പണം ചോദിച്ച് വാട്സ്ആപ്പ് സന്ദേശം; മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ കളക്ടർ

പ്രചരിക്കുന്ന വാട്സ്ആപ്പ് അക്കൗണ്ട്
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടെ പേരിൽ പണം ചോദിച്ച് വാട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്നുവെന്ന് പത്തനംതിട്ട ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. വ്യാജ അക്കൗണ്ടിൽ നിന്നാണ് സന്ദേശങ്ങൾ അയക്കുന്നതെന്ന് പുതുതായി നിയമിതനായ കളക്ടർ എ നിസാമുദ്ദീൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. ആരും പണം നൽകരുതെന്നും അദേഹം ആവശ്യപ്പെട്ടു.
തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക്/വാട്സാപ്പ് (Facebook/WhatsApp) അക്കൗണ്ട് നിർമിച്ച്, ആളുകളോട് പണം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അക്കൗണ്ടുകൾ വ്യാജമാണെന്നും ഇതുമായി എനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും കളക്ടർ കുറിച്ചു.
എല്ലാവരും ജാഗ്രത പാലിക്കണമെന്നും, ഇങ്ങനെയുള്ള സന്ദേശങ്ങൾക്കോ കോളുകൾക്കോ മറുപടി നൽകുകയോ പണം കൈമാറുകയോ ചെയ്യരുതെന്നും അദേഹം അഭ്യർത്ഥിച്ചു. ഇത്തരം അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട് ചെയ്ത് ബ്ലോക്ക് ചെയ്യണമെന്നും കളക്ടർ ആവശ്യപ്പെട്ടു. വിഷയം സൈബർ പൊലീസിന് കൈമാറിയതായും അദേഹം പറഞ്ഞു.










0 comments