Deshabhimani

പാലക്കാടിന് മരണമണി; റെയിൽവേ ഡിവിഷൻ വിഭജനം ഇന്ന് അര്‍ധരാത്രി മുതൽ പ്രാബല്യത്തിൽ

palakkad railway division
വെബ് ഡെസ്ക്

Published on Sep 30, 2026, 12:34 PM | 2 min read

പാലക്കാട് : ഒരു പ്രതിഷേധവും ഫലം കണ്ടില്ല. കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണനയുടെ അടയാളമായി പാലക്കാട് റെയില്‍വേ ഡിവിഷനിലെ പ്രധാന ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിൽ ലയിക്കും. മംഗളൂരു ഉൾപ്പെടെയുള്ള സ്റ്റേഷനുകളാണ് ഇന്ന് അര്‍ധരാത്രി മുതല്‍ മൈസൂരുവിന്റെ ഭാഗമാകുന്നത്. ഉള്ളാൾ മുതൽ മംഗളൂരു, പനമ്പൂർ ഉൾപ്പടെയുള്ള ഭാഗങ്ങളാണ്‌ മൈസൂരു ഡിവിഷനിൽ ലയിപ്പിക്കുന്നത്. ആ​ഗസ്ത് 21നാണ് കേന്ദ്രം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. പാലക്കാട് ഡിവിഷന്റെ നിലനിൽപ്പ് പൂർണമായി ഇല്ലാതാക്കുന്ന നീക്കത്തിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധമുയർന്നെങ്കിലും തിരക്കിട്ട് നടപടികൾ പൂർത്തിയാക്കുകയായിരുന്നു. മംഗളൂരു മൈസൂരൂ ഡിവിഷനിൽ ലയിക്കുന്നതോടെ പാലക്കാട് ഡിവിഷന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്‌ അടയും. ഡിവിഷന്റെ ചരക്ക്‌ നീക്കത്തിൽ 90ശതമാനവും മംഗളൂരുവിൽനിന്നാണ്‌. 2.75 കോടിയാണ്‌ മംഗളൂരു ഭാഗത്തുനിന്നുള്ള പ്രതിദിന വരുമാനം. ടിക്കറ്റ്‌ വരുമാനത്തിൽ എ വൺ സ്റ്റാറ്റസുള്ള മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്‌ഷൻ എന്നീ സ്‌റ്റേഷനുകളും മൈസൂർ ഡിവിഷന്റെ ഭാഗമാകും.


ന്യൂ മംഗളൂരു പോർട്ട്‌, മംഗളൂരു കെമിക്കൽസ്‌ ആൻഡ്‌ ഫെർട്ടിലൈസേഴ്‌സ്‌, ഉഡുപ്പി റിഫൈനറി തുടങ്ങിയ വൻകിട കമ്പനികളിൽനിന്നുള്ള ചരക്ക്‌ നീക്കം മംഗളൂരു സ്‌റ്റേഷൻവഴിയാണ്‌ നടക്കുക. വൻതോതിൽ അയിരുകൾ, രാസവളങ്ങൾ, മറ്റു രാസവസ്തുക്കൾ തുടങ്ങിയവ കയറ്റിറക്കുകൾ ചെയ്യുന്നത് പനമ്പൂർ ഗുഡ്സ് യാർഡിൽ ആണ്. ചെന്നൈ, തിരുവനന്തപുരം തുടങ്ങിയ ഭാഗങ്ങളിൽനിന്നും എത്തുന്ന വണ്ടികളുടെ പ്രധാന പരിശോധനയും അറ്റകുറ്റപ്പണികളും നടത്തുന്ന മംഗളൂരു കോച്ചിങ് ഡിപ്പോയും മൈസൂർ ഡിവിഷന്റെ ഭാഗമാകും. പാലക്കാട്‌ റെയിൽവേ ഡിവിഷനിൽനിന്ന്‌ കൊങ്കൺ റെയിൽവേ, സ‍ൗത്ത്‌ വെസ്‌റ്റേൺ റെയിൽവേ എന്നിവിടങ്ങളിലേക്കുള്ള വണ്ടികളുടെ കൈമാറ്റ കേന്ദ്രങ്ങളായ തോക്കൂർ, പാഡിൽ എന്നിവ മൈസൂർ ഡിവിഷന്റെ കീഴിൽ ആകുമെന്നും ഉത്തരവിൽ പറയുന്നു. ഉള്ളാൾ ആയിരിക്കും പാലക്കാട്‌ ഡിവിഷൻ മൈസൂർ ഡിവിഷനിലേക്ക് വണ്ടികൾ കൈമാറുന്ന കേന്ദ്രം. കൊങ്കൺ റെയിൽവേയുമായി പാലക്കാട്‌ ഡിവിഷനുള്ള ബന്ധവും ഇതോടെ മുറിയും.


