്രമിച്ചിട്ടുണ്ട്. ജീവനക്കാരുടെ വലിയ പ്രക്ഷോഭങ്ങളെ തുടർന്ന് 2005-ൽ യു.ഡി.എഫ് സർക്കാർ ശമ്പള കമീഷനെ നിയോഗിച്ചെങ്കിലും, 01.07.2004 മുതൽ നോഷണലായും 01.04.2005 മുതൽ മാത്രം സാമ്പത്തിക ആനുകൂല്യവും അനുവദിച്ച് ജീവനക്കാരുടെ 37 മാസത്തെ അർഹതപ്പെട്ട കുടിശ്ശിക കവർന്നെടുക്കുകയാണുണ്ടായത്. ഇതോടെ അഞ്ചു വർഷ തത്വം യ്യു ഡി എഫ് സർക്കാർ അട്ടിമറീച്ചു.പത്താം ശമ്പളപരിഷ്‌കരണ വേളയിലും കമ്മീഷൻ ശുപാർശ ചെയ്ത എല്ലാ ശമ്പള സ്കെയിലുകളും വെട്ടിച്ചുരുക്കിയ ജീവനക്കാരെ വഞ്ചിച്ച ചരിത്രമാണ് യുഡിഎഫിനുള്ളത്.
ഭരണകാലാവധിയുടെ അവസാന നാളുകളിൽ യാതൊരു സാമ്പത്തിക ആസൂത്രണവുമില്ലാതെ വെറുതെ ഉത്തരവുകൾ മാത്രം ഇറക്കിവിടുകയും, അതിന്റെ യഥാർത്ഥ ബാധ്യത പിന്നീട് അധികാരത്തിൽ വരുന്ന സർക്കാരിന്റെ മേൽ ചുമത്തുകയും ചെയ്യുന്നതാണ് യുഡിഎഫിന്റെ സ്ഥിരം നാടകം. എന്നാൽ ഇപ്പോൾ, കേന്ദ്ര സർവീസിലേതുപോലെ ശമ്പളപരിഷ്‌കരണം പത്തുവർഷത്തിലൊരിക്കൽ മതിയെന്ന ധവളപത്ര ശുപാർശകളെ പരസ്യമായി പിന്തുണച്ചും, ശമ്പളപരിഷ്‌കരണം സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്ന് ബജറ്റ് ആമുഖത്തിൽ എഴുതിവെച്ചും അഞ്ചുവർഷ തത്വത്തെ എന്നെന്നേക്കുമായി അട്ടിമറിക്കാൻ കളമൊരുക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. ഭരണഘടനാപരമായ ചുമതലയോടെ മുൻ എൽഡിഎഫ് സർക്കാർ തുടക്കമിട്ട ശമ്പളപരിഷ്കരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആർജ്ജവമില്ലാതെ, തങ്ങളുടെ ഭരണപരാജയവും ജീവനക്കാരോടുള്ള വഞ്ചനയും മുൻ സർക്കാരിന്റെ ചുമലിൽ ചാരി രക്ഷപ്പെടാനുള്ള വി ഡി സതീശന്റെയും യുഡിഎഫിന്റെയും ശ്രമങ്ങൾ യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ തകർന്നടിയുക തന്നെ ചെയ്യും.









0 comments