മുമ്പ് പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ചാണ്‌ നേരത്തെ കേന്ദ്രം സേലം ഡിവിഷൻ രൂപീകരിച്ചത്‌. ഈ പ്രഹരത്തിനു പിന്നാലെ കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറിക്ക് അനുമതി നിഷേധിച്ചും കേന്ദ്രം സംസ്ഥാനത്തെ ​ദ്രോഹിച്ചു. ഇതിനുപിന്നാലെയാണ് വീണ്ടും ഡിവിഷനെ വെട്ടിമുറിക്കുന്നത്. മൈസൂരു ഡിവിഷൻ ആസ്ഥാനവും മംഗലാപുരം മേഖലയും തമ്മിലുള്ള അകലം പോലും കണക്കാക്കാതെയാണ് കേന്ദ്ര നീക്കം. പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്നപ്പോൾ മംഗലാപുരം പ്രധാന റെയിൽവേ ലൈൻ എന്ന നിലയിൽ പരിഗണിക്കപ്പെട്ടിരുന്നു. മൈസൂരു ഡിവിഷനിൽ ലയിപ്പിക്കുന്നതോടെ മംഗലാപുരം മേഖലയ്ക്ക് ലഭിക്കുന്ന പ്രാധാന്യം കുറയുമെന്ന ആശങ്കയുമുണ്ട്‌.


യാതൊരു വിധ അടിസ്ഥാനവുമില്ലാതെയാണ് റെയിൽവേ ഡിവിഷൻ വിഭജിച്ചത്‌. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കിയതെന്ന് വ്യക്തം. രാഷ്ട്രീയ താൽപ്പര്യം മാത്രം മുൻനിർത്തിയുള്ള ഈ നടപടി കൊണ്ട്‌ റെയിൽവേയ്‌ക്ക്‌ യാതൊരു നേട്ടവുമില്ല. ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ 115.454 കിലോമീറ്റർ റെയിൽപാതയും നിരവധി പ്രധാന റെയിൽവേ ആസ്തികളും നാളെ മുതൽ മൈസൂരു ഡിവിഷന്റെ പരിധിയിലാകും. കൈമാറ്റ പട്ടികയിൽ 17 വലിയ പാലങ്ങൾ, 137 ചെറിയ പാലങ്ങൾ, രണ്ട് പ്രധാനപ്പെട്ട പാലങ്ങൾ, 12 കാൽനട-റോഡ് മേൽപ്പാലങ്ങൾ ഉൾപ്പെടെ 168 പാലങ്ങളുണ്ട്. ഇതിന് പുറമെ 50 സ്വിച്ച് എക്സ്പാൻഷൻ ജോയിൻറ് വിഭാഗങ്ങൾ, 26 നീണ്ട തുടർച്ചയായ പാതകൾ, 161 പാതമാറ്റ സംവിധാനങ്ങളും ക്രോസിങ്ങുകളും, 92 വളവുകൾ, അഞ്ച് ലെവൽ ക്രോസിങ്ങുകൾ, രണ്ട് തുരങ്കങ്ങൾ എന്നിവയും മൈസൂരു ഡിവിഷന്റെ പരിധിയിലാകും. നിലവിൽ പാലക്കാട് ഡിവിഷന്റെ കീഴിൽ നടന്നു വരുന്ന നിർമാണ പദ്ധതികളിൽ 28.5 കോടി രൂപയുടെ പ്രവൃത്തികളും, മറ്റ് നിലവിലുള്ള കരാറുകൾ ഉൾപ്പെടെ 50 കോടിയിലധികം രൂപയുടെ പ്രവൃത്തികളും കൈമാറ്റ പരിധിയിൽ വരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home